സ്വന്തം വീട്ടിൽ വാടകക്കാരനായി താമസം; നികുതി ലാഭിക്കാനുളള ബെംഗളൂരു ഐടി ജീവനക്കാരന്റെ 'ട്രിക്ക്' വൈറൽ
നികുതി ലാഭിക്കാൻ ബെംഗളൂരുവിലെ ഒരു ഐടി ജീവനക്കാരൻ സ്വീകരിച്ച മാർഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്വന്തം പേരിൽ വീട് വാങ്ങുന്നതിന് പകരം ഭാര്യയുടെ പേരിൽ ഫ്ലാറ്റ് വാങ്ങുകയും പിന്നീട് അതേ വീടിന് വാടക കൊടുത്ത് അതിന് നികുതി ലാഭിക്കുകയാണ് ടെക്കി. ഒരു വിഭാഗം ഇത് മികച്ച സാമ്പത്തിക ആസൂത്രണമാണെന്ന് പറയുമ്പോൾ മറ്റൊരു വിഭാഗം ഇതിലെ അപകടസാധ്യതകളാണ് ചൂണ്ടിക്കാട്ടുന്ന്.
എക്‌സ് ഉപയോക്താവായ പ്രഥം ഖന്നയാണ് സംഭവം പങ്കുവെച്ചത്. 18 ലക്ഷം രൂപ വാർഷിക ശമ്പളം വാങ്ങുന്ന സുഹൃത്തിനെ കുറിച്ചാണ് പ്രഥം പങ്കുവെച്ചത്. തൻ്റെ സുഹൃത്തിന് പ്രതിമാസം 30,000 രൂപ ഹൗസ് റെന്റ് അലവൻസ് ലഭിക്കുന്നുണ്ട്. ഇദ്ദേഹമൊരു ഫ്ലാറ്റ് വാങ്ങി, പക്ഷെ അത് സ്വന്തം പേരിലല്ല. ഹോം ലോണ്‍ ഉപയോഗിച്ച് ഭാര്യയുടെ പേരിലാണ് ഈ ഫ്ലാറ്റ് വാങ്ങിയത്. അതിനുശേഷം പ്രതിമാസം 25,000 രൂപ വാടകയായി ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. ഈ വാടക വെറുതെ കയ്യിൽ നൽകുന്നതിന് പകരം കൃത്യമായ ബാങ്ക് അക്കൗണ്ട് വഴിയാണ് ട്രാൻസ്ഫർ ചെയ്യുന്നത്. ബാങ്ക് വഴിയുള്ള ഇടപാടായതുകൊണ്ട് തന്നെ ഇതിൽ യാതൊരുവിധത്തിലുള്ള ക്രമക്കേടുമില്ലെന്ന് പ്രഥം ഖന്ന പറയുന്നു.

ഇതിലൂടെ ഭർത്താവിന് എച്ച്ആർഎ ഇളവ് ലഭിക്കുകയും നികുതി ബാധ്യത കുറയുകയും ചെയ്യും. അതേസമയം, ഭാര്യയ്ക്ക് ലഭിക്കുന്ന വാടക വരുമാനത്തിന് നിലവിലെ നിയമപ്രകാരം ലഭ്യമായ 30 ശതമാനം സ്റ്റാൻഡേർഡ് ഡിഡക്ഷന്റെ ആനുകൂല്യവും നേടാനാകും. ഇതിലൂടെ സാമ്പത്തികമായി യാതൊരു നഷ്ടവും അദ്ദേഹത്തിന് സംഭവിക്കുന്നില്ല എന്നാണ് പ്രഥം ഖന്ന പോസ്റ്റിൽ പറയുന്നത്.
"ഒരേ വീട്, ഒരേ കുടുംബം, പക്ഷേ നികുതിയുടെ കാര്യത്തിൽ ഫലം വ്യത്യസ്തമാണ്," എന്നാണ് ഖന്ന പോസ്റ്റിൽ പറയുന്നത്. പണം സമ്പാദിക്കുന്നതുപോലെ തന്നെ നികുതിയെയും ആസ്തി ആസൂത്രണത്തെയും കുറിച്ചുള്ള അറിവും പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് വിമർശനങ്ങൾ ഉയർത്തുന്നത്. എച്ച്ആർഎ ഇളവ് പഴയ നികുതി സംവിധാനത്തിൽ മാത്രമാണ് ലഭ്യമാകുന്നതെന്നും പുതിയ നികുതി സംവിധാനം തിരഞ്ഞെടുക്കുന്നവർക്ക് ഇതിലൂടെ വലിയ നേട്ടമൊന്നും ലഭിക്കില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ഭാര്യയുടെ പേരിലുള്ള സ്വത്തായതിനാൽ ഭാവിയിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും അഭിപ്രായമുയർന്നു.
ഇതിനിടെ, സാമ്പത്തിക വർഷം മുതൽ എച്ച്ആർഎ ക്ലെയിം ചെയ്യുമ്പോൾ വീട്ടുടമയുമായുള്ള ബന്ധം കൂടി വ്യക്തമാക്കേണ്ടതുണ്ടെന്ന കാര്യം ചിലർ ഓർമിപ്പിച്ചു. അതുകൊണ്ടുതന്നെ രേഖകളിൽ മാത്രം ഒതുങ്ങുന്ന ക്രമീകരണങ്ങളല്ല, യഥാർഥ ഇടപാടുകളായിരിക്കണം ഇത്തരം സംവിധാനങ്ങളെന്നാണ് വിദഗ്ധരുടെ നിലപാട്.
നികുതി ലാഭിക്കാനുള്ള ഒരു മാർഗമെന്ന നിലയിൽ ചിലർ ഇതിനെ സ്വാഗതം ചെയ്യുമ്പോൾ, സാമ്പത്തിക ആസൂത്രണവും കുടുംബപരമായ സാഹചര്യങ്ങളും ഒരുപോലെ കണക്കിലെടുത്ത ശേഷമേ ഇത്തരം തീരുമാനങ്ങൾ എടുക്കാവൂ എന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.












Click it and Unblock the Notifications