ബെംഗളൂരു നിവാസികൾക്ക് ഈ മെട്രോ ലൈൻ വേണ്ട; ഏറ്റവും പുതിയ പഠനം പറയുന്നത് ഇങ്ങനെ
ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ട്രാഫിക് കുരുക്കിൽ നിന്ന് രക്ഷനേടാൻ കൂടുതൽ പേർ മെട്രോയുടെ യെല്ലോ ലൈൻ തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം യാത്രക്കാർ ഇപ്പോഴും മെട്രോയിലേക്ക് മാറാൻ തയ്യാറാകുന്നില്ലെന്ന് പഠനം. ഉയർന്ന ടിക്കറ്റ് നിരക്ക്, സ്റ്റേഷനുകളിലേക്കുള്ള മോശം പ്രവേശന സൗകര്യങ്ങൾ, അവസാന മൈൽ കണക്റ്റിവിറ്റിയുടെ അഭാവം എന്നിവയാണ് യാത്രക്കാരെ പിന്നോട്ടടിക്കുന്ന പ്രധാന കാരണങ്ങളെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) നടത്തിയ പഠനത്തിൽ പറയുന്നു.
2025 ജൂലൈ മുതൽ 2026 ഫെബ്രുവരി വരെ 600 പേരിൽ സർവ്വേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 102 പേർ ( അതായത് 17 ശതമാനം പേർ) മെട്രോയിലേക്ക് മാറാൻ ഇപ്പോഴും താത്പര്യപ്പെടുന്നില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.

മെട്രോയിലേക്ക് മാറാൻ മടിക്കുന്നവരിൽ പലരും ചൂണ്ടിക്കാട്ടുന്നത് ഉയർന്ന യാത്രാ നിരക്കാണ്. 10 മുതൽ 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് നിലവിൽ 60 മുതൽ 70 രൂപ വരെയാണ് മെട്രോ നിരക്ക്. കൊൽക്കത്ത മെട്രോയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അഞ്ചു മടങ്ങ് വരെ കൂടുതലാണെന്നാണ് ആളുകൾ പരാതിപ്പെടുന്നത്.
കിലോമീറ്ററിന് ഈടാക്കുന്ന നിരക്കിന്റെ അടിസ്ഥാനത്തിൽ ഡൽഹി, മുംബൈ, ചെന്നൈ മെട്രോകളെക്കാൾ ചെലവേറിയതാണ് ബെംഗളൂരു മെട്രോയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിമാസം 30,000 രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 27 ശതമാനം പേരും ഈ വിഭാഗത്തിൽപ്പെട്ടവരാണ്.
മെട്രോ യാത്രയ്ക്ക് വരുന്ന ചെലവ് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനേക്കാൾ കൂടുതലാണെന്നാണ് ചിലരുടെ അഭിപ്രായം. ചില സാഹചര്യങ്ങളിൽ കാർ ഉപയോഗിക്കുന്നതുമായി താരതമ്യം ചെയ്യാവുന്ന ചെലവാണ് മെട്രോ യാത്രയ്ക്കുള്ളതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശന സൗകര്യങ്ങളുടെ അഭാവവും യാത്രക്കാരെ പിന്നോട്ടടിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. മെട്രോയിലേക്ക് മാറാൻ താത്പര്യമില്ലാത്തവരിൽ 17.6 ശതമാനം സ്റ്റേഷനിലെ പാർക്കിംഗ് സൌകര്യങ്ങളിലെ അഭാവമാണ് ചൂണ്ടിക്കാട്ടിയത്.
