നിര്‍മ്മാണച്ചെലവ് 500 കോടി രൂപ! ഉദ്ഘാടനത്തിന് 3 ദിവസം മുന്‍പ് ബെംഗളൂരു റോഡ് തകര്‍ന്നു
ബെംഗളൂരു വികസന അതോറിറ്റി 500 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ റോഡ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകര്‍ന്നു. മഗാഡി റോഡിലെ കടബഗേര ക്രോസിനെ മൈസൂരു റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിലാണ് വലിയ തോതില്‍ വിള്ളലുകളും ഇടിവുകളും ദൃശ്യമായിരിക്കുന്നത്. ഇത് നഗരത്തിലെ റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേടുകളിലേക്ക് വീണ്ടും വിരല്‍ ചൂണ്ടുന്നു.
ജൂണ്‍ 27-ന് ഔദ്യോഗികമായി തുറന്നുകൊടുക്കാന്‍ നിശ്ചയിച്ചിരുന്ന റോഡാണ് വാഹനങ്ങള്‍ കയറും മുന്‍പ് തകര്‍ന്നുപോയത്. കടബഗേരയ്ക്ക് സമീപമുള്ള ഏകദേശം 20 മീറ്ററോളം നീളമുള്ള റോഡ് പ്രതലമാണ് പൂര്‍ണമായും താഴ്ന്നുപോയത്. ഏകദേശം 500 കോടി രൂപ ചെലവിട്ടാണ് 10.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ വലിയ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വാഹന ഗഗതാഗതം ആരംഭിക്കുന്നതിന് മുന്‍പെയാണ് റോഡ് പൊളിഞ്ഞിരിക്കുന്നത് എന്ന് നിര്‍മ്മാണത്തിലെ അഴിമതിയും അനാസ്ഥയും വെളിവാക്കുന്നതാണ്.

ബെംഗളൂരു വികസന അതോറിറ്റിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ റോഡ് നിര്‍മ്മിച്ചത്. റോഡിന്റെ പ്രതലം താഴ്ന്നുപോവുകയും കല്ലും ടാറും ഇളകി മാറുകയും ചെയ്തതോടെ അധികൃതര്‍ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളെ നിയോഗിച്ച് കരിങ്കല്‍ ചില്ലുകളും കോണ്‍ക്രീറ്റ് മിശ്രിതങ്ങളും ഉപയോഗിച്ച് കുഴികള്‍ അടയ്ക്കാനും റോഡ് നിരപ്പാക്കാനുമുള്ള തിടുക്കത്തിലുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
എന്നാല്‍, ശാസ്ത്രീയമായ പരിശോധനകളോ പഠനങ്ങളോ ഇല്ലാതെ തട്ടിക്കൂട്ട് രീതിയിലാണ് അറ്റകുറ്റപ്പണി നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ബെംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് കരാറുകാരുടെ അനാസ്ഥയും ഗുണനിലവാരമില്ലാത്ത നിര്‍മ്മാണ സാമഗ്രികളുടെ ഉപയോഗവും എത്രത്തോളം പ്രകടമാണെന്ന് കാട്ടിത്തരുന്നതാണ് പുതിയ സംഭവം എന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇതിനുമുമ്പും പുതിയ റോഡുകള്‍ ആദ്യ മഴയില്‍ത്തന്നെ തകര്‍ന്നടിഞ്ഞ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും, നൂറുകണക്കിന് കോടി രൂപയുടെ ബജറ്റില്‍ വിഭാവനം ചെയ്ത ഒരു പ്രധാന പാത ഉദ്ഘാടനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരത്തില്‍ തകരുന്നത് അസാധാരണമാണ്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ പരിഹാസവും വിമര്‍ശനവുമായി ബെംഗളൂരു സൗത്ത് പാര്‍ലമെന്റ് അംഗവും ബിജെപി നേതാവുമായ തേജസ്വി സൂര്യ രംഗത്തെത്തി.
കടബഗേര-ചല്ലഘട്ട റോഡ് ഉദ്ഘാടനത്തിന് മുന്‍പ് തന്നെ തകര്‍ന്നതിലൂടെ സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉദ്ഘാടനത്തിന് ശേഷമാണ് റോഡ് ഇത്തരത്തില്‍ തകര്‍ന്നിരുന്നതെങ്കില്‍ വലിയ അപകടങ്ങള്‍ക്കും ജീവഹാനിക്കും അത് കാരണമാകുമായിരുന്നുവെന്ന് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇത്രയധികം ശോഷിച്ചുപോയത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















Click it and Unblock the Notifications