ഡോമിനോസ് പിസയില്‍ 15 കാരിയെ കമന്റടിച്ചു, ചോദിക്കാന്‍ ചെന്ന പിതാവിനെ തല്ലി!
ബെംഗളൂരു: ഡോമിനോസ് പിസ ഔട്ട്‌ലെറ്റില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ചതായി പരാതി. ദസറ ആഘോഷത്തിനായി കുടുംബസമേതം ബെംഗളൂരുവില്‍ എത്തിയ 15 കാരിയെ ആണ് ഡോമിനോസ് പിസയില്‍ വെച്ച് ഒരാള്‍ അശ്ലീലം പറഞ്ഞത്. മകളെ അപമാനിച്ചത് ചോദിക്കാന്‍ ചെന്ന പിതാവിനെ ഇയാള്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.
മൈസൂര്‍ സ്വദേശികളായ കുടുംബം ദസറ ആഘോഷത്തിനായി ബെംഗളൂരുവില്‍ എത്തിയതാണ്. പിസ കഴിക്കാനായി ഇവര്‍ ഡോമിനോസ് ഔട്ട്‌ലെറ്റില്‍ കയറുകയായിരുന്നു. അവിടെ വെച്ച് ഒരാള്‍ 15 കാരിയെ തുറിച്ചുനോക്കുകയും അശ്ലീലം പറയുകയും ചെയ്തു. തന്റെ കൂടെ വരുന്നോ എന്നും ഇയാള്‍ തന്നോട് ചോദിച്ചതായി പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു.

ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മകളെ അപമാനിച്ചയാളുമായി വഴക്കിട്ടത്. എന്തിനാണ് മകളോട് അനാവശ്യം പറഞ്ഞത് എന്ന് ചോദിച്ചുചെന്ന പിതാവിനെ അക്രമി മര്‍ദ്ദിക്കുകയായിരുന്നത്രെ. ഡോമിനോസ് പിസ ജീവനക്കാരുടെ സഹോയത്തോടെയാണ് പെണ്‍കുട്ടിയും കുടുംബവും വിവരങ്ങള്‍ പോലീസില്‍ അറിയിച്ചത്.
ബെംഗളൂരുവിലെ വിജയനഗര്‍ സ്വദേശിയായ സതീഷ് എന്ന 25 കാരനാണ് പെണ്‍കുട്ടിയെയും കുടുംബത്തെയും ഉപദ്രവിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അക്രമി തന്റെ ഷര്‍ട്ട് വലിച്ച് കീറുകയും മുഖത്ത് ഇടിക്കുകയും ചെയ്തതായി പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച സതീഷിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ പിന്നാലെ ചെന്ന് കടയുടെ മുന്നില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു.












Click it and Unblock the Notifications