ബെംഗളുരുകാർക്ക് അടുത്ത പണി; ഹോട്ടലുകൾ ബില്ലിനൊപ്പം 'ഗ്യാസ് ക്രൈസിസ് ചാർജും' നൽകണം
എൽപിജി വിതരണത്തിലെ പ്രതിസന്ധി കാരണം നിരവധി ഹോട്ടലുകൾ അടച്ചിരിക്കുകയാണ്. തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകളാകട്ടെ ഭക്ഷണത്തിന് ഉയർന്ന വിലയാണ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഒരേ കഫേയിൽ നിന്നും ഭക്ഷണം കഴിച്ച ഉപഭോക്താവിൽ നിന്ന് കഫേ അധികൃതർ ഗ്യാസ് ചാർജും ഊടാക്കിയത്രേ. ഇതിൻ്റെ ബിൽ അദ്ദേഹം എക്സിൽ പങ്കുവെച്ചതോടെ വലിയ ചർച്ചയ്ക്കാണ് ഇത് വഴിവെച്ചത്.
ബെംഗളൂരുവിലെ തിയോ കഫേയിൽ (Theo Cafe) നിന്ന് വാങ്ങിയ രണ്ട് മിന്റ് ലെമണേഡിന് (ഒന്നിന് 179 രൂപ) 'ഗ്യാസ് ക്രൈസിസ് ചാർജ്ജ്' ഈടാക്കിയ ബില്ലിന്റെ ചിത്രമാണ് ഉപഭോക്താവ് പങ്കുവെച്ചത്. സിജിഎസ്ടി, എസ്ജിഎസ്ടി എന്നിവയ്ക്ക് പുറമെ, 5% 'ഗ്യാസ് ക്രൈസിസ് ചാർജ്ജ്' ആയി 17 രൂപയാണ് ബില്ലിൽ രേഖപ്പെടുത്തിയത്. അതേസമയം പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് പരിഹാസവും വിമർശനവുമായൊക്കെ എത്തിയത്.

"അടുത്തതായി എന്ത്? കാലാവസ്ഥാ മാറ്റത്തിന് ബെംഗളൂരു പണം ഈടാക്കുമോ?" എന്നാണ് ഒരാൾ ചോദിച്ചത്. "ഗ്യാസിൽ ചൂടാക്കുകയാണോ നാരങ്ങ? എന്ന് മറ്റൊരാൾ പരിഹസിച്ചു. "ലെമണേഡ് ഗ്യാസിലാണോ ഉണ്ടാക്കുന്നത്??? ഇന്ത്യ തട്ടിപ്പിന്റെ മറ്റൊരു തലത്തിലാണ്, എന്ന് മൂന്നാമതൊരാൾ അഭിപ്രായപ്പെട്ടു. "എന്തിനാ ലെമണേഡ് വാങ്ങുന്നത്! വീട്ടിൽ ഉണ്ടാക്കിക്കൂടേ," എന്ന് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തു.
പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ, ബെംഗളൂരുവിലെ ഹോട്ടലുടമകളും തെരുവ് കച്ചവടക്കാരും ബദൽ മാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതരായിക്കുകയാണ്. കരിഞ്ചന്തയിൽ ഒരു വാണിജ്യ എൽപിജി സിലിണ്ടറിന് 3,000 രൂപ മുതൽ 5,000 രൂപ വരെ വിലയായതിനാൽ, ഭക്ഷണവില 5 രൂപ മുതൽ 20 രൂപ വരെ കൂട്ടാൻ ഹോട്ടലുകൾ തീരുമാനമെടുത്തിട്ടുണ്ട്.
എൽ.പി.ജി. ഉപഭോക്താക്കൾക്ക് ഇനിമുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് ഇ-കെ.വൈ.സി. നിർബന്ധമാക്കി. സിലിണ്ടറുകൾ ലഭിക്കുന്നതിനും സബ്സിഡി ആനുകൂല്യങ്ങൾ തുടരുന്നതിനും ഇത് പൂർത്തിയാക്കണം. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന എല്ലാ ഗാർഹിക എൽ.പി.ജി. കണക്ഷനുകൾക്കും ഈ നിയമം ബാധകമാണ്. ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് എൽ.പി.ജി. സിലിണ്ടർ വിതരണം തടസ്സപ്പെടാനും ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന സബ്‌സിഡി നഷ്ടപ്പെടാനും സാധ്യതയുണ്ട്.
മന്ത്രാലയം 2024 മാർച്ച് 15-നാണ് ഈ പുതിയ നിബന്ധന പ്രഖ്യാപിച്ചത്. എല്ലാ ഗാർഹിക എൽ.പി.ജി. ഉപഭോക്താക്കളും ബയോമെട്രിക് ആധാർ ഇ-കെ.വൈ.സി. പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 'എല്ലാ ഗാർഹിക എൽ.പി.ജി. ഉപഭോക്താക്കളും ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ (ഇ-കെ.വൈ.സി.) പൂർത്തിയാക്കണം. നിങ്ങളുടെ സ്വന്തം എണ്ണക്കമ്പനിയുടെ മൊബൈൽ ആപ്പും ആധാർ ഫേസ്ആർ.ഡി. ആപ്പും ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ഇപ്പോൾ പരിശോധിക്കാം.",മന്ത്രാലയം എക്സിൽ പങ്കുവെച്ചു. മൂന്ന് എണ്ണക്കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകളും ആധാർ ഫേസ്ആർ.ഡി. ആപ്പും ഉപയോഗിച്ച് ഈ വെരിഫിക്കേഷൻ പൂർത്തിയാക്കാനാകും.












Click it and Unblock the Notifications