ബൈക്ക് പാഞ്ഞെത്തി, ഫുട്പാത്തിലേക്ക് ചാടിക്കയറി നിതീഷ് കുമാർ: ബിഹാറില്‍ വന്‍ സുരക്ഷാ വീഴ്ച
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാ ക്രമീകരണത്തില്‍ വന്‍ വീഴ്ച. പ്രഭാത സവാരിക്കിടെ മുഖ്യമന്ത്രിയുടെ സമീപത്തേക്ക് അപ്രതീക്ഷിതമായി ബൈക്ക് പാഞ്ഞെത്തി. ഉടന്‍തന്നെ റോഡില്‍ നിന്നും ഫുട്പാത്തിലേക്ക് ചാടിക്കയറിയതോടെയാണ് മുഖ്യമന്ത്രി അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
രാവിലെ ഏഴു മണിയോടെ മുഖ്യമന്ത്രി പ്രഭാത സവാരി നടത്തുമ്പോഴാണ് അജ്ഞാത ബൈക്ക് സുരക്ഷ ലംഘിച്ചെത്തിയത്. സംഭവത്തെത്തുടര്‍ന്ന് രോഷാകുലനായ അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വസതിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയിട്ടുണ്ട്. സ്‌പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പ് (എസ് എസ് ജി) കമാൻഡന്റ് ഹരി മോഹൻ ശുക്ലയെയും സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ് എസ് പി) രാജീവ് മിശ്ര എന്നിവരെയാണ് മുഖ്യമന്ത്രി വിളിപ്പിച്ചത്.

'മുഖ്യമന്ത്രി തന്റെ പതിവ് പ്രഭാത നടത്തത്തിന് പോകുമ്പോൾ, ഒരു ബൈക്ക് സുരക്ഷ ലംഘിച്ച് വന്നു. രണ്ട് പേരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. അവരുടെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററായിരുന്നു. അവരുടെ ബൈക്ക് മുഖ്യമന്ത്രിയെ ഇടിക്കാന്‍ നോക്കി. പക്ഷെ അദ്ദേഹം ഉടന്‍ തന്നെ ഫുട്പാത്തിലേക്ക് ചാടിക്കയറി. മുഖ്യമന്ത്രി അങ്ങനെ ചാടിയില്ലായിരുന്നെങ്കിൽ ഇന്ന് വൻ അപകടം സംഭവിക്കുമായിരുന്നു.' - സംഭവം നേരില്‍ കണ്ട ഒരു ദൃക്സാക്ഷിയെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
മുൻ മുഖ്യമന്ത്രി റാബ്രി ദേവി, ലാലു പ്രസാദ് യാദവ്, ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ് എന്നിവരുടെ വസതികൾ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണ് സംഭവം നടന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് ബൈക്കും യാത്രികരേയും കസ്റ്റഡിയിലെടുത്തു. പോലീസ് കൂടുതൽ അന്വേഷണം നടത്തുകയും ബൈക്ക് യാത്രികരായ ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി സച്ചിവലയ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
ഇതാദ്യമായല്ല നിതീഷ് കുമാറിന്റെ കാര്യത്തില്‍ ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടാകുന്നത്. നേരത്തെ ഭക്ത്യാർപൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രിയുടെ മുതുകിൽ യുവാവ് അടിച്ചിരുന്നു. എസ് എസ് ജി കമാൻഡോകൾക്കൊപ്പം ഇസഡ് പ്ലസ് സുരക്ഷയുമാണ് മുഖ്യമന്ത്രിക്കുള്ളത്. ബിഹാർ മിലിട്ടറി പോലീസിന് (ബി എം പി) പുറമെ ബീഹാർ പോലീസിനും അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications