ഡിജിറ്റൽ അറസ്റ്റെന്ന് പറഞ്ഞ് തട്ടിപ്പ്, സ്കൈപ്പിലൂടെ വീഡിയോ കോൾ ; യുവാവിന്റെ 11 കോടി തട്ടി
ബെംഗളൂരു: സൈബർ തട്ടിപ്പിൽ 39 വയസ്സുകാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് നഷ്ടമായത് 11.8 കോടി രൂപ."ഡിജിറ്റൽ അറസ്റ്റ്" ചെയ്തെന്ന് വിശ്വസിപ്പിച്ചാണ് ഇയാളിൽ നിന്നും പണം തട്ടിയത്. യുവാവിന്റെ ആധാർ കാർഡ് ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ബെംഗളൂരിൽ ആണ് സംഭവം ഡിജിറ്റൽ അറസ്റ്റ് ഭയന്ന യുവാവ് ഇവർ ആവശ്യപ്പെട്ട തുക അയച്ചുനൽകുകയായിരുന്നു. എന്നാൽ നിരന്തരം പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ എഞ്ചിനീയർ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്തുവന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യിൽ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകാർ യുവാവിനെ ബന്ധപ്പെട്ടത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് യുവാവിന്റെ സിം കാർഡ് ഉപയോഗിച്ചുവെന്നാരോപിച്ച് നവംബർ 11 ന് ആണ് യുവാവിനെ ബന്ധപ്പെടുന്നത്. ഒരു മാസക്കാലത്തോളം തട്ടിപ്പ് തുടർന്നു. യുവാവിനോട് സ്കൈപ്പ് ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് തട്ടിപ്പ് സംഘം യുവാവിനെ വിളിച്ച് പണം ആവശ്യപ്പെട്ടത്.
കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് ഇയാളുടെ ആധാർ വിശദാംശങ്ങൾ ഉപയോഗിച്ചെന്ന് പറഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചപ്പെടുത്തിയ ആളുടെ ഫോൺ ഇയാൾക്ക് വരുന്നത്. മുംബൈ പോലീസ് യൂണിഫോം ധരിച്ച വ്യക്തികൾ സ്കൈപ്പ് വഴിയാണ് യുവാവുമായി ബന്ധപ്പെട്ടത്.
യുവാവിന്റെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തുറന്ന ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഒരു വ്യവസായി 6 കോടി രൂപയുടെ ഇടപാടുകൾ നടത്തിയെന്നും യുവാവിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ ബി ഐ) മാർഗനിർദേശങ്ങൾ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഒരു രേഖയും കാണിച്ചു. കടുത്ത നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ഭീഷണിയിൽ തട്ടിപ്പുകാർ യുവാവിനോട് ചില അക്കൗണ്ടുകളിലേക്ക് "പരിശോധന ആവശ്യങ്ങൾക്കായി" പണം കൈമാറാൻ നിർബന്ധിച്ചു.
ഈ ഭീഷണികളുടെ സമ്മർദത്തിന് വഴങ്ങിയും അറസ്റ്റ് ഭയന്നും യുവാവ് പണം കൈമാറി. നവംബർ 25 മുതൽ ഡിസംബർ 12 വരെയുള്ള കാലയളവിൽ ഒന്നിലധികം ഇടപാടുകളിലായി 11.8 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നപ്പോഴാണ് യുവാവിന് സംശയം തോന്നിയത്. താൻ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.












Click it and Unblock the Notifications