ഭഗവന്ത് മാൻ പഞ്ചാബ് മുഖ്യമന്ത്രിയായി മാര്‍ച്ച് 16 ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് ഭഗത് സിംഗിന്റെ ഗ്രാമത്തിൽ
അമൃത്സര്‍ : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ, ആം ആദ്മി പാര്‍ട്ടി നേതാവും സംസ്ഥാനത്തിന്റെ നിയുക്ത മുഖ്യമന്ത്രിയുമായ ഭഗവന്ത് സിംഗ് മാന്‍ മാര്‍ച്ച് 16 ന് സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ ഖട്കര്‍ കാലാനില്‍ വെച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പറഞ്ഞു. ഗവര്‍ണറെ കണ്ടു, ഞങ്ങളുടെ എം എല്‍ എമാരുടെ പിന്തുണ കത്ത് നല്‍കി, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചെന്ന് ഭഗവന്ത് മാന്‍ പറഞ്ഞു. അതേസമയം , മുമ്പൊരിക്കലും എടുക്കാത്ത ചരിത്രപരമായ തീരുമാനങ്ങളും മാന്‍ വാഗ്ദാനം ചെയ്തു .
പഞ്ചാബിലുടനീളമുള്ള വീടുകളില്‍ നിന്നുള്ള ആളുകള്‍ ചടങ്ങിനെത്തുമെന്നും അവര്‍ ഭഗത് സിംഗിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുമെന്നും മാന്‍ വ്യക്തമാക്കി. നമുക്കൊരു നല്ല മന്ത്രിസഭയുണ്ടാകും, ചരിത്രപരമായ തീരുമാനങ്ങള്‍ - മുമ്പൊരിക്കലും ഉണ്ടാകാത്തത് - ഉണ്ടാകും. അതിന് വേണ്ടി നിങ്ങള്‍ കാത്തിരിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി . വെള്ളിയാഴ്ച മൊഹാലിയില്‍ നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് 48 കാരനായ ഭഗവന്ത് മാനെ എഎപി ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തത്.

തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ മാന്‍ ക്ഷണിച്ചു. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 92 സീറ്റുകളാണ് എഎപി നേടിയത്. ഇതോടെ കോണ്‍ഗ്രസും എസ്എഡി-ബിഎസ്പി സഖ്യത്തെയും തകരുന്ന കാഴ്ചയാണ് പുറത്തുവന്നത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, എസ്എഡി ഗോത്രപിതാവ് പ്രകാശ് സിംഗ് ബാദല്‍, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരെ പരാജയപ്പെടുത്തിയാണ് ആം ആദ്മി പഞ്ചാബില്‍ ചരിത്ര വിജയം സ്വന്തമാക്കിയത്.
Recommended Video
അതേസമയം, പഞ്ചാബ് ഭരണം സ്വന്തമാക്കിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനുള്ള ശ്രമത്തിലാണ്. ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തീരുമാനം. ഗോവയില്‍ രണ്ട് സീറ്റ് നേടി അക്കൗണ്ട് തുറന്ന പിന്നാലെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് പദ്ധതി. കൂടാതെ തെലങ്കാന , ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കേരളം, പുതുച്ചേരി, ആന്തമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ അംഗത്വ കാമ്പയിന്‍ തുടങ്ങാന്‍ എ എ പി തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications