ബെംഗളൂരുകാർക്ക് കൂടുതൽ ആശ്വാസം; ബ്ലൂൈലൈൻ മെട്രോയും വൈകാതെ തുറക്കും..കുരുക്ക് അഴിയും
ബെംഗളൂരുകാർക്ക് ആശ്വസിക്കാം. അടുത്ത വർഷം പകുതിയോടെ തന്നെ നമ്മ മെട്രോയുടെ ബ്ലൂലൈൻ 19 കിലോ മീറ്റർ പാത പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് മന്ത്രി കൃഷ്ണ ഭൈര ഗൌഡ അറിയിച്ചു. കെആർ പുരം മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള ഭാഗത്ത് നടക്കുന്ന പരീക്ഷണ ഓട്ട നടപടികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
19 കിമി പരിധിയിൽ 13 സ്റ്റേഷനുകളാണ് ഉണ്ടാകുക. ബെംഗളൂരിലെ തന്നെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ ഔട്ടർ റിംഗ് റോഡിലെ തിരക്കിന് ഇതോടെ ആശ്വാസമാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. പ്രധാനപ്പെട്ട ഐടി സ്ഥാപനങ്ങളൊക്കെ സ്ഥിതി ചെയ്യുന്ന ഭാഗമാണ് ഇത്. കുറഞ്ഞത് 12 ലക്ഷം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

കെ ആർ പുരത്ത് നിന്നും മഹാദേപുര വരെയുള്ള ഭാഗത്താണ് നിലവിൽ പരീക്ഷണ ഓട്ടം നടത്തുന്നത്. നാല് സ്റ്റേഷനുകളാണ് ഇവിടെ ഉൾപ്പെടന്നത്. കൂടുതൽ സ്റ്റേഷനുകളിലേക്ക് വരും ദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഈ മാസം മുഴുവൻ പരീക്ഷണ ഓട്ടം നടക്കും. അടുത്ത മാസം നാല് സ്റ്റേഷനുകളെ കൂടി പരീക്ഷണ ഓട്ടത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തും. ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനങ്ങളുടെ പരിശോധന ജനുവരിയോട് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയോടെ സുരക്ഷ പരിശോധനകളിലേക്ക് കടക്കാൻ സാധിച്ചേക്കും. അടുത്ത എട്ട് മാസത്തിനുള്ളിൽ മുഴുവൻ പരീക്ഷണങ്ങളും പരിശോധന നടപടികളും പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി പ്രതീക്ഷ പങ്കുവെച്ചു.
അതുമാത്രമല്ല ബ്ലൂ ലൈൻ പാത മുഴുൻ അടുത്ത 18 മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നാണ് സർക്കാരിൻ്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. 58.2 കിമി നീളുന്നതാണ് ബ്ലൂ ലൈൻ പാത. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെആർ പുരവും ഹെബ്ബാളും വഴി കെപഗൌഡ അന്താരാഷ്ട്ര എയർപോർട്ടിനെ ബന്ധിപ്പിക്കുന്നതാണ് ഈ മെട്രോ പാത. 20,000 കോടി രൂപയിലാണ് പദ്ധതിയൊരുങ്ങുന്നത്. കെആർ പുരം-ഹെബ്ബാൾ ഭാഗത്തെ പ്രവൃത്തികൾക്ക് വേഗം നൽകാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. പദ്ധതിക്ക് യാതൊരു സാമ്പത്തിക പ്രതിസന്ധികളും ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബിഎംആർസിഎല്ലിൻ്റെ വായ്പ ബാധ്യത സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. പ്രവർത്തന നഷ്ടം നികത്താനുള്ള സാമ്പത്തിക സഹായവും സർക്കാർ നൽകി വരുന്നുണ്ട്. വിദേശനാണ്യ എക്സ്ചേഞ്ചിൽ വന്ന മാറ്റങ്ങൾ തിരിച്ചടവ് ബാധ്യത വർധിപ്പിച്ചു. കടം വാങ്ങുന്ന സമയം ഡോളർ മൂല്യം 70-80 ഡോളറിലായിരുന്നു. എന്നാൽ നിലവിൽ ത് 100 ഡോളറാമ്. അതായത് 30 ശതമാനമാണ് ബാധ്യത ഉയർന്നത്. എന്നിരുന്നാലും ആവശ്യമായ സമയത്ത് കൃത്യമായ ഫണ്ട് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്.
അതേസമയം റെഡ് ലൈൻ പാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി മികച്ച രീതിയിലാണ് ചർച്ചകൾ മുന്നോട്ട് പോകുന്നതെന്നും മന്ത്രി അറിയിച്ചു. ഒരു ഡബിൾ ഡെക്കർ റോഡ്, ഇബ്ലൂർ ജങ്ഷൻ വഴി സർജാപൂരിൽ നിന്നും സെൻ്റ് ജോണ്‍സിലേക്ക് മെട്രോ സൌകര്യങ്ങൾ എന്നിവയാണ് നിർദേശിച്ചിട്ടുള്ളതെന്നും ഇത് തിരക്കിന് ഒരുപരിധി വരെ ആശ്വാസം കാണാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications
