ബെംഗളൂരിൽ 50,000 ശമ്പളം വാങ്ങിയിട്ട് മാസാവസാനം കടം വാങ്ങി അലയേണ്ട,ഇങ്ങനെ ചെയ്താൽ പണം കൈയ്യിൽ ഇരിക്കും
ബെംഗളൂരുവിൽ മാസം 50,000 രൂപ ശമ്പളം കൊണ്ട് ജീവിച്ച് പോകുക അത്ര എളുപ്പമുള്ള കാര്യമല്ല. വാടക, യാത്ര, ഭക്ഷണം, ഇഎംഐ, വീട്ടുചെലവ്, മെഡിക്കൽ ചെലവ് തുടങ്ങി മാസാവസാനം വരെയുള്ള ബാധ്യതകൾക്കിടയിൽ സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി തുക മാറ്റിവെക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. അതിന് പുറമെ ഇന്ധനവില വർധനയും സാധനങ്ങളുടെ വിലക്കയറ്റവും ജീവിതച്ചെലവ് വീണ്ടും ഉയർത്തുകയാണ്.
എന്നാൽ വരുമാനം കുറവാണെന്നല്ല മറിച്ച് അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാനമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വ്യക്തമായ പ്ലാനിങ് ഉണ്ടെങ്കിൽ 50,000 ശമ്പളത്തിലും സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കാൻ കഴിയുമെന്നാണ് അവരുടെ വിലയിരുത്തൽ.

50,000 കിട്ടുമ്പോൾ സ്ത്രീകൾ എങ്ങനെ അത് നിക്ഷേപിക്കണം എന്ന് പറയുകയാണ് ക്ലിയർടാക്സിലെ ടാക്സ് വിദഗ്ധയായ സിഎ ചാന്ദ്നി ആനന്ദൻ. ലൈവ് മിൻ്റിനോടാണ് അവരുടെ പ്രതികരണം. ശമ്പളം 50/30/20 എന്ന രീതിലേക്ക് മാറ്റണമെന്നാണ് നിർദ്ദേശം. അതായത് വരുമാനത്തിന്റെ 50 ശതമാനം ആവശ്യങ്ങൾക്കായി മാറ്റിവെക്കണം. 30 ശതമാനം വ്യക്തിപരമായ കാര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും . ബാക്കി 20 ശതമാനം സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി മാറ്റിവെക്കുന്നത് നല്ലതെന്ന്. 'ആദ്യം ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കണം. അതിന് ശേഷം എസ്ഐപി വഴി ഇൻഡെക്സ് അല്ലെങ്കിൽ ഫ്ലെക്സിക്യാപ് ഫണ്ടുകളിലേക്കുള്ള നിക്ഷേപം ആരംഭിക്കാം.നികുതി കാര്യങ്ങളിലും ശ്രദ്ധ വേണമെന്ന് അവർ പറയുന്നു.
"ഏത് ടാക്സ് സംവിധാനം നിങ്ങൾക്ക് കൂടുതൽ ഗുണകരമാണെന്ന് ആദ്യം മനസ്സിലാക്കണം. പുതിയ ടാക്സ് സംവിധാനത്തിൽ 75,000 വരെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭിക്കും. പഴയ സംവിധാനത്തിലാണെങ്കിൽ ഇഎൽഎസ്എസ്, പിപിഎഫ് പോലുള്ള നിക്ഷേപങ്ങളിലൂടെ 80സി പ്രകാരം നികുതി ഇളവ് നേടാം', അവർ വ്യക്തമാക്കി.
വിദഗ്ധർ പറയുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ്, ഓരോ മാസവും പണം എവിടെയാണ് കൂടുതലായി ചെലവായി പോകുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കണം എന്നതാണ്. പലപ്പോഴും ചെറിയ ചെറിയ ചെലവുകളാണ് വലിയ ബാധ്യതയായി മാറുന്നത്. ഭക്ഷണം ഓൺലൈനായി സ്ഥിരമായി ഓർഡർ ചെയ്യുക, അനാവശ്യ ഷോപ്പിങ്, ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ എന്നിവ പലരും ശ്രദ്ധിക്കാതെ പോകാറുണ്ട്.അതിനൊപ്പം ഒരു എമർജൻസി ഫണ്ട് ഉണ്ടാകണമെന്നും അവർ ഓർമ്മിപ്പിക്കുന്നു. ജോലി നഷ്ടപ്പെട്ടുപോയാലോ ആരോഗ്യപ്രശ്നം , വീട്ടിലേക്ക് അടിയന്തരമായി പോകേണ്ട സാഹചര്യം ഉണ്ടാകുക തുടങ്ങിയ സമയങ്ങളിൽ ഈ തുക വലിയ സഹായമാകും. സാധാരണയായി മൂന്ന് മുതൽ ആറുമാസം വരെയുള്ള ചെലവിനുള്ള തുക മാറ്റിവെക്കണമെന്നും അവർ ഉപദേശിക്കുന്നു.
നിക്ഷേപം തുടങ്ങാൻ വലിയ തുക വേണമെന്നില്ലെന്നും വിദഗ്ധർ പറയുന്നു. ചെറിയ എസ്ഐപി പോലും ദീർഘകാലത്ത് വലിയ മാറ്റമുണ്ടാക്കും. സ്ഥിരമായി ചെറിയ തുക നിക്ഷേപിച്ചാൽ കാലക്രമേണ നല്ലൊരു സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കും.
അതേസമയം, എല്ലാവർക്കും ഒരേ സാമ്പത്തിക പ്ലാൻ യോജിക്കില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കുടുംബ സാഹചര്യം, കടബാധ്യത, ജീവിതലക്ഷ്യങ്ങൾ, ഉത്തരവാദിത്വങ്ങൾ എന്നിവ ഓരോരുത്തർക്കും വ്യത്യസ്തമാണ്. അതിനാൽ വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടുന്നതും നല്ലതാണ്. ബെംഗളൂരു പോലുള്ള നഗരങ്ങളിൽ ഉയരുന്ന ജീവിതച്ചെലവിനിടയിൽ, ശമ്പളം മാത്രം പോര, പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഭാവി സുരക്ഷിതമാക്കുന്നതിൽ നിർണായകമാകുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications