ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് അഴിക്കും;450 കിലോമീറ്റർ വൈറ്റ്-ടോപ്പിംഗ് ഉൾപ്പെടെ വൻ വികസന പദ്ധതികൾ
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യം വെച്ച് നടപ്പാക്കുന്ന വികസന പദ്ധതികൾ വേഗത്തിലാക്കണമെന്ന് ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (ബി-സൈമൽ) നിർദേശം നൽകി മന്ത്രി കൃഷ്ണ ബൈരെ ഗൗഡ .നഗരത്തിൽ ഗതാഗത പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരം കണ്ടെത്തുന്നതിനായി സമഗ്ര പദ്ധതികൾ ഒരുമിച്ച് നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
2026-27 സാമ്പത്തിക വർഷത്തിൽ 450 കിലോമീറ്റർ ദൈർഘ്യമുള്ള വൈറ്റ്-ടോപ്പിംഗ് റോഡുകൾക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന് ഏകദേശം 3,000 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന് സമാന്തരമായി ടണൽ റോഡുകൾ, എലിവേറ്റഡ് കോറിഡോറുകൾഎന്നിവയുടെ പ്രവർത്തനങ്ങളും മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവിലെ ദീർഘകാല ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി ഡികെ ശിവകുമാർ ഇതിനകം സമഗ്ര ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടുണ്ട്. സർക്കാരിൻ്റെ നിലവിലെ ശ്രദ്ധ പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിലല്ല നിലവിലുള്ള പദ്ധതികൾ വേഗത്തിലാക്കുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.
2016 മുതൽ പ്രധാന റോഡുകളിൽ വൈറ്റ്-ടോപ്പിംഗ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ആവർത്തിച്ച് തകരാറിലാകുന്ന റോഡുകൾക്ക് പകരം ദീർഘകാലം നിലനിൽക്കുന്ന റോഡുകൾ നിർമ്മിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വൈറ്റ്-ടോപ്പിംഗ് പദ്ധതിക്ക് കിലോമീറ്ററിന് ഏകദേശം 10 കോടി രൂപ ചെലവാകുന്നുണ്ടെന്നും അതേ കാലയളവിൽ നിരന്തരം ടാറിംഗ് നടത്തേണ്ടിവന്നാൽ കൂടുതൽ ചെലവാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ഈ പദ്ധതി കൂടുതൽ പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ നഗരത്തിൽ 196 കിലോമീറ്റർ വൈറ്റ്-ടോപ്പിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. 126 കിലോമീറ്റർ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിൽ 58 കിലോമീറ്റർ ഇതിനകം പൂർത്തിയായിട്ടുണ്ട്. ബാക്കി പ്രവർത്തനങ്ങൾ അടുത്ത ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നടപ്പാതകളും ഉൾപ്പെടെ ഗുണമേന്മ ഉറപ്പാക്കി നിർമ്മാണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. കരാറുകാർക്ക് പണമടക്കുന്നതിൽ തടസ്സങ്ങളില്ലെന്നും, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
450 കിലോമീറ്റർ വൈറ്റ്-ടോപ്പിംഗ് റോഡുകളുടെ പുതിയ പദ്ധതിക്കായി നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഉടൻ ടെൻഡർ ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം 16.7 കിലോമീറ്റർ നീളമുള്ള നോർത്ത്-സൗത്ത് ടണൽ റോഡ് പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും, മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷം നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
22 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് ടണൽ കോറിഡോർ പദ്ധതിയുടെ അടുത്ത ഘട്ടത്തിനായുള്ള ടെൻഡർ ഉടൻ ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് ഓൾഡ് മദ്രാസ് റോഡിനെയും മൈസൂരു റോഡിനെയും ബന്ധിപ്പിക്കുന്നതാണ്. ഇതിന് പുറമേ നഗരത്തിൽ 150 കിലോമീറ്റർ എലിവേറ്റഡ് കോറിഡോറുകൾ നിർമ്മിക്കാനും പദ്ധതിയുണ്ടെന്നും, അതിൽ ആദ്യഘട്ടമായി 75 കിലോമീറ്റർ ദൈർഘ്യമുള്ള കോറിഡോറുകൾക്കായുള്ള ടെൻഡർ ഉടൻ വരുമെന്നും മന്ത്രി അറിയിച്ചു.
ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾക്ക് ടണൽ റോഡോ ഫ്ലൈഓവറോ മാത്രം പരിഹാരമല്ലെന്നും, വൈറ്റ്-ടോപ്പിംഗ്, ടണൽ റോഡുകൾ, എലിവേറ്റഡ് കോറിഡോറുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടണൽ റോഡുകളും എലിവേറ്റഡ് കോറിഡോറുകളും പൂർത്തിയായ ശേഷം അവയുടെ പ്രവേശന-പുറത്തിറക്ക റോഡുകളും വികസിപ്പിക്കേണ്ടതുണ്ടെന്നും, ഇല്ലെങ്കിൽ പുതിയ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
നഗരത്തിലെ ദീർഘകാല പരിഹാരമായി 275 കിലോമീറ്റർ മെട്രോ ശൃംഖല വികസിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. പൊതുഗതാഗതമായി ബസ് സർവീസുകൾ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഔട്ടർ റിങ് റോഡിന്റെ (ORR) പുനർവികസനത്തിനായി 450 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും മെട്രോ നിർമാണം പുരോഗമിക്കുന്നതിനാൽ ഇപ്പോൾ ആരംഭിക്കില്ലെന്നും ട്രാഫിക് പോലീസുമായി ആലോചിച്ച ശേഷമേ സമയക്രമം തീരുമാനിക്കൂവെന്നും മന്ത്രി പറഞ്ഞു. ആകെ, ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾക്ക് ഒറ്റപ്പെട്ട പരിഹാരങ്ങളല്ല, മറിച്ച് ഏകോപിതമായ ദീർഘകാല വികസന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications