ഭൂപേന്ദ്ര പട്ടേല്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; മോദിയും അമിത് ഷായും പങ്കെടുക്കും
ഗാന്ധിനഗര്‍: ബിജെപി മികച്ച വിജയം നേടിയ ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുക്കും. ഗവര്‍ണര്‍ ആചാര്യദേവ്‌രതിനെ കണ്ട ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു.
രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ പോകുന്നത്. പട്ടേലിനെ നിയമസഭാ കക്ഷി നേതാവായി നിയുക്ത ബിജെപി എംഎല്‍എമാരുടെ യോഗം തിരഞ്ഞെടുത്തു. ശേഷമാണ് അദ്ദേഹം രാജ്ഭവനിലെത്തിയത്. തിങ്കളാഴ്ച രണ്ടു മണിക്കാണ് സത്യപ്രതിജ്ഞ.

തന്നെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ ബിജെപി പ്രവര്‍ത്തകരോടും ജനപ്രതിനിധികളോടും ഭൂപേന്ദ്ര പട്ടേല്‍ നന്ദി പറഞ്ഞു. പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനാകും മുന്‍ഗണന നല്‍കുകയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗുജറാത്തില്‍ ഏക സിവില്‍ കോഡ് ഉള്‍പ്പെടെ നടപ്പാക്കുന്നതിനാകും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുക.
ഗുജറാത്തിന്റെ 18ാം മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍. ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റിന് സമീപമുള്ള ഹെലിപ്പാഡ് ഗ്രൗണ്ടിലാകും സത്യപ്രതിജ്ഞ. 182ല്‍ 156 സീറ്റ് നേടിയാണ് ബിജെപി ഇത്തവണ അധികാരം പിടിച്ചത്. തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്ത് ബിജെപി ഭരിക്കുന്നത്. മോദിക്കും അമിത് ഷായ്ക്കും പുറമെ ബിജെപി മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നിവരും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും. പുതിയ സര്‍ക്കാരില്‍ നിരവധി പുതുമുഖങ്ങളും മന്ത്രിമാരായുണ്ടാകുമെന്നാണ് വിവരം.












Click it and Unblock the Notifications