ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം; എച്ച്എഎൽ വിമാനത്താവളം തുറന്നുകൊടുക്കാനാകില്ല, കാരണം ഇതാണ്
ബെംഗളൂരുവിലെ കെംപെഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് വർധിച്ചതോടെ രണ്ടാം വിമാനത്താവളം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇതോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് (HAL) നടത്തുന്ന പഴയ വിമാനത്താവളം വീണ്ടും തുറക്കണമെന്ന അഭിപ്രായങ്ങളാണ് ഉയരുന്നത്. എന്നാൽ അത് അത്ര എളുപ്പമായിരിക്കില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നഗരമധ്യത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ ദേവനഹള്ളിയിലാണ് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിയാൽ) നടത്തുന്ന കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഐടി വ്യവസായത്തിൻ്റെ കേന്ദ്രമായ ഇലക്ട്രോണിക്സ് സിറ്റിയിൽ നിന്ന് വളരെ ദൂരത്താണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കടുത്ത ഗതാഗതക്കുരുക്ക് കാരണം വിമാനത്താവളത്തിലേക്കുള്ള യാത്ര പലപ്പോഴും ദുഷ്കരമാകാറുണ്ട്.

അതേസമയം ഹാൽ എയർപോർട്ട് നഗരത്തിൻ്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല ബെംഗളൂരുവിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾക്ക് അടുത്താണ് ഈ എയർപോർട്ട്. സൈനിക ആവശ്യങ്ങൾക്കും പരീക്ഷണ പറക്കലുകൾക്കുമായി ഈ എയർപോർട്ട് ഇപ്പോഴും കാര്യക്ഷമമായി പരിപാലിച്ചുവരുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ എയർപോർട്ട് ഉപയോഗിക്കുന്നതിലൂടെ പെട്ടെന്നുള്ള പ്രശ്നപരിഹാരം സാധ്യമല്ലേയെന്നാണ് ചോദ്യം. കെംപഗൗഡ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതിന് ഏകദേശം 60 വർഷം മുൻപ് വരെ ഹാൽ വിമാനത്താവളം സൈനിക ആവശ്യങ്ങൾക്കും സാധാരണ ജനങ്ങൾക്കും വേണ്ടി ഒരുപോലെ ഉപയോഗിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
എന്നാൽ എച്ച്എഎൽ എയർപോർട്ട് ഉപയോഗിക്കുന്നതിന് സാങ്കേതിക തടസമുണ്ടെന്നാണ് അധികൃതർ പറയുന്നത്. പഴയ ഹാൽ വിമാനത്താവളം വീണ്ടും തുറക്കുന്നത് പലരും ആഗ്രഹിച്ചിരുന്നെങ്കിലും നിയമപരവും നടത്തിപ്പുമായി ബന്ധപ്പെട്ട കാരണങ്ങളാലും വിമാനത്താവളം വാണിജ്യ സർവ്വീസുകൾക്കായി തുറന്ന് നൽകാൻ സാധിക്കില്ലെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡികെ സുനിൽ വ്യക്തമാക്കി. എച്ച്എഎൽ വിമാനത്താവളത്തിൽ ധാരാളം സൈനിക പരിശീലന പരിപാടികൾ നടക്കുന്നുണ്ട്. ഈ ഭാഗത്ത് ഇപ്പോൾ തന്നെ ഗതാഗതക്കുരുക്കുണ്ട്. ഇത് കൂടുതൽ വഷളാകുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ താമസിച്ചാണെങ്കിലും ബെംഗളൂരിൽ രണ്ടാമതൊരു വിമാനത്താവളം വരുമെന്നാണ് വിവരം. നിലവിലെ ടെർമിനൽ 2 വിൻ്റെ ശേഷി പൂർത്തിയാകുമ്പോൾ ഒരു മൂന്നാം ടെർമിനൽ സ്ഥാപിക്കാനും ബിയാൽ ഉദ്ദേശിക്കുന്നുണ്ട്.
കഴിഞ്ഞ വേനൽക്കാലത്ത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നിർദിഷ്ട രണ്ടാമത്തെ വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങളിൽ സാധ്യതാ പഠനം നടത്തിയിരുന്നു. കനകപുരയിലെ രണ്ട് പ്രദേശങ്ങളും നെലമംഗലയ്ക്കടുത്തുള്ള കുനിഗൽ റോഡിലെ ഒരു സ്ഥലത്തുമാണ് പരിശോധന നടത്തിയത്. പദ്ധതിക്ക് വലിയ മുൻഗണനയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിെയെങ്കിലും മുന്നോട്ടുള്ള കാര്യങ്ങളിൽ ഇതുവരെ കാര്യമായ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.












Click it and Unblock the Notifications