• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹരിയാനയില്‍ പിടിവിടാതെ ഹൂഡ, ജാട്ട് ഫോര്‍മുലയുമായി സോണിയക്ക് മുന്നിലേക്ക്, ടീം രാഹുല്‍ പിടിമുറുക്കി!!

ദില്ലി: ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡ തന്റെ കോട്ട വിടില്ല. രാഹുല്‍ ഗാന്ധി ഹൂഡയ്ക്ക് റിട്ടയര്‍മെന്റ് ഒരുക്കാനുള്ള തിരക്കിലാണ്. 70 കഴിഞ്ഞവരും അഴിമതിക്കറ പുരണ്ടവരും പാര്‍ട്ടിയുടെ പിന്നണിയിലേക്ക് അധികാര കേന്ദ്രങ്ങളിലൊന്നും നില്‍ക്കാതെ മാറണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. ഗുലാം നബി ആസാദിന്റെ റോള്‍ കോണ്‍ഗ്രസില്‍ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ഹൂഡ വിടാന്‍ തയ്യാറല്ല. ഹരിയാനയില്‍ ജനകീയ നേതാവാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം. രാഹുലിനെതിരെ അദ്ദേഹം പടനയിക്കുമെന്നാണ് സൂചനകള്‍.

ഹൂഡയുടെ കോട്ട

ഹൂഡയുടെ കോട്ട

ഹരിയാനയില്‍ ഹൂഡയുടെ പ്രതാപം അവസാനിപ്പിക്കാന്‍ 2014 മുതല്‍ രാഹുല്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സാധിക്കുന്നില്ല. ജാട്ടുകള്‍ക്കിടയില്‍ ഇത്ര പ്രബലനായ നേതാവ് ഹരിയാനയില്‍ ഇല്ല. ഒരിക്കല്‍ പോലും വന്‍ തകര്‍ച്ച ഹൂഡ നേരിടേണ്ടി വന്നിട്ടില്ല. ജാട്ടുകള്‍ അദ്ദേഹത്തെ ഒപ്പം നിര്‍ത്തി പലപ്പോഴും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൂഡയെ നേതാവായി കാണിച്ചത് തന്നെ അദ്ദേഹത്തിന്റെ ജാട്ട് ഫോര്‍മുല കാരണമായിരുന്നു. ഇത് ഏകദേശം ഫലം കാണുകയും ചെയ്തു. തലനാരിഴയ്ക്കാണ് അധികാരം നഷ്ടമായത്.

ടീം രാഹുലിനോട് ഏറ്റുമുട്ടല്‍

ടീം രാഹുലിനോട് ഏറ്റുമുട്ടല്‍

വിവേക് ബന്‍സലിനെയാണ് രാഹുല്‍ ഹരിയാനയില്‍ പൊളിച്ചെഴുത്തിനായി നിയമിച്ചത്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ പോലും ഹൂഡ തയ്യാറായിട്ടില്ല. നാളെ കണ്ടേക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാന നേതാക്കളുടെ യോഗം ബന്‍സല്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കുമാരി സെല്‍ജ അടക്കമുള്ളവര്‍ പരോക്ഷമായി ഹൂഡയെ നേരിടുന്നുണ്ട്. കത്തയച്ചവര്‍ ബിജെപിയുമായി ചേരുന്നു എന്ന് പറഞ്ഞത് സെല്‍ജയാണ്. ഇത് ഹൂഡയുടെ ബിജെപി ബന്ധം സൂചിപ്പിച്ചുള്ള വിമര്‍ശനമായിരുന്നു. നാളെ സംസ്ഥാന സമിതിയില്‍ വലിയ പോരാട്ടം കാണുമെന്ന് ഉറപ്പാണ്.

പോയാല്‍ പകരമാര്?

പോയാല്‍ പകരമാര്?

ഹൂഡ പോയാല്‍ പകരം ഏത് നേതാവിനെ കൊണ്ടുവരുമെന്ന കണ്‍ഫ്യൂഷന്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. രണ്‍ദീപ് സുര്‍ജേവാല ഹരിയാനയില്‍ ഹൂഡയെ വെല്ലുവിളിക്കാന്‍ പോന്ന നേതാവായിട്ടില്ല. ഒരു വിഭാഗത്തിന്റെ പിന്തുണ കൂടുതലായി അദ്ദേഹത്തിന് അവകാശപ്പെടാനുമില്ല. കുമാരി സെല്‍ജയും ഹൂഡയെ നേരിട്ട് വെല്ലുവിളിക്കാന്‍ പോന്ന നേതാവല്ല. ഇത് കണ്ടറിഞ്ഞാണ് ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ ദീപേന്ദര്‍ ഹൂഡയെ ദേശീയ തലത്തിലേക്ക് കൊണ്ടുവന്ന് പതിയെ ഹരിയാനയില്‍ നേതാവാക്കാനാണ് രാഹുലിന് താല്‍പര്യം.

കളത്തിലിറങ്ങി ചാണക്യന്‍

കളത്തിലിറങ്ങി ചാണക്യന്‍

ഹരിയാന രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്. ഹൂഡ വീണ്ടും സംസ്ഥാനത്ത് നിന്ന് കരുനീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ജെജെപിയും ബിജെപിയും തമ്മില്‍ രാഷ്ട്രീയ ഭിന്നത വര്‍ധിക്കുകയാണ്. ഭരണകാര്യങ്ങളില്‍ അമിതമായി ദുഷ്യന്ത് ചൗത്താല ഇടപെടുന്നുവെന്നാണ് ബിജെപി നേതാക്കളുടെ പരാതി. കര്‍ഷക പ്രക്ഷോഭം അതിശക്തമായിരിക്കുകയാണ് ഹരിയാനയില്‍. കോണ്‍ഗ്രസ് ഈ കര്‍ഷകര്‍ക്കൊപ്പം ഉറച്ച് നില്‍ക്കുകയാണ്. മുമ്പ് ഹൂഡ സര്‍ക്കാര്‍ തകര്‍ന്നത് കര്‍ഷകരുടെ രോഷത്തിലാണ്. ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ കേന്ദ്രത്തിന്റെ കര്‍ഷക ബില്ലിനെ എതിര്‍ക്കുമോ എന്നാണ് ചോദ്യം. ബിജെപിയുടെ ഉത്തരം മുട്ടിയിരിക്കുകയാണ്.

സോണിയയെ കാണും

സോണിയയെ കാണും

സോണിയ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തുന്നതോടെ ഹൂഡ സോണിയയെ കാണും. കോണ്‍ഗ്രസ് രണ്ടായി പിളര്‍ത്തുമെന്ന രീതിയില്‍ തന്നെ സംസാരിക്കാനാണ് ഹൂഡയ്ക്ക് താല്‍പര്യം. രാഹുല്‍ തന്റെ ആവശ്യങ്ങളൊന്നും പരിഗണിക്കാതെ അഴിച്ചുപണി നടത്തുന്നത് ഹൂഡയ്ക്ക് ഒട്ടും താല്‍പര്യമില്ല. അടുത്ത അധ്യക്ഷനായി രാഹുല്‍ വരുന്നതിനോടും ഹൂഡയ്ക്ക് താല്‍പര്യമില്ല. അത് കോണ്‍ഗ്രസിലെ സീനിയര്‍ ഭരണത്തെ ഇല്ലാതാക്കുമെന്ന് ഹൂഡ കരുതുന്നുണ്ട്. സോണിയയെ മുമ്പ് സ്വാധീനിച്ചത് പോലുള്ള നീക്കമാണ് ഹൂഡ നടത്തുന്നത്.

ആ തീരുമാനം മാറ്റണം

ആ തീരുമാനം മാറ്റണം

സംസ്ഥാനത്തിന്റെ ചുമതലയിലേക്ക് വിവേക് ബന്‍സല്‍ വന്നതിനോട് ഹൂഡയ്ക്ക് താല്‍പര്യമില്ല. നേരത്തെ ഹരിയാനയുടെ ചുമതല ഗുലാം നബി ആസാദിനായിരുന്നു. ഭൂപീന്ദര്‍ ഹൂഡയുമായി വളരെ അടുത്ത ബന്ധമാണ് ആസാദിനുണ്ടായിരുന്നത്. രാഹുല്‍ ആദ്യം ചെയ്തത് ആസാദിനെ മാറ്റുകയാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് പല വിഭാഗങ്ങളായിട്ടാണ് കിടക്കുന്നത്. വിഭാഗീയത ഇത്ര രൂക്ഷമായിട്ടും അത് ഒഴിവാക്കാന്‍ ആസാദ് ഒന്നും ചെയ്തില്ല. ഹൂഡയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ആസാദിനെ തിരിച്ചുകൊണ്ടുവരണമെന്നാണ് ഹൂഡയുടെ ആവശ്യം.

രാഹുല്‍ വിട്ടുവീഴ്ച്ചയ്ക്കില്ല

രാഹുല്‍ വിട്ടുവീഴ്ച്ചയ്ക്കില്ല

ഹൂഡയുമായി യാതൊരു വിട്ടുവീഴ്ച്ചയ്ക്കും രാഹുല്‍ തയ്യാറല്ല. ഹൂഡയുടെ നേതൃത്വത്തിലാണ് രാഹുലിന്റെ വരവ് ഇത്രയും നാള്‍ തടസ്സപ്പെടുത്തിയത്. അത്തരമൊരു സാഹചര്യത്തില്‍ ഹൂഡയെ തുടരാന്‍ അനുവദിക്കുന്നത് രാഹുലിന് വലിയ വെല്ലുവിളിയാണ്. ഗുലാം നബി ആസാദിനെയും കപില്‍ സിബലിനെയും ആനന്ദ് ശര്‍മയെയും കത്തെഴുതാന്‍ പ്രേരിപ്പിച്ചതും ഹൂഡയാണ്. അദ്ദേഹം രാഹുലിനെതിരെ നടത്തുന്ന ഒളിപ്പോരിന് പാര്‍ട്ടിക്കുള്ളില്‍ വലിയ പിന്തുണയുണ്ട്. സീനിയേഴ്‌സ് ഹൂഡയെ സംരക്ഷിച്ച് നിര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. രാഹുലിന് കാര്യങ്ങള്‍ അതുകൊണ്ട് കഠിനമാണ്.

English summary
bhupinder hooda never give up in haryana, congress faces challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X