രാമക്ഷേത്രം സ്ഥാപിതമായി: പിന്നാലെ രഥയാത്രയുടെ അമരക്കാരന് ഭാരത രത്നവും
ബിജെപിയുടെ സ്ഥാപക നേതാവായ എല്‍കെ അദ്വാനിക്ക് രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്‍കുന്നതിലൂടെ കൃത്യമായ സന്ദേശം കൂടിയാണ് കേന്ദ്ര സർക്കാർ നല്‍കുന്നത്. അയോധ്യ രാമക്ഷേത്രനിർമാണത്തിനു പിന്തുണ തേടി 1990 ല്‍ ഗുജറാത്തിലെ സോമാനഥ ക്ഷേത്രം മുതല്‍ അഡ്വാനി നടത്തിയ രഥയാത്രയാണ് ബിജെപിക്ക് രാജ്യത്ത് അടിത്തറയിടുന്നത്. അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ട് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പേയാണ് അദ്ദേഹത്തെ തേടി ഭാരത് രത്ന എത്തുന്നത് എന്നതുമാണ് ശ്രദ്ധേയം.
രഥയാത്രയും ബാബരി മസ്ജിദ് തകർക്കലും ഇല്ലായിരുന്നെങ്കിലും ഒരു പക്ഷെ രാജ്യത്ത് ബി ജെ പി അധികാരത്തില്‍ തന്നെ എത്തുമായിരുന്നില്ല. ആ സാഹചര്യത്തില്‍ പാർട്ടിയുടെ ഇന്നത്തെ നേട്ടങ്ങള്‍ക്ക് ബി ജെ പി ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നതും അദ്വാനിയെന്ന നേതാവിനോടാണ്.

അയോദ്ധ്യയിൽ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യവുമായി 1990 ലാണ് അദ്വാനി രഥയാത്ര നടത്തുന്നത്. 'മന്ദിർ വാഹിൻ ബനായേംഗേ' എന്ന മുദ്രാവാക്യം ഉയർത്തി അദ്വാനി മുന്നില്‍ നിന്നപ്പോള്‍ പതിനായിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തോടൊപ്പം കൂടി.
1990 സെപ്തംബർ 25ന് തുടങ്ങി ഒക്ടോബർ 30ന് അയോധ്യയിൽ അവസാനിക്കുക എന്ന രീതിയിലായിരുന്നു രഥയാത്ര സംഘടിക്കപ്പെട്ടത്. എന്നാല്‍ ഒക്ടോബർ 23-ന് ബിഹാറിൽ സമസ്തിപൂർ എന്ന സ്ഥലത്തുവച്ച് വച്ച് എൽകെ അദ്വാനി അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഈ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ ഈ യാത്രയുടെ അനന്തര ഫലമായിട്ടാണ് 1992 ല്‍ ബാബരി മസ്ജിദ് തകർക്കപ്പെടുന്നത്.
ബാബറി മസ്ജിദ് തകർത്ത കേസിന്റെ ഗൂഡാലോചനയില്‍ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, നിലവിലുള്ള രാം മന്ദിര് ട്രസ്റ്റ് പ്രസിഡൻ്റ് നൃത്യ ഗോപാൽ ദാസ് എന്നിവരുൾപ്പെടെ 32 പേർ കേസില്‍ പ്രതികളായിരുന്നു. 28 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ മസ്ജിദ് തകർക്കല്‍ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് തെളിയിക്കാനാകാതെ 32 പേരേയും വെറുതെ വിടുകയും ചെയ്തു.
അതേസമയം " ശ്രീരാമക്ഷേത്രം: ഒരു ദിവ്യസ്വപ്‌നം പൂർത്തീകരണം" എന്നായിരുന്നു രാഷ്ട്രധർമ്മ മാസികയിൽ ഒരിക്കല്‍ അഡ്വാനി എഴുതിയത്. "രഥയാത്ര തുടങ്ങി ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ സാരഥി മാത്രമാണെന്ന് തിരിച്ചറിഞ്ഞു. യാത്രയുടെ യഥാർത്ഥ ദൂതൻ രഥം തന്നെയായിരുന്നു. ശ്രീരാമൻ്റെ ജന്മസ്ഥലമായ അയോധ്യയിലേക്ക്, അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുന്ന ഒരു മഹത്തായ ക്ഷേത്രം പണിയുക എന്ന മഹത്തായ ഉദ്ദേശ്യത്തിനായി അത് ചലിച്ചു," അദ്വാനി ലേഖനത്തിൽ എഴുതി.
"പ്രധാനമന്ത്രി മോദി ക്ഷേത്രം പ്രതിഷ്ഠിക്കുമ്പോൾ, അദ്ദേഹം ഇന്ത്യയിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കും. ശ്രീരാമൻ്റെ മൂല്യങ്ങൾ ഉൾക്കൊള്ളാൻ ഈ ക്ഷേത്രം ഇന്ത്യക്കാരെ പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." എന്നും നേരത്തെ അദ്വാനി വ്യക്തമാക്കിയിരുന്നു. രഥയാത്രയില്‍ അദ്വാനിയുടെ അനുയായികളില്‍ ഒരാളായിരുന്നു നരേന്ദ്ര മോദി.
ഏഴ് തവണ ലോക്സഭാംഗമായിരുന്ന അഡ്വാനി വാജ്പേയി സർക്കാറിന്റെ കാലത്ത് ഉപപ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 2004-09 കാലത്ത് പ്രതിപക്ഷ നേതാവുമായിരുന്നു അദ്വാനി.












Click it and Unblock the Notifications