അദ്വാനിക്ക് ഭാരതരത്ന; രാജ്യത്തിന് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്ന. അദ്വാനിയുമായി നേരിട്ട് സംസാരിച്ചു എന്നും ഈ ബഹുമതി ലഭിച്ചതില്‍ അഭിനന്ദിക്കുകയും ചെയ്തു എന്നും പ്രധാനമന്ത്രി തന്റെ എക്‌സ് അക്കൗണ്ടില്‍ പറഞ്ഞു.
'നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ സ്മരണീയമാണ്. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ച് നമ്മുടെ ഉപപ്രധാനമന്ത്രിയായി രാഷ്ട്രത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്റെത്. നമ്മുടെ ആഭ്യന്തര മന്ത്രി എന്ന നിലയിലും അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചു,' മോദി പറഞ്ഞു.

അദ്വാനിയുടെ പാര്‍ലമെന്ററി ഇടപെടലുകള്‍ എല്ലായ്‌പ്പോഴും മാതൃകാപരമാണ് എന്നും വിശാലമായ ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞതാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ ധാര്‍മ്മികതയില്‍ മാതൃകാപരമായ നിലവാരം പുലര്‍ത്തിയ നേതാവാണ് അദ്വാനി എന്നും മോദി പറഞ്ഞു. അദ്വാനിുടെ പൊതുജീവിതത്തിലെ പതിറ്റാണ്ടുകള്‍ നീണ്ട സേവനം, സുതാര്യതയ്ക്കും സമഗ്രതയ്ക്കും വേണ്ടി അടയാളപ്പെടുത്തിയിരിക്കുന്നു.
രാഷ്ട്രീയ ധാര്‍മ്മികതയില്‍ മാതൃകാപരമായ മാനദണ്ഡം അദ്ദേഹം സ്ഥാപിച്ചു. ദേശീയ ഐക്യത്തിനും സാംസ്‌കാരിക പുനരുജ്ജീവനത്തിനും വേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങള്‍ നടത്തി എന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്വാനിക്ക് ഭാരതരത്ന സമ്മാനിച്ചത് തനിക്ക് വളരെ വൈകാരികമായ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. അദ്വാനിയുമായി ഇടപഴകാനും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനും എണ്ണമറ്റ അവസരങ്ങള്‍ ലഭിച്ചു.
അത് തനിക്ക് ലഭിച്ച ബഹുമതിയായി കണക്കാക്കുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായും നിരവധി മന്ത്രാലയങ്ങളുടെ തലവനായും അദ്വാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970 മുതല്‍ 2019 വരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്നു. അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കലിന് വഴിവെച്ച രഥയാത്ര നടത്തിയത് അദ്വാനിയായിരുന്നു.
ബാബ്‌റി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം പണിത് അതിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴാണ് അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബി ജെ പിയുടെ സഹസ്ഥാപകരില്‍ ഒരാളാണ് എല്‍ കെ അദ്വാനി.
1998 മുതല്‍ 2004 വരെ ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തര മന്ത്രിയായിരുന്ന അദ്വാനിയുടെ പേരിലാണ് ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായതിന്റെയും റെക്കോഡ്. 2009ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു. 97 കാരനായ അദ്ദേഹം നിലവില്‍ വാര്‍ധക്യ സഹജമായ അവശതകളാല്‍ പൊതുരംഗത്ത് വരാറില്ല.












Click it and Unblock the Notifications