ബെംഗളൂരിൽ ഈ റോഡുകളിൽ നാളെ ഗതാഗത നിയന്ത്രണം; സുരക്ഷയും ശക്തമാക്കി,മുന്നറിയിപ്പുമായി പോലീസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഞായറാഴ്ചത്തെ ബെംഗളൂരു സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലെ ചില പ്രധാന റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്നും താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ശ്രീ ശ്രീ രവിശങ്കറിൻ്റെ ആർട്ട് ഓഫ് ലിവിംഗുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബെംഗളൂരുവിൽ എത്തുന്നത്. കൂടാതെ എച്ച്എഎൽ എയർപോർട്ടിൽ ബിജെപി പ്രവർത്തകരേയും മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയിടെ സന്ദർശനം കണക്കിലെടുത്ത് നഗരത്തിലെ പ്രധാന പാതകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഓൾഡ് എയർപോർട്ട് റോഡ്, എച്ച്എഎൽ എയർപോർട്ട് പരിസരം, കനകപുര റോഡ് ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗത നിയന്ത്രണം ഉണ്ടാകുക. ഡിജിസിഎ ഓഫീസ് ഭാഗത്തു നിന്ന് എച്ച്എഎ എയർപോർട്ട് ഗേറ്റ് നമ്പർ 30 വരെയുള്ള പാതയിലും എസ്.ഡി റോഡ് ജംഗ്ഷൻ മുതൽ ട്രിനിറ്റി ജംഗ്ഷൻ വരെയുള്ള ഓൾഡ് എയർപോർട്ട് റോഡിലും നിയന്ത്രണം ബാധകമായിരിക്കും.
ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 3 വരെ നൈസ് റോഡിലും ഗതാഗത നിയന്ത്രണം തുടരും. പ്രധാനമന്ത്രിയുടെ പരിപാടികളിൽ പങ്കെടുക്കുന്ന പ്രമുഖർക്കായി എച്ച്എഎ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് പാർക്കിംഗും എച്ച്എഎൽ ബസ് യാർഡ് പാർക്കിംഗും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് വിശ്വേശ്വരയ്യ കോളേജ് ഗ്രൗണ്ടിലാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ 8.30ന് മുമ്പായി എയർപോർട്ട് എക്സിറ്റ് റോഡിലെ ഗേറ്റ് നമ്പർ 2 വഴി പ്രവേശനം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
കനകപുര റോഡിലേക്കും നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിലേക്കും പോകുന്നവർക്ക് പോലീസ് വിവിധ ഇതര റൂട്ടുകളും നിർദേശിച്ചിട്ടുണ്ട്. തുംകൂർ റോഡിൽ നിന്ന് വരുന്നവർ നൈസ് റോഡ് വഴി സിഎംടിഐ ജംഗ്ഷനിലെത്തി രാജ്കുമാർ പുണ്യഭൂമി റോഡ് ഉപയോഗിക്കാമെന്ന് പോലീസ് അറിയിച്ചു. മാഗഡി റോഡിൽ നിന്ന് യാത്ര ചെയ്യുന്നവർ സുമനഹള്ളി ജംഗ്ഷൻ വഴി തിരിഞ്ഞ് പോകുന്നത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കും.
മൈസൂർ റോഡിൽ നിന്ന് കനകപുര ഭാഗത്തേക്ക് പോകുന്നവർ നയന്ദഹള്ളി ജംഗ്ഷൻ വഴി ഔട്ടർ റിംഗ് റോഡിലേക്ക് പ്രവേശിക്കണമെന്നും നിർദേശമുണ്ട്. അതേസമയം ഇലക്ട്രോണിക് സിറ്റി, ബന്നേർഘട്ട ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ബിഡിഎ ജംഗ്ഷൻ, അഞ്ജനാപുര 80 ഫീറ്റ് റോഡ്, കെഎസ്ഐടി ജംഗ്ഷൻ എന്നിവ വഴി തിരിച്ചുവിടും.
കനകപുര മെയിൻ റോഡിലെ A2B ജംഗ്ഷനിലും പ്രത്യേക ഗതാഗത ക്രമീകരണങ്ങളുണ്ട്. കൊനനകുണ്ടെ ക്രോസ്, ഉത്തരാഹಳ್ಳಿ, കെംഗേരി മൈസൂർ റോഡ് വഴി യാത്ര ചെയ്യാമെന്നും മറ്റൊരു റൂട്ടായി നാരായണ നഗർ ജോഡിരസ്തെ, അഞ്ജനാപുര 80 ഫീറ്റ് റോഡ്, ബന്നേർഘട്ട റോഡ് എന്നിവ ഉപയോഗിക്കാമെന്നും പോലീസ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം കാരണം നഗരത്തിൽ ചില സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, അത്യാവശ്യ യാത്രകൾ മാത്രമേ ആ സമയത്ത് നടത്താവൂ എന്ന നിർദേശവും പോലീസ് നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കോ പ്രധാന കേന്ദ്രങ്ങളിലേക്കോ പോകുന്നവർ യാത്രയ്ക്ക് അധികസമയം മാറ്റിവെക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ ട്രാഫിക് പോലീസിന്റെ നിർദേശങ്ങൾ പാലിക്കുകയും നിയന്ത്രിത മേഖലകൾ പരമാവധി ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.












Click it and Unblock the Notifications