ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റു; ആക്രമണം കാറില്‍ സഞ്ചരിക്കുന്നതിനിടെ
ലഖ്‌നൗ: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റു. കാറില്‍ സഞ്ചരിക്കവെയായിരുന്നു ആസാദിന് നേരെ അജ്ഞാതരുടെ ആക്രമണം. പരിക്കേറ്റ ആസാദിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിലാണ് അക്രമികള്‍ എത്തിയത്. ആക്രമണം നടക്കുമ്പോള്‍ ആസാദ് മറ്റൊരു കാറില്‍ സഞ്ചരിക്കുകയായിരുന്നു.
അക്രമികള്‍ പിന്നില്‍ നിന്ന് കാറിനടുത്തെത്തി ഒന്നിലധികം റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് വിവരം. ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ ഏതാനും പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് എസ് എസ ്പി ഡോ വിപിന്‍ ടാഡ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും ചന്ദ്രശേഖര്‍ ആസാദിന് സുരക്ഷ നല്‍കണം എന്നും ഭീം ആര്‍മി ആവശ്യപ്പെട്ടു. ബഹുജന്‍ മിഷന്‍ പ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ് ചന്ദ്രശേഖര്‍ ആസാദിന് നേരെ നടന്ന കൊലപാതകശ്രമം എന്നും ഭീ ആര്‍മി ആരോപിച്ചു. ദിയോബാന്ദ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ദിയോബാന്ദില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. അഭിഭാഷകനായ ചന്ദ്രശേഖര്‍ ആസാദ് സമീപകാലത്ത് രാജ്യത്ത് നടന്ന് നിരവധി ദളിത് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഭീം ആര്‍മിയുടെ സഹസ്ഥാപകനും ദേശീയ പ്രസിഡന്റുമാണ്. സതീഷ് കുമാര്‍, വിനയ് രത്തന്‍ സിംഗ് എന്നിവര്‍ക്കൊപ്പം 2014-ല്‍ ആണ് ചന്ദ്രശേഖര്‍ ആസാദ് ഭീം ആര്‍മി സ്ഥാപിച്ചത്.
2020 മാര്‍ച്ച് 15-ന് ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷിറാം) എന്ന രാഷ്ട്രീയ പാര്‍ട്ടിയും അദ്ദേഹം ആരംഭിച്ചിരുന്നു. 2020 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പപ്പു യാദവ് നയിക്കുന്ന ജന്‍ അധികാര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചിരുന്നു. സിഎഎ വിരുദ്ധ സമരം, ശ്രീ ഗുരു രവിദാസ് ഗുരുഘര്‍ തകര്‍ത്തതിനെതിരായ പ്രതിഷേധം, ഹത്രാസ് കൂട്ടബലാത്സംഗത്തിനെതിരായ പ്രതിഷേധം എന്നിവയുടെ പേരില്‍ പലതവണ ആസാദിനെ അറസ്റ്റ് ചെയ്തിരുന്നു.
2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗൊരഖ്പൂരില്‍ നിന്ന് യോഗി ആദിത്യനാഥിനെതിരെ മത്സരിച്ചിരുന്നു. എന്നാല്‍ ബി എസ് പിക്കും എസ് പിക്കും പിന്നില്‍ നാലാമതായാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. 7243 വോട്ടാണ് ചന്ദ്രശേഖര്‍ ആസാദിന് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.












Click it and Unblock the Notifications