ബെംഗളൂരു വിട്ടുപോകാൻ ആളുകൾ തയ്യാറാകാത്തതിന് കാരണം..വൈറലായി കുറിപ്പ്
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും ഉയർന്ന വാടകയും ജീവിതച്ചെലവും സംബന്ധിച്ച പരാതികൾ പതിവാണ്. എന്നാൽ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരിക്കൽ ഇവിടെ താമസിച്ച് തുടങ്ങിയാൽ പിന്നെ മറ്റൊരിടത്തേക്ക് മാറാൻ പലരും താത്പര്യപ്പെടാറില്ല. അതിന് കാരണം എന്താവും? ദാ ഉത്തരം നൽകുകയാണ് ബിഹാർ സ്വദേശിയായ ഒരു യുവാവ് ,അദ്ദേഹത്തിൻ്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അങ്കിത് എന്ന യുവാവാണ് ബെംഗളൂരുവിനെക്കുറിച്ചുള്ള തന്റെ നിരീക്ഷണം പങ്കുവെച്ചത്. ട്രാഫിക്കും ഒറ്റപ്പെടലും ഉയർന്ന വാടകയും നേരിടേണ്ടി വന്നാലും ആളുകൾ നഗരം വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് അങ്കിത് ആവർത്തിക്കുന്നു.

"ഇത് ബെംഗളൂരുവാണ്. ആളുകൾ ഇവിടേക്ക് വരുന്നു. പക്ഷേ ഒരിക്കൽ ഇവിടെ എത്തിയാൽ പിന്നീട് പോകാൻ ആഗ്രഹിക്കുന്നില്ല. ഒറ്റപ്പെടലും ഉത്കണ്ഠയും തലവേദനയെടുപ്പിക്കുന്ന ട്രാഫിക്കും നേരിടേണ്ടി വന്നാലും അവർ ഇവിടെ തുടരുന്നു. ശമ്പളത്തിന്റെ വലിയൊരു ഭാഗം വാടകയ്ക്ക് ചെലവാകുന്നുണ്ടെങ്കിലും," എന്നാണ് അങ്കിത് വീഡിയോയിൽ പറയുന്നത്. ഉയർന്ന തൊഴിലവസരങ്ങളല്ലെ ബെംഗളൂരിൽ ആളുകളെ പിടിച്ച് നിർത്തുന്നത് എന്നാണ് അങ്കിത് പറയുന്നത്. പിന്നെ എന്താണെന്നല്ലേ, ബെംഗളൂരിലെ കാലാവസ്ഥയാത്രേ.
"ഗുരുഗ്രാം, ഡൽഹി, ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും ഐടി കമ്പനികളുണ്ട്. എന്നാൽ ഇവിടുത്തെ കാലാവസ്ഥയാണ് ആളുകളെ മറ്റെവിടേക്കും പോകാൻ അനുവദിക്കാത്തത്', എന്നാണ് അങ്കിതിൻ്റെ നിരീക്ഷണം.
വീഡിയോയ്ക്ക് താഴെ നിരവധി പേർ അങ്കിതിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. "ഇത് സത്യമാണ്" എന്നാണ് ഒരാൾ കുറിച്ചത്. 'മൂന്നോ നാലോ ദശാബ്ദങ്ങൾക്ക് മുമ്പ് ആളുകൾ സ്വപ്‌നങ്ങളുമായി മുംബൈയിലേക്ക് പോയിരുന്നു. ഇപ്പോൾ ആ സ്ഥാനം ബെംഗളൂരുവിനാണ് എന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്.
'ഞാൻ പൂർണമായും യോജിക്കുന്നു,എന്റെ അനുഭവവും ഇതുതന്നെയാണ്' തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെ ഉണ്ട്. ജോലി അവസരങ്ങൾ, വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ, നഗരജീവിതം, കാലാവസ്ഥ എന്നിവയെല്ലാമാണ് ബെംഗളൂരുവിന്റെ പ്രധാന ആകർഷണമെന്ന് പലരും അഭിപ്രായപ്പെട്ടു.
അതേസമയം എല്ലാവരും അങ്കിതിന്റെ വിലയിരുത്തലിനോട് യോജിച്ചില്ല. ബെംഗളൂരുവിൽ ആളുകൾ തുടരുന്നതിന് പ്രധാന കാരണം ജോലി തന്നെയാണെന്നാണ് ചിലരുടെ അഭിപ്രായം. ടവർക്ക് ഫ്രം ഹോം സ്ഥിരമാക്കിയാൽ പുറത്തുനിന്ന് വന്നവരിൽ ഭൂരിഭാഗവും സ്വന്തം നാട്ടിലേക്ക് മടങ്ങും. ബെംഗളൂരുവിന്റെ കാലാവസ്ഥയെ അമിതമായി പ്രശംസിക്കുകയാണ്', എന്ന് ഒരു ഉപയോക്താവ് പ്രതികരിച്ചു.
ട്രാഫിക്കും ഉയർന്ന വാടകയും നഗരജീവിതം ബുദ്ധിമുട്ടാക്കുന്നുണ്ട്. എന്നിരുന്നാലും തൊഴിലവസരങ്ങളാണ് ആളുകളെ ഇവിടെ നിലനിർത്തുന്നത് എന്നാണ് മറ്റൊരാളുടെ അഭിപ്രായം. നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങളെ വിമർശിച്ചും ചിലർ രംഗത്തെത്തി. പല കാൽനടപാതകളും തകർന്ന നിലയിലാണ്. വാഹനങ്ങൾ നടപ്പാതകളിൽ പാർക്ക് ചെയ്യുന്നു. ബെംഗളൂരു വിട്ടതിൽ സന്തോഷമുണ്ട് എന്നായിരുന്നു ഒരു കമൻ്റ്.
ബെംഗളൂരുവിനെക്കുറിച്ചുള്ള ഈ വീഡിയോയ്ക്ക് താഴെ വന്ന പ്രതികരണങ്ങൾ നഗരത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒരുവിഭാഗം ആളുകൾക്ക് മികച്ച തൊഴിൽ അവസരങ്ങളും കാലാവസ്ഥയും ജീവിതശൈലിയുമാണ് ബെംഗളൂരുവിന്റെ പ്രധാന ആകർഷണം എന്ന് പറയുമ്പോൾ മറ്റൊരു വിഭാഗത്തിന് ട്രാഫിക്കും ഉയർന്ന ജീവിതച്ചെലവും അടിസ്ഥാനസൗകര്യ പ്രശ്നങ്ങളുമാണ് നഗരത്തിന്റെ പ്രധാന വെല്ലുവിളികളായി ഉയർത്തുന്നത്. എന്നിരുന്നാലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഇന്നും ആകർഷിക്കുന്ന നഗരങ്ങളിലൊന്നായി ബെംഗളൂരു തുടരുകയാണ്.












Click it and Unblock the Notifications