ബെംഗളൂരു ദുരന്തം; വിരാട് കോലിക്കെതിരേയും കേസെടുക്കണമെന്ന് ആവശ്യം, പരാതി
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആര്‍ സി ബി) മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പരാതി. കര്‍ണാടകയിലെ ശിവമോഗ സ്വദേശി എച്ച്എം വെങ്കിടേഷാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ബെംഗളൂരുവിലെ കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ആണ് പരാതി നല്‍കിയത്. പരാതി നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിന്റെ കൂടെ പരിഗണിക്കുമെന്ന് കബ്ബണ്‍ പാര്‍ക്ക് പൊലീസ് അറിയിച്ചു. 18 വര്‍ഷത്തിനു ശേഷം ആര്‍സിബി ഫ്രാഞ്ചൈസി അവരുടെ ആദ്യ ഐപിഎല്‍ ട്രോഫി നേടിയതിന് ശേഷം കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്സിഎ) സംഘടിപ്പിച്ച അനുമോദന ചടങ്ങിനിടെയായിരുന്നു അപകടം.

ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്റ്റേഡിയം പരിസരത്തിന് സമീപമുള്ള ഒരു ഡ്രെയിനിന് മുകളില്‍ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക സ്ലാബ് അതില്‍ കയറി നിന്ന ആളുകളുടെ ഭാരം താങ്ങാനാകാതെ തകര്‍ന്നുവീണത് അപകടത്തിന് കാരണമായത്. പെട്ടെന്നുള്ള തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ പരിഭ്രാന്തരായി.
മരിച്ചവരില്‍ 13 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള യുവാക്കളും സ്ത്രീകളും ഉള്‍പ്പെടുന്നു. അതേസമയം പരിപാടിക്ക് പൊലീസ് അനുമതി ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ആര്‍സിബി മാനേജ്മെന്റ് അവരുടെ വിജയ പരേഡിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്യുന്നതിന് മുമ്പ് പൊലീസുമായി കൂടിയാലോചിച്ചില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു സിറ്റി കമ്മീഷണര്‍ ബി ദയാനന്ദ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ ആര്‍സിബി ടീം, കെ എസ് സി എ, ഡി എന്‍ എ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെ ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആര്‍ സി ബി മാര്‍ക്കറ്റിംഗ് മേധാവി നിഖില്‍ സൊസാലെയെ പൊലീസ് അറസ്റ്റ് ചെയ്യുകയും വിജയാഘോഷത്തിന്റെ സംഘാടകനായ ഡി എന്‍ എ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബെംഗളൂരു ദുരന്തത്തില്‍ കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ഇതുവരെ മൂന്ന് എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications