ബെംഗളൂരുവിലെ ഒരു സാധാരണ ഫ്‌ളാറ്റിന് 80000 രൂപ വാടക; ഉടമ പറഞ്ഞത് വിചിത്രമായ കാരണം: വിമര്‍ശനം
ബെംഗളൂരുവിലെ ഉയര്‍ന്ന വാടകയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഐടി ഹബ്ബായതിനാല്‍ 2 ബിഎച്ച്‌കെ ഫ്‌ളാറ്റിനു പോലും 50000 രൂപയ്ക്കു മുകളിലാണ് വാടക. ഇതിനു പുറമേ വലിയൊരു തുക സെക്യൂരിറ്റി ഡെപ്പോസിറ്റായും നല്‍കണം. സാധാരണക്കാര്‍ പോയിട്ട് ഉയര്‍ന്ന ശമ്പളമുള്ള ഐടി ജീവനക്കാര്‍ക്കു പോലും ഈ വാടക താങ്ങാന്‍ കഴിയുന്നില്ല. പലപ്പോഴും അനുഭവസ്ഥര്‍ പങ്കുവയ്ക്കുന്ന വാടകക്കഥകള്‍ കേട്ട് പലരും മൂക്കത്ത് വിരല്‍ വെക്കാറുണ്ട്.
എന്നാല്‍ ഇതിനെയെല്ലാം കവച്ചുവയ്ക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു അനുഭവം. എച്ച്എസ്ആര്‍ ലേഔട്ടില്‍ ഫ്‌ളാറ്റ് തേടിയിറങ്ങിയ യുവതിക്കാണ് വിചിത്രമായ അനുഭവം ഉണ്ടായത്. നഗരത്തിലെ ഒരു ഫ്‌ളാറ്റിന് മാസം 80,000 രൂപയാണ് വീട്ടുടമസ്ഥന്‍ വാടകയായി ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക ചോദിക്കാനുള്ള കാരണം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് യുവതിയെ അമ്പരിപ്പിച്ചത്. മുറിയില്‍ നന്നായി വെളിച്ചവും സൂര്യപ്രകാശവും ലഭിക്കുമെന്ന കാരണത്താലാണ് ഇത്രയും വലിയ തുക വാടകയായി ചോദിക്കുന്നത്.

'ഈ മുറിയില്‍ നന്നായി സൂര്യപ്രകാശം ലഭിക്കും, അതുകൊണ്ട് വാടക 80,000 രൂപയാകും' എന്ന് ഉടമ പറഞ്ഞപ്പോള്‍ താന്‍ ശരിക്കും ഞെട്ടിപ്പോയെന്ന് യുവതി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഈ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു. 'സൂര്യപ്രകാശം സൗജന്യമാണെന്ന് നിങ്ങള്‍ കരുതിയോ?' എന്നാണ് ഒരാള്‍ പരിഹാസത്തോടെ ചോദിക്കുന്നത്. 'ബാല്‍ക്കണി ഉണ്ടെങ്കില്‍ വാടക ഒരു ലക്ഷം കടക്കുമല്ലോ' എന്ന് നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളെ പ്രീമിയം ആനുകൂല്യങ്ങളാക്കി വിവരിച്ച് വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന ഉടമകളുടെ പുതിയ തന്ത്രമാണിതെന്ന് പലരും കുറ്റപ്പെടുത്തി.
80,000 രൂപ വാടക നല്‍കുന്നതിലും നല്ലത് ഒരു വീട് സ്വന്തമായി വാങ്ങി അതിന്റെ പലിശ ബാങ്കില്‍ അടയ്ക്കുന്നതാണെന്ന് ചിലര്‍ ഉപദേശിക്കുന്നു. എച്ച്എസ്ആര്‍ ലേഔട്ട് പോലുള്ള തിരക്കേറിയ ഐടി മേഖലകളില്‍ ജോലി സ്ഥലത്തിന് അടുത്തു തന്നെ വീട് വേണമെന്ന വാടകക്കാരുടെ നിര്‍ബന്ധം മുതലെടുത്ത് ഉടമകള്‍ കൊള്ളവാടക ഈടാക്കുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്.
ഇത്തരം അന്യായമായ വാടക നല്‍കാന്‍ ചിലര്‍ തയ്യാറാകുന്നത് കൊണ്ടാണ് ഉടമകള്‍ ഈ കൊള്ള തുടരുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. തന്റെ ജോലി സ്ഥലത്തിന് അടുത്തായതു കൊണ്ടാണ് ഈ പ്രദേശം തന്നെ തിരഞ്ഞെടുക്കേണ്ടി വന്നതെന്നാണ് യുവതി പറയുന്നത്. എന്തായാലും ബെംഗളൂരുവിലെ ഈ ഉയര്‍ന്ന വാടക ഇപ്പോള്‍ ഇന്റര്‍നെറ്റിലെ വലിയൊരു ചര്‍ച്ചയും ഒപ്പം വാടകക്കാരുടെ ആശങ്കയുമായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications