'52 കിലോ മീറ്റര്‍ യാത്രയ്ക്ക് 2584 രൂപ'; ബംഗളൂരുവിലെ ടാക്‌സി നിരക്കില്‍ ഞെട്ടി യാത്രക്കാര്‍
ബംഗളൂരു: മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് എന്നും പേരുകേട്ട നഗരങ്ങളില്‍ ഒന്നാണ് ബംഗളൂരു. പൊതുഗതാഗതത്തിന്റെ ലഭ്യതക്കുറവിനെ കുറിച്ച് ആളുകള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ യൂബര്‍, ഒല പോലുള്ള ടാക്‌സി കാര്‍ സൗകര്യമാണ് ഇവിടെയുള്ളവര്‍ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ അടുത്തിടെ ഒരു യാത്രക്കാരന്‍ യൂബര്‍ വിളിച്ച് എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്ട്രോണിക് സിറ്റി വരെ പോയപ്പോള്‍ സംഭവിച്ച ദുരനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഈ യാത്രയ്ക്ക് ചെലവായ തുകയെ കുറിച്ചാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചത്. വിമാനത്താവളത്തില്‍ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് യാത്ര ചെയ്യാന്‍ നല്‍കിയ പണം വിമാനടിക്കറ്റിന്റെ നിരക്കിനോട് അടുത്ത് നില്‍ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. യൂബര്‍ പ്രീമിയത്തിന് 52 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ 2584 രൂപയാണ് ഈടാക്കുന്നത്. യൂബര്‍ എക്‌സ് എല്‍ ആണെങ്കില്‍ 4051 രൂപയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഈ വില കേട്ടതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
ഇതിനേക്കാള്‍ എത്രയോ ഭേദം എ സി ബസില്‍ യാത്ര ചെയ്യുന്നതാണെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റ് ചെയ്തു. എന്നാല്‍ ഇത് പീക്ക് സമയത്ത് നിരക്കാണിതെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇതിന് മറുപടിയായി അദ്ദേഹം പറയുന്നത്, രാവിലെ ആറ് മണിക്ക് കാണിച്ച നിരക്കാണെന്നാണ്.












Click it and Unblock the Notifications