ബെംഗളൂരു ഡബിള്‍ ഡെക്കര്‍ ഫ്‌ലൈഓവര്‍; ഉദ്ഘാടനം വീണ്ടും മാറ്റി
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ഫ്‌ലൈഓവറിലൂടെ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) റാഗിഗുഡ്ഡ ഡബിള്‍ ഡെക്കര്‍ ഫ്‌ലൈഓവറിന്റെ രണ്ടാം ഭാഗത്തിന്റെ ഉദ്ഘാടനം 2026 ജനുവരി അവസാനത്തിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. തിരക്കേറിയ എച്ച്എസ്ആര്‍ ലേഔട്ട്ഇലക്ട്രോണിക്‌സ് സിറ്റി ഇടനാഴിയിലെ യാത്രക്കാര്‍ക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും എന്ന് സാരം.
ഫ്‌ലൈഓവര്‍ പൂര്‍ത്തിയായി ഉപയോഗത്തിന് തയ്യാറായി ഒരു മാസത്തോളമായിട്ടും ഈ കാലതാമസം പലരെയും അത്ഭുതപ്പെടുത്തി. നേരത്തെ, 2025 ഡിസംബറോടെ രണ്ടാമത്തെ ഭാഗവും തുറക്കുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചിരുന്നു. ഏകദേശം 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഫ്‌ലൈഓവര്‍ പദ്ധതി 449 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. റാഗിഗുഡ്ഡയെ എച്ച്എസ്ആര്‍ ലേഔട്ടുമായി ബന്ധിപ്പിക്കുന്ന ഒരു ഭാഗം 2024 ജൂലൈ മുതല്‍ പ്രവര്‍ത്തനക്ഷമമാണ്.

അതിനാല്‍ തിരക്കേറിയ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനിലെ തിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും, എച്ച്എസ്ആര്‍ ലേഔട്ടില്‍ നിന്നും ഇലക്ട്രോണിക്‌സ് സിറ്റിയില്‍ നിന്നും റാഗിഗുഡ്ഡയിലേക്കുള്ള റിവേഴ്‌സ് ആം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഈ കാലതാമസം സമീപവാസികളില്‍ നിരാശയ്ക്ക് കാരണമായിട്ടുണ്ട്, പൂര്‍ത്തീകരിച്ച പൊതു പദ്ധതി ഉപയോഗിക്കാതെ കിടക്കുന്നത് നികുതിദായകരുടെ പണം പാഴാക്കലാണെന്ന് അവര്‍ പറയുന്നു.
അതേസമയം നിരവധി നാട്ടുകാര്‍, തുറക്കാത്ത ഫ്‌ലൈഓവര്‍ പ്രഭാത ജോഗിംഗിനുള്ള ട്രാക്കായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സാധാരണ യാത്രക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഡബിള്‍ ഡെക്കര്‍ എത്രത്തോളം ഫലപ്രദമാണെന്ന് ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ടെന്ന് എന്ന് മാറത്തഹള്ളിക്കും ബന്നാര്‍ഘട്ടയ്ക്കും ഇടയില്‍ സഞ്ചരിക്കുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു. BTM ലേഔട്ട് ഭാഗത്തുനിന്ന് സില്‍ക്ക് ബോര്‍ഡിലേക്കുള്ള ഗതാഗതം കുറഞ്ഞുവെന്നും HSR ലേഔട്ട് ഭാഗത്തുനിന്ന് അടച്ചിട്ട ഭാഗം കാരണം തിരക്ക് കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ബാക്കിയുള്ള ഭാഗം തുറക്കേണ്ടത് നിര്‍ണായകമാണെന്ന് അത്യാവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 90 ശതമാനത്തോളം ജോലികളും പൂര്‍ത്തിയായതായും 2026 ജനുവരി അവസാനത്തോടെ ഫ്‌ലൈഓവര്‍ തുറക്കുമെന്ന് ഒരു ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥന്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. എച്ച്എസ്ആര്‍, പരപ്പന അഗ്രഹാര വശങ്ങളിലെ കനത്ത ഗതാഗതക്കുരുക്കും പ്രവൃത്തി സമയത്തിലെ നിയന്ത്രണങ്ങളും പുരോഗതിയെ മന്ദഗതിയിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇത് തുറന്നുകഴിഞ്ഞാല്‍, പൂര്‍ണ ഡബിള്‍ ഡെക്കര്‍ ഫ്‌ലൈഓവര്‍ യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഇടനാഴികളില്‍ ഒന്നിലൂടെയുള്ള ഗതാഗതം സുഗമമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications