മകളുടെ മൃതദേഹത്തിലെ ഒരു ലക്ഷം രൂപയുടെ സ്വര്‍ണം കാണാനില്ല; ഐപിഎല്‍ ദുരന്തത്തില്‍ മരിച്ച 13കാരിയുടെ അമ്മ രംഗത്ത്
ബെംഗളൂരു: കഴിഞ്ഞ മാസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ഉണ്ടായ ദുരന്തം ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ നടുക്കം സൃഷ്ടിച്ചിരുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 11 പേരാണ് ശ്വാസംമുട്ടി മരിച്ചത്. അന്നത്തെ ദുരന്തത്തില്‍ 13 വയസുള്ള ദിവ്യാന്‍ഷി
എന്ന ഒമ്പതാം ക്ലാസുകാരിക്കും ജീവന്‍ നഷ്ടമായത് നാടിന്റെ വേദനയായി മാറിയിരുന്നു. അന്നത്തെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാള്‍ ആയിരുന്നു ദിവ്യാന്‍ഷി.
ഇപ്പോഴതാ, ദിവ്യാന്‍ഷിയുടെ മൃതദേഹത്തില്‍ അഞിഞ്ഞിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി അമ്മ അശ്വിനി ശിവകുമാര്‍ രംഗത്തു വന്നിരിക്കുകയാണ്. മകളുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായാണ് അമ്മ ആരോപിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി യെലഹങ്ക നിവാസിയായ അശ്വിനി ശിവകുമാര്‍ പൊലീസില്‍ നല്‍കിയത്.

ദുരന്തത്തിനിരയായവരെ കൊണ്ടുപോയ ബൗറിങ് ആശുപത്രിയിലേക്ക് മകളെ കൊണ്ടുപോകുമ്പോള്‍ ശരീരത്തില്‍ സ്വര്‍ണക്കമ്മലുകളും ഒരു സ്വര്‍ണ ചെയിനും ഉണ്ടായിരുന്നതായി അമ്മ പറയുന്നു. ഇതിന് ഒരു ലക്ഷത്തോളം രൂപയുടെ മൂല്യമുണ്ട്. മകളുടെ മൃതദേഹം ആശുപത്രി ജീവനക്കാര്‍ കുടുംബത്തിന് കൈമാറുമ്പോള്‍ ഈ ആഭരണങ്ങള്‍ കാണാതായതായി അമ്മ പരാതിയില്‍ പറയുന്നു.
ജൂണ്‍ നാലിലാണ് ഐപിഎല്‍ വിജയാഘോഷം നടന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപം ദുരന്തം ഉണ്ടായത്. ഐപിഎല്‍ 2025ലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അനുമോദിക്കാന്‍ തടിച്ചുകൂടിയ ആരാധകരാണ് ദുരന്തത്തിനിരയായത്. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീം കന്നിക്കീരിടം സ്വന്തമാക്കിയത്. ആരാധകര്‍ ആഹ്‌ളാദത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ദുരന്തം വിജയത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയത്.
ദുരന്തമുണ്ടായി രണ്ടു മാസം ആകുമ്പോഴാണ് അശ്വിനി പരാതിയുമായി രംഗത്തു വരുന്നത്. പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ് - അന്നത്തെ വിഷമ ഘട്ടത്തില്‍ നഷ്ടപ്പെട്ട ആഭരണങ്ങള്‍ ആദ്യം കുടുംബം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പിന്നീടാണ് ആഭരണങ്ങള്‍ മോഷിക്കപ്പെട്ടതായി മനസിലായത്.
മോര്‍ച്ചറിയില്‍ വച്ച് ഒരു ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു എന്നാണ് അശ്വിനി ഉയര്‍ത്തുന്ന ആരോപണം. തന്റെ മകള്‍ അവസാന നിമിഷം അണിഞ്ഞിരുന്ന ആഭരണങ്ങള്‍ക്ക് ഏറെ വൈകാരിക മൂല്യമുണ്ടെന്നും അശ്വിനി പറയുന്നു. വിഷയത്തില്‍ അന്വേഷണവും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീം പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ കര്‍ണാടക സര്‍ക്കാരും 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ വീഴ്ച്ച മൂലമാണ് അപകടം ഉണ്ടായതെന്ന വിമര്‍ശനവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications