ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് അവസാനഘട്ടത്തിലേക്ക്; 2 പാക്കേജുകൾ നവംബറോടെ
ബെംഗളൂരു സാറ്റലൈറ്റ് ടൌണ്‍ റിങ് റോഡ് നിർമ്മാണ പദ്ധതി അവസാനഘട്ടത്തിലേക്ക്. 288 കിമി നീളമുള്ള പാതയുടെ ആറ് പാക്കേജുകൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ബാക്കി വരുന്ന രണ്ട് പാക്കേജുകൾ നവംബർ അവസാനത്തോടെ പൂർത്തിയാകും.
ഒബ്ലാപുര മുതൽ കുനിഗൽ വരെയും (ഫേസ്-1), കുനിഗൽ മുതൽ എസ് മുഡുഗഡപ്പള്ളു വരെയുമുള്ള നിർദ്ദിഷ്ട ആറുവരി പാതയുടെ നിർമ്മാണ പുരോഗതി പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടം ഉടൻ തന്നെ തുടങ്ങുമെന്നാണ് ദേശീയ പാത അതോറിറ്റി നൽകുന്ന സൂചന. രാജ്യസഭയിൽ ഇത് സംബന്ധിച്ച് അജയ് മാക്കൻ എംപി ഉയർത്തിയ ചോദ്യത്തിന് ഗതാഗത മന്ത്രി എഴുതി നൽകിയ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് (എസ് ടി ആർ ആർ) പദ്ധതിയുടെ ആകെ ദൈർഘ്യം 288 കിമിയാണ്. ഇതിൽ 243 കിലോമീറ്റർ കർണാടകയിലും ബാക്കി വരുന്ന 45 കിമി പാത തമിഴ്നാട്ടിലുമണ്. നിർമ്മാണ പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനും വേഗത്തിൽ പൂർത്തിയാക്കുന്നതിനും വേണ്ടിയാണ് പദ്ധതിയെ ആറ് പാക്കേജുകളായി തിരിച്ചിരിക്കുന്നത്. എസ് ടി ആർ ആർ പദ്ധതിയുടെ ആകെ ചെലവ് 14,655 കോടി രൂപയാണ്.
എൻഎച്ച്-648 ലെ 42 കിലോമീറ്റർ നീളമുള്ള ഡോബ്സ്പേട്ട്-ദൊഡ്ഡബല്ലാപൂർ ബൈപാസ്, 38 കിലോമീറ്റർ നീളമുള്ള ദൊഡ്ഡബല്ലാപൂർ-ഹോസ്കോട്ട് എന്നിവയുടെ നിർമ്മാണമാണ് ഇതുവരെ പൂർത്തീകരിച്ചിരിക്കുന്നത്. ഇതിൽ ഡോബ്സ്പേട്ട്-ദൊഡ്ഡബല്ലാപൂർ ഭാഗത്തിന്റെ നിർമ്മാണം 100 ശതമാനവും പൂർത്തിയായിട്ടുണ്ട്. അതേസമയം ദൊഡ്ഡബല്ലാപൂർ-ഹോസ്കോട്ട് ഭാഗത്തിന്റെ പണി ഔദ്യോഗിക റിപ്പോർട്ടിൽ 99.2 ശതമാനം പൂർത്തിയാക്കിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ഭാഗത്തിൻ്റെ പ്രവർത്തനവും പൂർണമായും പൂർത്തിയായ നിലയിലാണ്.
മറ്റ് ഭാഗങ്ങളിലെ നിർമ്മാണവും അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ദേശീയ പാത 648 ൻ്റെ ഭാഗമായ കർണാടക -തമിഴ്നാട് അതിർത്തിയിലുള്ള 21 കിമി ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണം ഏകദേശം 95 ഷതമാനത്തോളം പൂർത്തിയാക്കിയിട്ടുണ്ട്. നവംബറോടെ മുഴുവൻ പണികളും പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം ദേശീയപാത 948ൻ്റെ ഭാഗായ പദ്ധതിയുടെ തമിഴ്നാട്ടിലുള്ള 35.76 കിമിയുടെ നിർമ്മാണം 91 ശതമാനവും പൂർത്തിയാക്കിയിട്ടുണ്ട്. സപ്റ്റംബറോടെ ഈ പാതയുടെ മുഴുവൻ പണിയും പൂർത്തിയാക്കാനാകും. മാത്രമല്ല ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ ഭാഗമായ 7 കിമി റോഡും നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.


Click it and Unblock the Notifications