ഭോപ്പാൽ വാതക ദുരന്തം; 7844 കോടി രൂപ കൂടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സർക്കാർ ഹർജി തള്ളി

ദില്ലി: ഭോപ്പാൽ വിഷവാതക ദുരന്ത ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാസം ആവശ്യപ്പെട്ട് കൊണ്ടുള്ള കേന്ദ്രസർക്കാർ ഹർജി തള്ളി സുപ്രീം കോടതി. 1984 ലെ ദുരന്തത്തിന്റെ ഇരകൾക്ക്, യൂണിയൻ കാർബൈഡ് കോർപറേഷന്റെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കൽസിൽ നിന്ന് 7,844 കോടി രൂപയുടെ അധിക നഷ്ടപരിഹാരം അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. നഷ്ടപരിഹാരം സംബന്ധിച്ച് രണ്ട് പതിറ്റാണ്ടിന് ശേഷം ആവശ്യം ഉന്നയിച്ച കേന്ദ്ര നടപടിയേയും സുപ്രീം കോടതി വിമർശിച്ചു.
ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രണ്ട് പതിറ്റാണ്ടിന് ശേഷവും ഈ വിഷയം ഉന്നയിക്കുന്നതിന് ഒരു യുക്തിയും നൽകാത്ത കേന്ദ്രസർക്കാർ നടപടിയിൽ അതൃപ്തിയുണ്ടെന്ന് കോടതി പ്രതികരിച്ചു. നഷ്ടപരിഹാര തുകയിൽ കുറവുണ്ടെങ്കിൽ അത് നികത്തേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിന് ഉണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.റിസർവ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ബെഞ്ച് നിർദ്ദേശിച്ചു.
അതേസമയം ഒത്തുതീർപ്പിന്റെ സമയത്ത് തുക അപര്യാപ്തമാണെന്ന് കേന്ദ്രം ഒരിക്കലും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നായിരുന്ന ഡൗ കെമിക്കൽസ് കോടതിയെ അറിയിച്ചത്. 1989ല്‍ യൂണിയൻ കാർബൈഡ് കോർപറേഷൻ 715 കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി നൽകിയത്.
1984 ഡിസംബറിൽ നടന്ന ഭോപ്പാൽ ദുരനത്തിൽ 3,000 ത്തോളം പേർക്കായിരുന്നു ജീവൻ നഷ്ടപ്പെട്ടത്. യൂണിയൻ കാർബൈഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കീടനാശിനി പ്ലാന്റിൽ നിന്ന് ഏതാണ്ട് 40 ടൺ അപകടകരമായ വാതകമാണ് ചോർന്നത്. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ പ്ലാന്റിലായിരുന്നു ദാരുണ സംഭവം നടന്നത്.ധ്യപ്രദേശ് സർക്കാരിന്റെ കണക്കുകൾ പ്രകാരം ഭോപ്പാലിലും പരിസര പ്രദേശത്തുമായി 3,787 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications