ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി
വൻകിട ഐടി സ്ഥാപനങ്ങൾ കൂട്ട ലേഓഫ് നടത്തിയതോടെ ലിങ്ക്ഡിൻ ഉൾപ്പെടെയുള്ള സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ജോലി നഷ്ടപ്പെട്ടവരുടെ നിലവിളയാണ്. ആശങ്കകളും അനിശ്ചിതത്വങ്ങളുമാണ് പലരും പങ്കിടുന്നത്. എന്നാൽ വ്യത്യസ്തമായൊരു പോസ്റ്റാണ് ജോലി നഷ്ടമായൊരു ടെക്കി യുവാവ് പങ്കിടുന്നതെന്ന് ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സമ്മർദ്ദം അനുഭവിക്കുന്നില്ലെന്ന് മാത്രമല്ല നല്ല ആശ്വാസമാണ് ഇപ്പോൾ തോന്നുന്നതെന്നാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ. എങ്ങനെയാണ് ഒരാൾക്ക് ഈ സമയത്ത് ഇത്ര ആശ്വസിക്കാനാകുന്നതെന്നല്ലേ സംശയം. അദ്ദേഹം നൽകുന്ന ഉത്തരം ഇഎംഐയിൽ താനൊരു വീട് എടുത്തില്ലെന്നതാണ്.
ഒരു വീട് വാങ്ങാതിരുന്നത് മാത്രമല്ല അദ്ദേഹം നടത്തിയ മികച്ച സാമ്പത്തിക നീക്കം. മറിച്ച് ശമ്പളത്തിന്റെ ഗണ്യമായ ഒരു ഭാഗം അദ്ദേഹം ചിട്ടയായി നിക്ഷേപിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടപ്പോഴും സാമ്പത്തികമായി സുരക്ഷിതനായി മുന്നോട്ട് പോകാൻ ഈ മുൻകരുതൽ തന്നെ സഹായിച്ചുവെന്നാണ് ഇദ്ദേഹം പോസ്റ്റിൽ പങ്കുവെയ്ക്കുന്നത്. 'എനിക്ക് ഇപ്പോൾ ജോലി നഷ്ടപ്പെട്ടു, എന്നിട്ടും ഞാൻ സന്തോഷവാനാണ്. എന്റെ കയ്യിൽ മറ്റ് ഓഫറുകളൊന്നുമില്ല. എനിക്ക് സന്തോഷം തോന്നുന്നതിന്റെ ഏക കാരണം ഇഎംഐയിൽ എനിക്ക് ഒരു വീടില്ല എന്നതാണ്, പോസ്റ്റിൽ അദ്ദേഹം കുറിച്ചു.

'2 കോടി രൂപയുടെ ഒരു വീട് വാങ്ങാൻ താൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ സാങ്കേതികവിദ്യയിലുണ്ടാകുവാൻ സാധ്യതയുള്ള അനിശ്ചിതത്വങ്ങളെക്കുറിച്ച് ചിന്തിച്ച് അതിൽ നിന്ന് പിൻവാങ്ങുകയായിരുന്നുവെന്നുമാണ് യുവാവ് പറയുന്നത്. കഴിഞ്ഞ വർഷം ടെക് മേഖലയിൽ കൂട്ടപ്പിരിച്ചുവിടലുണ്ടായപ്പോഴും ഇഎംഐ വേവലാതികളില്ലാതെ ജീവിക്കാൻ തനിക്ക് കഴിഞ്ഞതായും യുവാവ് പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻ്റുമായി എത്തിയത്. ഇഎംഐ ഇല്ലെങ്കിൽ തന്നെ ആശങ്കയില്ലാത്ത ജീവിതമായല്ലോയെന്നാണ് ചിലരുടെ കമൻ്റ്..
അതേസമയം ജോലി ഉള്ള കാലത്ത് യുവാവ് നടത്തിയ സാമ്പത്തിക അച്ചടകത്തിനെ പ്രകീർത്തിക്കുകയാണ് വിദഗ്ധർ. വീടുകളും കാറുകളും പോലെ വലിയ തുക മുടക്കി വാങ്ങേണ്ട ആസ്തികൾ തിടുക്കം കാണിക്കാതെ സാവകാശം എടുക്കേണ്ടതിൻ്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. അതേസമയം എല്ലാവരും ഈ ആശയത്തോട് പൂർണ്ണമായി യോജിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഒരു ഹോം ലോൺ ഇഎംഐ അടച്ചുതീർക്കുന്നത് സമ്മർദ്ദമാണെന്ന് പലരും സമ്മതിച്ചുവെങ്കിലു, വാടകയ്ക്ക് താമസിക്കുന്നതിനേക്കാൾ സ്വന്തമായി ഒരു വീട് വാങ്ങുന്നത് എല്ലാ കാലത്തും നല്ലതല്ലേ എന്ന ചോദ്യമാണ് ചിലർ പങ്കുവെച്ചത്.
നഗരത്തിൽ വസ്തുക്കൾ വാങ്ങുന്നത് ലാഭകരമാണോ എന്ന ബെംഗളൂരുവിലെ പ്രൊഫഷണലുകൾക്കിടയിൽ നടന്ന റെഡ്ഡിറ്റ് ചർച്ചകളും ഇതോടെ ശ്രദ്ധനേടുന്നുണ്ട്. 'ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വില വളരെ ഉയർന്നതാണെന്നാണ് ചിലരുടെ പരാതി. വസ്തുക്കളുടെ മൂല്യം പെരുപ്പിച്ചുകാണിക്കുന്നുവെന്നും ഓട്ടോമേഷൻ കാരണം തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകാമെന്നും ഹോം ലോണ്‍ ഇഎംഐകൾ കൂടുകയാണെന്നും ചിലർ പങ്കുവെയ്ക്കുന്നുണ്ട്.
എന്നാൽ ഈ ആശങ്കകൾക്കിടയിലും ഒരു വീട് സ്വന്തമാക്കുന്നത് വൈകാരിക സംതൃപ്തി നൽകുമെന്നും ദീർഘകാലത്തേക്ക് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നുവെന്നുമാണ് ചിലരുടെ അഭിപ്രായം. വാടകയ്ക്ക് താമസിക്കുന്നതിനേക്കാൾ സ്വന്തമായി ഒരു വീട് എന്നും ഒരു ആസ്തിയായി തുടരുമെന്ന കാഴ്ചപ്പാടും ഈ ചർച്ചകളിൽ സജീവമായിരുന്നു












Click it and Unblock the Notifications