കൊവാക്സിന് ആര്‍ക്കൊക്കെ ഉപയോഗിക്കാം? മാര്‍ഗരേഖ പുറത്തിറക്കി ഭാരത് ബയോടെക്ക്
ന്യൂഡല്‍ഹി; ഇന്ത്യയില്‍ വിതരണാനുമതി നേടിയ ഭാരത് ബയോടെക്കിന്റെ കോവാക്സിന് ആര്‍ക്കൊക്കെ ഉപയോഗിക്കാം ആരൊക്കെ ഉപയോഗിക്കരുത് എന്നതിന് മാര്‍ഗ്ഗ രേഖയുമായി ഭാരത് ബയോടെക്ക് കമ്പനി. കമ്പനി പ്രസിദ്ധീകരിച്ച ഫാക്ട് ഷീറ്റില്‍ അലര്‍ജി പനി പോലെയുള്ള വിഷമങ്ങള്‍ അനുഭവിക്കുന്നവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം കേട്ടതിന് ശേഷം മാത്രമേ എടുക്കാവൂ എന്ന് കമ്പനി പറയുന്നു.
പ്രതിരോധശേഷിയെ ബാധിക്കുന്ന മരുന്ന് കഴിക്കുന്നവരും വാക്സിന് ഒഴിവാക്കണം. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്തരീകളും ഈ വാക്സിന് ഉപയോഗിക്കാന്‍ പാടില്ല.മറ്റൊരു കൊവിഡ് വാക്സിന് സ്വീകരിച്ചവരും കോവാക്സിന് എടുക്കേണ്ടതില്ല എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.
രാജ്യവ്യാപകമായി വാക്സിന് വിതരണം തുടങ്ങിയതിന് ശേഷം സ്വീകരിച്ചവരില്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കമ്പനിയുടെ നിര്‍ദേശം. കൊവിഡ് സ്വീകരിച്ച ചിലര്‍ മരണപ്പെട്ടുവെങ്കിലും ഇവരുടെ മരണംകാരണം സ്ഥിരീകരിച്ചിട്ടില്ല. കോവാക്സിന് സ്വീകരിച്ച് ആര്‍ക്കെങ്കിലും പാര്‍ശ്വഫലമുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഭാരത് ബയോടെക്കിനായിരിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഭാരത് ബയോടെക്കിന്റെ കോവാക്സിന് സ്വീകരിക്കുന്നവരില്‍ നിന്നും പ്രത്യേക സമ്മതപത്രം വാങ്ങിക്കുന്നുണ്ട്. മുന്‍കരുതലുകളോടെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് കോവാക്സിന് അനുമതി നല്‍കിയിരിക്കുന്നതെന്നും അനുമതിപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അംഗീകൃത ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ചികിത്സ തേടണം. വാക്സിന്റെ പാര്‍ശ്വഫലമാണെന്ന് തെളിയിക്കപ്പെട്ടാല്‍ വാക്സിന് ഉല്പാദകരായ ഭാരത് ബയോടെക്ക് നഷ്ടപരിഹാരം നല്‍കുമെന്നും സമ്മത പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മൂന്നാം ഘട്ട പരീക്ഷണ ഘട്ടം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ കോവാക്സിന് വിതരാണാനുമതി നല്‍കിയതില്‍ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോവാക്സിന് സ്വാകരിക്കാന്‍ തയാറല്ലെന്നും തങ്ങള്‍ക്ക് കൊവിഷീല്‍ഡ് വാക്സിന് മതിയെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു.