ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത്
ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡെക്കർ മേൽപ്പാലം തുറക്കാൻ വൈകിയേക്കുമെന്ന് സൂചന. ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) നടത്തിയ പരിശോധനയിൽ രാഗിഗുഡ്ഡയ്ക്ക് സമീപമുള്ള ഓറോബിന്ദോ ജംഗ്ഷനിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന കണ്ടെത്തലാണ് തിരിച്ചടിയായത്.
ഇതോടെ തിരക്കേറിയ സമയങ്ങളിൽ സിഗ്നൽ സമയം കൂട്ടാനുള്ള ആലോചനയിലാണ് അധികൃതർ. കൂടാതെ ഇറക്കത്തിന് ശേഷമുള്ള രണ്ട് ഇടത് തിരിവുകൾ അടച്ചിടുന്നതും പരിഗണിക്കും.
രാഗിഗുഡ്ഡ, ബിടിഎം ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് 5.1 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഡബിൾ ഡെക്കർ മേൽപ്പാലം. 2024-ൽ ഇത് ഭാഗികമായി തുറന്നിരുന്നു. സിൽക്ക് ബോർഡ് മുതൽ രാഗിഗുഡ്ഡ വരെയുള്ള ഭാഗമാണ് തുറന്നത്. ഈ മാസത്തോടെ തന്നെ പൂർണമായും തുറക്കാനാണ് നിലവിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായാണ് ബിടിപി മറ്റ് വകുപ്പുകളുമായി ചേർന്ന് കഴിഞ്ഞയാഴ്ച വിശദമായ പരിശോധന നടത്തിയത്.

രാഗിഗുഡ്ഡ മെട്രോ സ്റ്റേഷനടുത്തുള്ള ഇറക്കത്തിൽ മാരാനഹള്ളി റോഡിൽ നിന്ന് വരുന്ന വാഹനങ്ങളും കൂടി ചേരുമ്പോൾ തൊട്ടടുത്ത ജംഗ്ഷനിൽ കുരുക്കിന് കാരണമാകുമെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. മേൽപ്പാലത്തിലൂടെയുള്ള യാത്ര 16-ാം മെയിൻ, ഈസ്റ്റ് എൻഡ്, 28-ാം മെയിൻ, 29-ാം മെയിൻ, 8-ാം മെയിൻ എന്നീ അഞ്ച് സിഗ്നലുകൾ ഒഴിവാക്കാൻ സാധിക്കുമന്നതിനാലാണ് ഈ ഭാഗത്തേക്ക് കൂടുതൽ വാഹനങ്ങൾ എത്തിച്ചേരുന്നത്. കൂടാതെ ജംഗ്ഷന് തൊട്ടുമുമ്പുള്ള രണ്ട് ഇടത് തിരിവുകൾ ഒഴിവാക്കാൻ സാധിക്കുമെന്നതും ഈ വഴിയിലേക്ക് കൂടുതൽ യാത്രക്കാർ എത്താൻ കാരണമാകും. സ്വാഭാവികമായും ഇത് തിരക്ക് വർധിപ്പിക്കുമെന്ന് അധികൃതർ കരുതുന്നു.
ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇപ്പോൾ ഡബിൾ ഡെക്കർ ഇറങ്ങുന്ന ഭാഗത്തെ വാഹനങ്ങൾക്കായി ഗ്രീൻ സിഗ്നലിന്റെ ദൈർഘ്യം കൂട്ടാനാണ് ട്രാഫിക് പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇത് ജംഗ്ഷനിൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് തടയും. തിരക്കേറിയ സമയങ്ങളിൽ ഈ രണ്ട് ഇടത് തിരിവുകളും അടച്ചിട്ട് തിരക്ക് കുറക്കാനും പോലീസ് പദ്ധതിയിടുന്നുണ്ട്.
മേൽപ്പാലത്തിന്റെ ഒരു ഭാഗം തുറന്നതിന് ശേഷം ഈ മേൽപ്പാലത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായി ദക്ഷിണ ഡിവിഷനിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് വരുന്നവർക്ക് യാത്രാ സമയം 30% വരെ ലാഭിക്കാൻ കഴിയുമെന്നതിനാൽ ഇനിയും വാഹനത്തിൻ്റെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.












Click it and Unblock the Notifications