Bharat Bandh Today: ഭാരത് ബന്ദ് ആരംഭിച്ചു, കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍; ബാങ്കുകള്‍ പ്രവര്‍ത്തിക്കുമോ?
ന്യൂഡല്‍ഹി: എസ് സി-എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ദളിത്-ആദിവാസി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേരളത്തിലും ആരംഭിച്ചു. വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഭാരത് ബന്ദും ഹര്‍ത്താലും ജനജീവിതത്തെ ബാധിക്കില്ല. സ്‌കൂള്‍, കോളേജ്, പൊതുഗതാഗതം അടക്കമുള്ളവ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കും. അതേസമയം ഹര്‍ത്താല്‍ അനുഭാവികള്‍ പലയിടത്തും പ്രകടനങ്ങളും യോഗങ്ങളും നടത്തും. അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബന്ദ് പൊതുഗതാഗതത്തെയും സ്വകാര്യ ഓഫീസുകളെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാല്‍ ആശുപത്രി, ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. രാജ്യത്തുടനീളമുള്ള ബാങ്കുകളുടെ പ്രവര്‍ത്തനവും തടസപ്പെടില്ല. ഭാരത് ബന്ദ് ഏറ്റവുമധികം സ്വാധീനം ചെലുത്തുക രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാജസ്ഥാനില്‍ ഭാരത് ബന്ദിനോട് അനുബന്ധിച്ച് ജയ്പൂര്‍, ദൗസ, സവായ് മധോപൂര്‍, ഡീഗ്, ഭരത്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളും കോച്ചിംഗ് ക്ലാസുകളും തുറക്കില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗംഗാപൂര്‍ സിറ്റിയിലെ തോഡഭീമിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ഇന്ന് അവധി അഭ്യര്‍ത്ഥിച്ച് അപേക്ഷ സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ്, ആര്‍ജെഡി, ബിഎസ്പി, ജെഎംഎം, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ഈ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊതു സേവനങ്ങളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ എസ്സി ഉത്തരവിനെതിരെ കടുത്ത അമര്‍ഷമുണ്ടെന്ന് ബിഎസ്പി ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ആകാശ് ആനന്ദ് പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങളിലെ പിന്നാക്ക ജീവനക്കാരുടെ കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ അവരുടെ ജാതി അടിസ്ഥാനത്തിലുള്ള ഡാറ്റ ഉടന്‍ പുറത്തുവിടണമെന്നും ദളിത്-ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്ത് ഒന്നിനാണ് സുപ്രീം കോടതി ഏഴംഗ ബെഞ്ച് 6:1 ഭൂരിപക്ഷത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉപസംവരണത്തിന് സ്ഥാനങ്ങള്‍ക്കനുസൃതമായി സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന വിധി പുറപ്പെടുവിച്ചത്.
ഇതിന് പിന്നാലെ ദളിത്-ആദിവാസി സംഘടനകള്‍ വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. തൊഴിലിലും വിദ്യാഭ്യാസത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ദളിത്, ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications