ബെംഗളൂരു നിവാസികൾക്ക് ആശ്വാസം; പുതിയ മെട്രോ ലൈനുകൾ കൂടി വരുന്നു..സ്റ്റേഷനുകൾ, റൂട്ട് അറിയാം
ബെംഗളൂരുവിലെ നമ്മ മെട്രോ ശൃംഖല വിപുലീകരിക്കുന്നു. മെട്രോ വയഡക്റ്റുകൾ, റെയിൽ-കം-റോഡ് ഫ്ലൈഓവറുകൾ, സ്റ്റേഷനുകൾ എന്നിവയുടെ നിർമ്മാണമാണം ഉൾക്കൊള്ളുന്ന മെട്രോ മൂന്നാം ഘട്ടത്തിനായുള്ള ആദ്യ ടെൻഡറുകൾ ക്ഷണിച്ചു. 4,187.41 കോടി രൂപ ചെലവിൽ 18.581 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പാക്കേജുകൾക്കാണ് ടെൻഡർ ക്ഷണിച്ചത്.
ബിഡുകൾ പരിശോധിച്ച് അന്തിമമാക്കിക്കഴിഞ്ഞാൽ, ഈ ജൂണിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സാധ്യത. 2031 മെയ് മാസത്തോടെ മൂന്നാം ഘട്ടത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കും.
പ്രധാനമായും രണ്ട് ഇടനാളികളാണ് ഉണ്ടാകുക.ജെ പി നഗർ നാലാം ഘട്ടം മുതൽ കെമ്പാപുര വരെയുള്ള ഔട്ടർ റിംഗ് റോഡ് (ഒആർആർ) പാതയാണ് ഒന്നാം ഘട്ടത്തിൽ നടപ്പാകുക. 32.3 കിമിയായിരിക്കും ഇതിൻ്റെ ദൈർഘ്യം. 12.15 കിലോമീറ്റർ ദൈർഘ്യമുള്ള ഹോസഹള്ളി മുതൽ കടബഗരെ വരെയുള്ള മഗാദി റോഡ് പാതയാണ് രണ്ടാം ഇടനാഴിയിൽ ഉൾപ്പെടുന്നത്. പദ്ധതിയ യാഥാർത്ഥ്യമാകുന്നതോടെ ഏഴ് ഇന്റർചേഞ്ച് സ്റ്റേഷനുകളോടുകൂടി നഗരത്തിലെ മെട്രോ ശൃംഖല 222 കിലോമീറ്ററായി വർദ്ധിക്കും.

ഒന്നാം ഇടനാഴിയിലെ ഡെൽമിയ സർക്കിൾ മുതൽ ഹെബ്ബാൾ വരെ 28.486 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടനില ഫ്ലൈഓവർ ബെംഗളൂരുവിലെ ഏറ്റവും നീളമേറിയ ഫ്ലൈഓവറാകും. രണ്ടാം ഇടനാഴിയിൽ കെഎച്ച്ബി കോളനി മുതൽ കടബഗരെ വരെ 8.635 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടനില ഫ്ലൈഓവറും ഉൾപ്പെടും.
മൂന്നാം ഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ബിഎംആർസിഎൽ എട്ട് പാക്കേജുകളിലായി ടെൻഡറുകൾ പുറത്തിറക്കും. ഇതിൽ ആറെണ്ണം ഒആർആർ വിഭാഗത്തിനും രണ്ടെണ്ണം മഗാദി റോഡ് പാതയ്ക്കുമാണ്. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജൈക്ക) യുമായി വായ്പാ ഉടമ്പടി ഒപ്പിട്ട് കഴിഞ്ഞാൽ മാർച്ചിലോ ഏപ്രിലിലോ ശേഷിക്കുന്ന അഞ്ച് പാക്കേജുകൾക്കുള്ള ടെൻഡറുകൾ ക്ഷണിക്കുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
മൂന്നാം ഘട്ടത്തിനായി ജൈക്ക 6,775 കോടി രൂപയുടെ ധനസഹായം നൽകും. മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15,611 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇരട്ടനില ഫ്ലൈഓവറിന് 9,692.33 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. ഈ തുക പൂർണ്ണമായും സംസ്ഥാന സർക്കാർ വഹിക്കും.
ജെ പി നഗർ നാലാം ഘട്ടം (പിങ്ക് ലൈൻ), ജെ പി നഗർ (ഗ്രീൻ ലൈൻ), മൈസൂരു റോഡ് (പർപ്പിൾ ലൈൻ), സുമനഹള്ളി ക്രോസ് (സി1, സി2), ഗോരഗുണ്ടെപാളയ (ഗ്രീൻ ലൈൻ), കെമ്പാപുര (ബ്ലൂ ലൈൻ), ഹോസഹള്ളി (പർപ്പിൾ ലൈൻ) എന്നിവയാണ് മൂന്നാം ഘട്ടത്തിലെ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകൾ.
മൂന്നാം ഘട്ടത്തിലെ ഉൾപ്പെടുന്ന പാക്കേജുകളുടെ വിവരങ്ങൾ ഇതാ
ജെ പി നഗർ നാലാം ഘട്ടം മുതൽ കമാഖ്യ ജംഗ്ഷൻ വരെ 5.695 കി.മീ ഇരട്ടനില ഫ്ലൈഓവറും 826 മീറ്റർ സാധാരണ വയഡക്റ്റും ഉൾപ്പെടുന്നതാണ് ഇത്. 1,375.66 കോടി രൂപയാണ് ഏകദേശ ചിലവ് പ്രതീക്ഷിക്കുന്നത്. ഡോളേഴ്സ് കോളനി (ഡെൽമിയ ജംഗ്ഷൻ) ഫ്ലൈഓവർ പൊളിച്ചുനീക്കുന്ന പ്രവൃത്തിയും ഇതിൽപ്പെടും.
ഹോസക്കരെഹള്ളി മുതൽ നാഗരഭാവി സർക്കിൾ വരെയാണ് രണ്ടാമത്തെ പാക്കേജ്. ഹോസക്കരെഹള്ളി, ദ്വാരക നഗർ, മൈസൂരു റോഡ്, നാഗരഭാവി എന്നിവയാണ് ഈ പാക്കേജിലെ സ്റ്റേഷനുകൾ.
പാക്കേജ് 3 (6.652 കി.മീ): വിനായക ലേഔട്ട് മുതൽ നാഗരഭാവി ബിഡിഎ കോംപ്ലക്സ് വരെ (5.012 കി.മീ), സങ്കടകട്ടെ സ്റ്റേഷൻ മുതൽ സങ്കടകട്ടെ ഡിപ്പോ വരെ (1.64 കി.മീ) എന്നിങ്ങനെയാണ് ഈ പാക്കേജ്. വിനായക ലേഔട്ട്, പാപ്പറഡി പാളയ, നാഗരഭാവി ബിഡിഎ കോംപ്ലക്സ്, സങ്കടകട്ടെ എന്നിവയാണ് സ്റ്റേഷനുകൾ. ഏകദേശം 1,415.65 കോടി രൂപയാണ് ഇതിൻ്റെ ചിലവ്.












Click it and Unblock the Notifications