ബെംഗളൂരു ടെക്കി പറയുന്നു;ഒരു മാസം കഷ്ടി ജീവിക്കാൻ വേണം 35,000 രൂപ, ചെലവ് ഇങ്ങനെ..കമൻ്റുകളും
1.2 ലക്ഷം കിട്ടിയിട്ടും ജീവിക്കാനുകില്ലെന്നാണ് കഴിഞ്ഞ ദിവസം ബെംഗളൂരിൽ സിഎ ആയിരുന്ന യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ചത്. ജീവിതച്ചെലവ് കാരണം ചെറിയ തുക പോലും നിക്ഷേപമായി മാറ്റിവെയ്ക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഇപ്പോഴിതാ ബെംഗളൂരിലെ ചിലവിനെക്കുറിച്ച് ഒരു ടെക്ക് പങ്കുവെച്ച കുറിപ്പും ശ്രദ്ധനേടുകയാണ്.
ബെംഗളൂരുവിലെ ജെപി മോർഗൻ ചേസ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതിയുടേതാണ് പോസ്റ്റ്. പ്രതിമാസം 30,000-നും 35,000-നും ഇടയിലാണ് തനിക്ക് ചെലവ് വരുന്നതെന്നാണ് 23കാരിയുടെ കുറിപ്പ്. തൻ്റെ ഏറ്റവും വലിയ ചെലവ് വാടകയാണെന്നാണ് യുവതി പങ്കുവെച്ചത്. ഏകദേശം 17,000 രൂപ ഇതിനായി നീക്കിവെയ്ക്കേണ്ടി വരുന്നുണ്ട്.. പലചരക്കിന് 5,000 രൂപയും, പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നതിന് 3,000 മുതൽ 6,000 രൂപ വരെയും ചെലവഴിക്കും. യാത്രയ്ക്കായി പ്രതിമാസം 1,000 മുതൽ 2,000 രൂപ വരെ വേണം. ഷോപ്പിംഗിന് 3,000 മുതൽ 7,000 വരെയും, സമ്മാനങ്ങൾ, മരുന്നുകൾ, മറ്റ് അപ്രതീക്ഷിത ആവശ്യങ്ങൾ എന്നിവയ്ക്കായി 2,000 മുതൽ 6,000 രൂപയും വേണ്ടിവരാറുണ്ട്. അതായത് പ്രതിമാസ ചെലവ് 30,000-നും 35,000-നും ഇടയിൽ. എന്തായാലും യുവതിയുടെ പോസ്റ്റ് ബെംഗളൂരിലെ യുവജോലിക്കാർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

ബെംഗളൂരുവിലെ ഉയർന്ന വാടകയും അവശ്യവസ്തുക്കളുടെ വിലവർദ്ധനവും കണക്കിലെടുക്കുമ്പോൾ ഈ ചെലവുകൾ അതിശയോക്തിയല്ലെന്നാണ് പല ഉപയോക്താക്കളും അഭിപ്രായപ്പെട്ടത്. എന്നാൽ മറ്റ് ചിലർ ചിലവ് കുറച്ച് ജീവിക്കാനുള്ള ടിപ്സ് പങ്കുവെയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് ഷോപ്പിംഗിലും പുറത്തുനിന്നുള്ള ഭക്ഷണത്തിലുമുള്ള അനാവശ്യ ചെലവുകൾ കുറയ്ക്കണമെന്നാണ് നിർദേശം. വാടകയും പലചരക്ക് സാധനങ്ങളും ഒഴിവാക്കാനാവാത്തതാണെങ്കിലും ബജറ്റ് ഇനിയും നിയന്ത്രിക്കാമെന്ന് ഉപദേശിക്കുന്നവരും കുറവല്ല.
രാജ്യത്തിന്റെ സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെംഗളൂരുവിൽ ഉയർന്ന ശമ്പളമുള്ള ജോലികൾ ലഭ്യമാണെങ്കിലും, താമസമുൾപ്പെടെയുള്ള ഉയർന്ന ജീവിതച്ചെലവുകളുമുണ്ട്. ബജറ്റിന്റെ പകുതിയോളവും വാടകയ്ക്കായി പോകുന്നുവെന്നാണ് പലരും പറയുന്നത്. 20,000 കൊടുത്താൽ പോലും ഒരു സിംഗിൾ ബിഎച്ച്കെ തന്നെ കിട്ടാനില്ലെന്നാണ് പരാതികളിൽ ഏറെയും. പിജികളിൽ ആണ് ബാച്ചിലേഴ്സ് അഭയം കണ്ടെത്തുന്നത്. എന്നാൽ ഇവിടങ്ങളിൽ ഭക്ഷണത്തിൽ അധികം പ്രതീക്ഷ വെയ്ക്കേണ്ടെന്നാണ് ചിലർ പറയുന്നത്. വാടക 7,000 വരെ കൊടുത്താലും ഭക്ഷണം പുറത്ത് നിന്ന് കഴിക്കേണ്ടി വരും. ഇതും ചെലവേറിയതാണെന്നാണ് ചിലർ പങ്കുവെയ്ക്കുന്നത്.












Click it and Unblock the Notifications