പുടിന്‍ മാത്രമല്ല, ജിന്‍പിങും എത്തിയേക്കില്ല; ജി20 ഉച്ചകോടിക്ക് ചൈന പ്രധാനമന്ത്രിയെ അയച്ചേക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം ചൈനീസ് പ്രധാനമന്ത്രി ലി കിയാങ് ആയിരിക്കും എത്തുക എന്നാണ് റോയിട്ടേഴ്‌സ് വാര്‍ത്ത. ചൈനയുടെയും ഇന്ത്യയുടെയും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരമാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്തംബര്‍ 9, 10 തിയ്യതികളിലാണ് ജി20 ഉച്ചകോടി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനമാണിത്. ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഒരുക്കുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റ് എത്തില്ല എന്ന വിവരം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യയുടേയോ ചൈനയുടേയോ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് എത്തുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ജോ ബൈഡനും ഷി ജിന്‍പിങും തമ്മിലുള്ള ചര്‍ച്ചയ്ക്കു കൂടി ഇന്ത്യ വേദിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല, ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ടായിന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം സാധ്യതകള്‍ മങ്ങി.
കഴിഞ്ഞ വര്‍ഷത്തെ ജി20 ഉച്ചകോടി നടന്നത് ഇന്തോനേഷ്യയിലെ ബാലിയിലായിരുന്നു. അന്നാണ് അമേരിക്കയുടെയും ചൈനയുടെയും പ്രസിഡന്റുമാര്‍ ഏറ്റവും ഒടുവില്‍ ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ നേതാക്കള്‍ ഒരുമിച്ച് കാണുന്നത് മഞ്ഞുരുക്കുന്നതിന് ഇടയാക്കിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനിടെ ചൈന പുറത്തിറക്കിയ പുതിയ ഭൂപടവും വിവാദമായിട്ടുണ്ട്.
അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈനയുടേതായി അടയാളപ്പെടുത്തിയാണ് പുതിയ ഭൂപടം ചൈന പുറത്തിറക്കിയിരിക്കുന്നത്. മാത്രമല്ല, മറ്റു അയല്‍രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളും ചൈന തങ്ങളുടേതായി അടയാളപ്പെടുത്തിയിട്ടുണ്ട്. ചൈനയോട് കടുത്ത ഭാഷയില്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചതോടെ വിഷയം സജീവ ചര്‍ച്ചയാണ്.
പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ചൈനയോട് നിലവില്‍ സമീപനം കടുപ്പിക്കേണ്ട എന്നാണ് ഇന്ത്യ ആലോചിക്കുന്നത്രെ. ജി20 ഉച്ചകോടി നടക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്. രാഹുല്‍ ഗാന്ധി, ശശി തരൂര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെല്ലാം ചൈനക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനം അവര്‍ ചോദ്യം ചെയ്യുകയുമുണ്ടായി.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജി20 ഉച്ചകോടിക്ക് എത്തില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ നടപടി അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ റഷ്യയ്ക്ക് പുറത്തേക്കുള്ള യാത്രകള്‍ പുടിന്‍ കരുതലോടെയാണ് നടത്തുന്നത്. വിദേശകാര്യ മന്ത്രി സെര്‍ജീ ലാവ്‌റോവ് ആണ് റഷ്യയെ പ്രതിനിധീകരിച്ച് ജി20 ഉച്ചകോടിയിലുണ്ടാകുക.












Click it and Unblock the Notifications