വ്യാജരേഖയുണ്ടാക്കി പുത്തന്‍ ബെന്‍സ് കാര്‍ തട്ടിയെടുത്തു; സുരേഷ് ഗോപിയുടെ സഹോദരനെതിരെ പുതിയ പരാതി
കോയമ്പത്തൂര്‍ : ഭൂമി തട്ടിപ്പ് കേസില്‍ നടനും ബി ജെ പി എം പിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. കോടതി വില്‍പന അസാധുവാക്കിയ ഭൂമി ആണെന്ന വിവരം മറച്ചു വെച്ച് ആ ഭൂമി വില്‍ക്കാന്‍ ശ്രമിക്കുകയും , കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരിച്ചു നല്‍കിയില്ല എന്നും ആണ് സുനില്‍ ഗോപിയ്ക്കെതിരായ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കോയമ്പത്തൂരിലെ ജില്ലാ ക്രൈം ബ്രാഞ്ചാണ് സുനില്‍ ഗോപിയെ അറസ്റ്റ് ചെയ്തത് .
ഇപ്പോള്‍ കേസില്‍ റിമാന്‍ഡിലുള്ള സുനില്‍ ഗോപിക്കെതിരെ മറ്റൊരു പരാതിയുമായ രംഗത്തെത്തിയിരിക്കുകയാണ് കോയമ്പത്തൂരിലെ വ്യവസായി . 97 ലക്ഷം രൂപയ്ക്ക് പുറമെ ബെന്‍സ് കാറും തട്ടിയെടുത്തെന്നാണ് പരാതി. വ്യവസായി ഗിരിധറാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് .

ഉപയോഗിക്കാന്‍ നല്‍കിയ കാര്‍ സുനില്‍ ഗോപി സ്വന്തം പേരിലാക്കി. വ്യാജ രേഖ ഉണ്ടാക്കിയാണ് കാര്‍ സ്വന്തം പേരിലാക്കിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഗിരിധര്‍ ആരോപിക്കുന്നു . സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നാണ് വിവരം. ഗിരിധര്‍ തന്നെയാണ് നേരത്തെ ഭൂമി തട്ടിപ്പ് കേസില്‍ പരാതി നല്‍കിയത് . സുനില്‍ ഗോപി നവക്കരയിലെ 4. 52 ഏക്കര്‍ ഭൂമി മറ്റൊരാളില്‍ നിന്ന് വാങ്ങിയിരുന്നു.എന്നാല്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ അസാധുവാണെന്ന് കോടതി അറിയിച്ചു.
ഈ വിവരം മറച്ചു വെച്ച് ഭൂമി ഗിരിധരന് വില്‍ക്കാന്‍ ശ്രമിച്ചു. ഇതിന്റെ അഡ്വാന്‍സ് തുകയായി സുനില്‍ 97 ലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തു. എന്നാല്‍ ഭൂമിയുടെ രേഖകള്‍ സുനില്‍ ഗോപിയുടെ പേരിലല്ലെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ ഗിരിധരന്‍ അഡ്വാന്‍സ് തുക തിരികെ ചോദിച്ചു . എന്നാല്‍ പണം തിരികെ നല്‍കാന്‍ സുനില്‍ ഗോപി തയ്യാറായില്ല .
ഇതേ തുടര്‍ന്നാണ് വ്യാവസായി പരാതി നല്‍കാന്‍ തീരുമാനിച്ചത് . സുനില്‍ ഗോപി ഉള്‍പ്പെടെയുള്ള മൂന്ന് പേരുടെ അക്കൗണ്ടിലേക്കാണ് അഡ്വാന്‍സ് തുക നിക്ഷേപിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളെ കൂടാതെ മറ്റ് രണ്ട് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട് . വഞ്ചനാ കുറ്റത്തിനാണ് കഴിഞ്ഞ ദിവസം സുനില്‍ ഗോപിയുടെ പേരില്‍ കേസെടുത്തിരിക്കുന്നത് .












Click it and Unblock the Notifications