എഐ ഹെഡ് ഗിയർ ധരിച്ച് പച്ചക്കറി വിൽപ്പന;ബെംഗളൂരു യുവാവിൻ്റെ വീഡിയോ വൈറൽ, ചർച്ച
ക്യാമറകളും വിവിധ സെൻസറുകളും ഘടിപ്പിച്ച ഹെഡ്‌ഗിയർ ധരിച്ച് പച്ചക്കറി വിൽക്കുന്ന യുവാവിൻ്റെ ദൃശ്യങ്ങൾ വൈറൽ. ബെംഗളൂരിൽ നിന്നുള്ളതാണ് വീഡിയോ. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണവുമായി എത്തിയത്. സാധാരണ തൊഴിലുകളിലേക്കും എഐ സാങ്കേതികവിദ്യ അതിവേഗം കടന്നുവരുന്നതിന്റെ ഉദാഹരണമായാണ് പലരും ഇതിനെ ചൂണ്ടിക്കാട്ടുന്നത്.
ഓൺലൈനിൽ പ്രചരിക്കുന്ന വിവരങ്ങൾ പ്രകാരം മനുഷ്യരുടെ ചലനങ്ങൾ, ഇടപെടൽ രീതികൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. ഇതിലൂടെ ഇയാൾക്ക് പ്രതിമാസം ഏകദേശം 1 ലക്ഷം വരെ അധിക വരുമാനം ലഭിക്കുന്നുവെന്ന അവകാശവാദവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഉപകരണത്തിന്റെ യഥാർത്ഥ സ്വഭാവത്തെയും വരുമാന വിവരങ്ങളെയും കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

അതേസമയം വീഡിയോക്ക് താഴെ നിരവധി പേർ കമൻ്റ് ചെയ്യുന്നുണ്ട്. "എഐ മോഡലുകളെ പരിശീലിപ്പിക്കുന്ന ഒരാളിൽ നിന്ന് പച്ചക്കറി വാങ്ങാൻ ബെംഗളൂരുവിൽ മാത്രമേ കഴിയൂ എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. "ഭാവിയിലെ തൊഴിൽ വിപണി ഇങ്ങനെയാകുമോ എന്നാണ് ഇപ്പോൾ തോന്നുന്നത് എന്ന തരത്തിലുള്ള കമൻ്റുകളും ചിലർ പങ്കുവെയ്ക്കുന്നുണ്ട്. പച്ചക്കറി വിൽപ്പന പോലുള്ള സാധാരണ തൊഴിലുകളുമായി അത്യാധുനിക സാങ്കേതികവിദ്യ എത്രമാത്രം ഇഴകി ചേരുന്നുവെന്ന കൌതുകവും ചിലർ പങ്കുവെച്ചു.
അതേസമയം, ചിലർ സ്വകാര്യതയും നൈതികതയും സംബന്ധിച്ച ആശങ്കകളും മുന്നോട്ടുവച്ചു. ആളുകളുടെ ദൈനംദിന പ്രവർത്തനങ്ങളും ചലന വിവരങ്ങളും എങ്ങനെ ശേഖരിക്കുന്നു, അവ എങ്ങനെ ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ഇവർ ഉന്നയിക്കുന്നത്. എഐ പരിശീലനത്തിനായി സാധാരണ ജീവിതം പോലും ഡാറ്റയായി മാറുന്ന സാഹചര്യം ഭാവിയിൽ വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന വിലയിരുത്തലും ചിലർ കുറിക്കുന്നുണ്ട്. സാങ്കേതികവിദ്യ ഇനി കോർപ്പറേറ്റ് ഓഫീസുകളിലും ഗവേഷണ കേന്ദ്രങ്ങളിലുമൊതുങ്ങുന്നില്ലെന്നും, അത് സാധാരണ തൊഴിലുകളുടെയും തെരുവ് ജീവിതത്തിന്റെയും ഭാഗമാകുകയാണെന്നുമാണ് ഈ വൈറൽ വീഡിയോ വീണ്ടും ചൂണ്ടിക്കാട്ടുന്നതെന്നും ചിലർ കമൻ്റ് ചെയ്തു.
പുതിയ തരത്തിലുള്ള വരുമാന സാധ്യതയായാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സാങ്കേതിക വിദ്യയും സാധാരണ തൊഴിലും ഒരുമിച്ച് ചേരുന്ന പുതിയ പ്രവണതയുടെ സൂചനയായാണ് വീഡിയോയെ ചിലർ വിശേഷിപ്പിക്കുന്നത്. എഐ ഇനി ടെക് കമ്പനികളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, അത് ക്രമേണ സാധാരണ ജീവിതത്തിന്റെയും തെരുവ് വ്യാപാരത്തിന്റെയും ഭാഗമാകുകയാണെന്നും മറ്റ് ചിലർ പറഞ്ഞു.












Click it and Unblock the Notifications