ശമ്പളം കൂട്ടുന്നത് മാത്രമല്ല കാര്യം; ലോട്ടറി അടിച്ച് ഉദ്യോഗസ്ഥര്‍, അഞ്ച് പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍
ദീപാവലിക്ക് മുമ്പ് അഞ്ച് സുപ്രധാന പ്രഖ്യാപനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. എട്ടാം ശമ്പള കമ്മീഷന്‍ വൈകാതെ വരുമെന്ന സൂചനകള്‍ക്കിടെയാണിത്. ക്ഷാമ ബത്ത വര്‍ധിപ്പിച്ചു എന്നതാണ് പ്രധാന പ്രഖ്യാപനം. ബോണസ് ആണ് മറ്റൊന്ന്. ആരോഗ്യ പദ്ധതി പരിഷ്‌കരിച്ചതാണ് മൂന്നാമത്തേത്. പെന്‍ഷന്‍ പദ്ധതിയുടെ സമയപരിധി നീട്ടുകയും ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുമാണ് മറ്റുള്ളത്.
ഒരു കോടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നേട്ടമാണ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍. ഡിഎ വര്‍ധിപ്പിച്ചതോടെ ശമ്പളം ഉയര്‍ന്നു. ആരോഗ്യ പദ്ധതി നിരക്ക് പുതുക്കിയതും ബോണസും മറ്റു രണ്ട് സാമ്പത്തിക നേട്ടങ്ങളാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയും പെന്‍ഷന്‍കാരുടെ ഡിആറും മൂന്ന് ശതമാനം വീതമാണ് വര്‍ധിപ്പിച്ചത്.

ഡിഎ വര്‍ധിപ്പിച്ചതിന് ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യമുണ്ട് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇതോടെ ഡിഎ 55 ശതമാനത്തില്‍ നിന്ന് 58 ശതമാനമായി ഉയര്‍ന്നു. ഓരോ ആറ് മാസത്തിലുമാണ് സര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിക്കുക. വില നിലവാര സൂചിക ഉള്‍പ്പെടെ പരിശോധിച്ചാണ് ഈ തീരുമാനം എടുക്കാറുള്ളത്. അടുത്ത ഡിഎ വര്‍ധനവ് 2026 ജനുവരി മുതല്‍ ആയിരിക്കും.
ജനുവരി മുതല്‍ ജൂണ്‍ വരെയും ജൂലൈ മുതല്‍ ഡിസംബര്‍ വരെയുമാണ് ഡിഎ വര്‍ധിപ്പിക്കുക. ജൂണ്‍ വരെയുള്ള കാലയളവിലെ വിപണി മാറ്റങ്ങള്‍ പരിശോധിച്ച് ദീപാവലി വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിക്കുക. സാധാരണ ഒക്ടോബറിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള വിപണി സാഹചര്യം പരിശോധിച്ച് മാര്‍ച്ചില്‍ ഹോളി ആഘോഷ വേളയിലാകും അടുത്ത പ്രഖ്യാപനം. ഇതിന് ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും.
പുതിയ ആരോഗ്യ പദ്ധതി നിലവില്‍ വന്നു
ആരോഗ്യ പദ്ധതിയുടെ നിരക്കില്‍ മാറ്റം വരുത്തിയത് 50 ലക്ഷത്തോളം ജീവനക്കാര്‍ക്ക് നേട്ടമാകും. ഈ മാസം 13 മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു. 15 വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ നിരക്ക് മാറ്റുന്നത്. നിരവധി വൈദ്യപരിശോധനകള്‍ക്കും ചികില്‍സയ്ക്കും നിരക്ക് കുറച്ചിരിക്കുകയാണിപ്പോള്‍. കാഷ്‌ലെസ് ചികില്‍സ വിപുലമാക്കുകയും ചെയ്തു.
ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ് ഗ്രൂപ്പ് ബി വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് അഡ് ഹോക്ക് ബോണസ് ആണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഏകദേശം 7000 രൂപയാണ് ഇവര്‍ക്ക് ബോണസ് ലഭിക്കുക. പോസ്റ്റ്, കമ്യൂണിക്കേഷന്‍ വിഭാവത്തിലെ ജീവനക്കാര്‍ക്ക് 60 ദിവസത്തെ ശമ്പളം ആണ് ബോണസ് ആയി നല്‍കുന്നത്. പുതിയ ജീവനക്കാര്‍ക്ക് വിരമിക്കുന്ന വേളയില്‍ മികച്ച സമ്പാദ്യമുണ്ടാകുന്നതിന് ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്) ശക്തമാക്കിയിട്ടുണ്ട്.
എന്‍പിഎസിലുള്ളവര്‍ക്ക് യുപിഎസിലേക്ക് മാറുന്നതിന് നവംബര്‍ 30 വരെ സമയം നീട്ടിയിരിക്കുകയാണ്. എല്ലാ വര്‍ഷവും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പെന്‍ഷന്‍കാര്‍ ബാങ്കില്‍ ഇനി പോകേണ്ടതില്ല. ഡിജിറ്റലായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസരം ഇപ്പോള്‍ ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കും.












Click it and Unblock the Notifications