മോശം നടപ്പാതകൾ, വെള്ളക്കെട്ട്, സുരക്ഷാ പ്രശ്നങ്ങൾ, മഴയിലും വെയിലിലും മതിയായ സംരക്ഷണം ലഭിക്കാത്ത സാഹചര്യം എന്നിവയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സർവേയിൽ പങ്കെടുത്ത 4.4 ശതമാനം പേർ ഇത്തരം പ്രശ്നങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബൊമ്മനഹള്ളി, ഹോസ റോഡ്, സിംഗസാന്ദ്ര, ഹുസ്‌കൂർ റോഡ്, ബൊമ്മസാന്ദ്ര തുടങ്ങിയ സ്റ്റേഷനുകളിൽ ആവശ്യമായ പ്രവേശന സൗകര്യങ്ങൾ ഇല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ചില സ്ഥലങ്ങളിലെ ഫുട് ഓവർ ബ്രിഡ്ജുകൾ ഉപയോഗിക്കാൻ പ്രയാസമാണെന്നും ഭിന്നശേഷിക്കാർക്കായി ആവശ്യമായ വീൽചെയർ റാംപുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ സൗകര്യക്കുറവുകൾ വെറും അസൗകര്യങ്ങൾ മാത്രമല്ലെന്നും യാത്രക്കാരുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണെന്നും പഠനം വിലയിരുത്തുന്നു. സുരക്ഷിതമായ റോഡ് മുറിച്ചുകടക്കൽ സംവിധാനങ്ങളുടെ അഭാവം കാരണം പലർക്കും തിരക്കേറിയ റോഡുകളിലൂടെ നേരിട്ട് കടക്കേണ്ട സാഹചര്യമാണുള്ളത് ഇത് അപകട സാധ്യത വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ ഉണ്ട്.
രാത്രികാലത്ത് വനിതാ യാത്രക്കാരെ സംബന്ധിച്ച് സുരക്ഷാ ആശങ്കകളും ഉയർത്തുന്നുണ്ട്. രാത്രി 9 മണിക്കുശേഷം ഫുട് ഓവർ ബ്രിഡ്ജുകൾ അവസാനിക്കുന്ന ഭാഗങ്ങളിലും സർവീസ് റോഡുകളിലും മതിയായ വെളിച്ചമില്ലാത്തത് സുരക്ഷാ വെല്ലുവിളിയാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
അപര്യാപ്തമായ ലൈറ്റിങ് കാരണം സ്ത്രീകൾക്ക് രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാകുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മെട്രോ ഉപയോഗം വർധിപ്പിക്കാൻ നിരവധി നിർദേശങ്ങളും പഠനം മുന്നോട്ടുവെച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഏകീകൃത ബിഎംടിസി ഫീഡർ ബസ് ശൃംഖല രൂപീകരിക്കണമെന്നാണ് പ്രധാന ശുപാർശ. ബസ് സമയക്രമ വിവരങ്ങൾ കന്നഡയിലും ഇംഗ്ലീഷിലും ഓൺലൈനായും ഓഫ്‌ലൈനായും ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സബ്‌സിഡിയോടെയുള്ള ഇ-റിക്ഷാ സേവനങ്ങളും ഓരോ മെട്രോ സ്റ്റേഷനുമുന്നിലും പ്രത്യേക ഓട്ടോറിക്ഷ സോണുകളും ഒരുക്കുന്നത് കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.
തുടർച്ചയായ നടപ്പാതകൾ, ഗാർഡ് റെയിലുകൾ, മെച്ചപ്പെട്ട റോഡ് മുറിച്ചുകടക്കൽ സൗകര്യങ്ങൾ, ഫുട് ഓവർ ബ്രിഡ്ജുകളിൽ എസ്കലേറ്ററുകളും ലിഫ്റ്റുകളും, ഉയർന്ന നിലവാരത്തിലുള്ള എൽഇഡി ലൈറ്റിങ് സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ടെന്നും പഠനം നിർദേശിക്കുന്നു.
അതേസമയം, ഉയർന്ന യാത്രാച്ചെലവ് കുറയ്ക്കാൻ വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും ഇളവുള്ള പാസുകൾ അവതരിപ്പിക്കണമെന്നും ഐടി, ഐടിഇഎസ് കമ്പനികളിലെ ജീവനക്കാർക്കായി തൊഴിലുടമകൾ സബ്‌സിഡി നൽകുന്ന പ്രത്യേക യാത്രാ പാസുകൾ നടപ്പാക്കണമെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു. ഇതിലൂടെ കൂടുതൽ ആളുകളെ സ്വകാര്യ വാഹനങ്ങളിൽ നിന്ന് മെട്രോയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications