ബെംഗളൂരു രണ്ടാം എയർപോർട്ട്; തമിഴ്നാടിന് അവസരം കൊടുക്കില്ല..വേഗം കൂട്ടി കർണാടക
ബെംഗളൂരിലെ രണ്ടാമത്തെ വിമാനത്താവളം എവിടെ വരുമെന്ന ചർച്ചകൾ വീണ്ടും സജീവം. നഗരത്തിലെ വർധിച്ചുവരുന്ന യാത്രക്കാരും ഭാവിയിലെ വ്യോമഗതാഗത ആവശ്യങ്ങളും പരിഗണിച്ച് പുതിയ വിമാനത്താവളത്തിനായുള്ള സാധ്യതകൾ സർക്കാർ ഗൗരവമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ സൂചനകൾ പ്രകാരം ദക്ഷിണ ബെംഗളൂരുവിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നേരത്തെയും പലതവണ ദക്ഷിണ ബെംഗളൂരുവിൽ വിമാനത്താവളം വേണമെന്ന നിലപാട് വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച് കനകപുര റോഡ് പരിസരങ്ങളാണ് സർക്കാരിന്റെ പ്രധാന പരിഗണനയിൽ ഉള്ളത്. നല്ല റോഡ് സൗകര്യവും ഭാവിയിൽ വികസന സാധ്യതയുള്ള പ്രദേശമെന്ന നിലയിലുമാണ് ഈ മേഖല ശ്രദ്ധ നേടുന്നത്.

പുതിയ വിമാനത്താവളത്തിനായി കനകപുര റോഡിനോട് ചേർന്ന രണ്ട് പ്രധാന സ്ഥലങ്ങൾ സർക്കാർ പരിശോധിക്കുന്നുണ്ട്. ഇവയെ ഒന്നിച്ച് വികസിപ്പിക്കാനാകുമോ എന്നതും സാധ്യതാ പഠനത്തിന്റെ ഭാഗമാണ്. പദ്ധതിയുടെ സാങ്കേതിക പഠനങ്ങൾക്കായി സംസ്ഥാന സർക്കാർ സിംഗപ്പൂർ ആസ്ഥാനമായ മെയിൻഹാർഡ് ഇപിസിഎം ( Meinhardt EPCM) എന്ന കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. ഏകദേശം 4.96 കോടി രൂപയുടെ കരാറിലാണ് പഠനം നടക്കുന്നത്. ഭൂമിയുടെ സാങ്കേതിക യോഗ്യത, റോഡ്-റെയിൽ കണക്റ്റിവിറ്റി, വിമാന സർവീസുകൾക്കുള്ള അനുയോജ്യത തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും പഠനത്തിൽ പങ്കാളികളാണ്.
ഇപ്പോൾ പരിഗണനയിലുള്ള പ്രധാന സ്ഥലങ്ങളിൽ ചുടുഹള്ളി, സോമനഹള്ളി എന്നിവ കൂടി ഉൾപ്പെടുന്നുണ്ട്. ഇവ രണ്ടും കനകപുര റോഡ് മേഖലയിലാണ്. ഇതിന് പുറമെ തുംകുരു റോഡിന് സമീപമുള്ള കുനികളിനും നെലമംഗലയ്ക്കും ഇടയിലുള്ള ചില ഗ്രാമപ്രദേശങ്ങളും പട്ടികയിലുണ്ട്. എന്നാൽ സർക്കാർ വൃത്തങ്ങൾ പറയുന്നത്, ഭൂമി ലഭ്യതയും ഭാവി വികസന സാധ്യതയും കണക്കിലെടുത്താൽ കനകപുര ഭാഗത്തിനാണ് കൂടുതൽ മുൻതൂക്കം ലഭിക്കുന്നതെന്നാണ്.
കനകപുര ഭാഗത്ത് ആവശ്യത്തിന് വലിയ ഭൂവിഭാഗങ്ങൾ ലഭ്യമാകാൻ സാധ്യതയുണ്ടെന്നാണ് കർണാടക ഇൻർസ്ട്രിയൽ ഏരിയാസ് ഡെവലപ്മെൻ്റ് ബോർഡ് ഉദ്യോഗസ്ഥൻ പറയുന്നത്.. വിമാനത്താവളത്തിന് സാധാരണയായി 4,500 മുതൽ 5,000 ഏക്കർ വരെ ഭൂമി ആവശ്യമായി വരും. 'കനകപുര ഭാഗത്ത് വിവിധ ഓപ്ഷനുകൾ സർക്കാർ പരിശോധിക്കാനാകും. ഒരൊറ്റ ഭാഗമല്ല, അടുത്തടുത്തുള്ള സ്ഥലങ്ങൾ കൂട്ടിച്ചേർത്ത് വലിയ പദ്ധതി രൂപീകരിക്കാനും ഇവിടെ കൂടുതൽ സാധ്യതയുണ്ട്', അദ്ദേഹം പറഞ്ഞു. എന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം.
ദക്ഷിണ ബെംഗളൂരുവിൽ വിമാനത്താവളം വന്നാൽ നഗരത്തിലെ വലിയൊരു വിഭാഗം ആളുകൾക്ക് അത് കൂടുതൽ സൗകര്യപ്രദമാകുമെന്ന വിലയിരുത്തലും ശക്തമാണ്. നിലവിൽ കെംപേഗൌഡ ഇൻ്റർനാഷ്ണൽ എയർപോർട്ട് നഗരത്തിന്റെ വടക്കുഭാഗത്തായതിനാൽ, ദക്ഷിണ ബെംഗളൂരുവിൽ നിന്ന് അവിടേക്ക് എത്താൻ മണിക്കൂറുകളെടുക്കുന്ന സാഹചര്യമുണ്ട്. പുതിയ വിമാനത്താവളം വന്നാൽ ആ യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
'ദക്ഷിണ ബെംഗളൂരുവിൽ വിമാനത്താവളം വന്നാൽ കൂടുതൽ ആളുകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കും. നഗരത്തിന്റെ വളർച്ചയും ഇപ്പോഴത്തെ ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ ആ ഭാഗത്ത് വലിയ ആവശ്യകതയുണ്ട്', ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, പരിസ്ഥിതി വിഷയങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്. നെലമംഗല ഭാഗത്ത് കൂടുതൽ മരങ്ങളും സസ്യസമ്പത്തും ഉള്ളതിനാൽ അവിടെ നിർമാണം നടത്തുന്നത് കൂടുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ അന്തിമ തീരുമാനം എടുക്കുമ്പോൾ പരിസ്ഥിതി ആഘാതവും പ്രധാന ഘടകമാകും.
ഐടി മേഖലയുടെ അതിവേഗ വളർച്ചയും നഗരത്തിലെ വർധിച്ചുവരുന്ന ജനസംഖ്യയും കാരണം ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളത്തിന്റെ ആവശ്യകത വർഷങ്ങളായി ഉയരുന്ന വിഷയമാണ്. ഇപ്പോൾ സർക്കാർ തലത്തിൽ കാര്യങ്ങൾ വേഗത്തിൽ മുന്നോട്ട് പോകുന്നതിനാൽ അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
'തമിഴ്നാടിനെ അനുവദിക്കില്ല'
തമിഴ്‌നാട് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ വരാനിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ വർഷം നവംബറിൽ തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ടിഡ്‌കോ) സൈറ്റ് ക്ലിയറൻസ് നിർദ്ദേശം അയച്ചിരുന്നു.എന്നാൽ എയർപോർട്സ് അതോറിറ്റി ആവശ്യം തള്ളി.തമിഴ്നാട് നീക്കം വിജയിച്ചിരുന്നുവെങ്കിൽ അത് കർണാടകയെ സംബന്ധിച്ച് വലിയ തിരിച്ചടിയായേനെ. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 40-45 കിലോമീറ്റർ മാത്രം അകലെയാണ് ഹൊസൂർ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്ന െപുതിയ എയർപോർട്ട് ഹൊസൂരിൽ വന്നാൽ സാമ്പത്തികമായി അത് ബെംഗളൂരുവിന് വലിയ നഷ്ടം സമ്മാനിക്കും. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പദ്ധതിയുമായി അതിവേഗം കർണാടക സർക്കാർ നീങ്ങുന്നത്.












Click it and Unblock the Notifications