ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്: പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷനായ തെലങ്കാന മുന്‍ എംപി കോണ്‍ഗ്രസില്‍
ഹൈദരാബാദ്: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ തെലങ്കാനയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി. മുൻ എംപി ജി വിവേക് വെങ്കിടസ്വാമി പാർട്ടിയിൽ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേർന്നതാണ് ബി ജെ പിക്ക് തിരിച്ചടിയായത്. എ ഐ സി സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജി വിവേകിന് വന്‍ സ്വീകരണം നല്‍കുകയും ചെയ്തു.
തെലങ്കാന ബിജെപി അധ്യക്ഷൻ ജി കിഷൻ റെഡ്ഡിക്ക് അയച്ച കത്തിലാണ് ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് ബോർഡ് അംഗം കൂടിയായ വിവേക് തന്റെ തീരുമാനം അറിയിച്ചത്. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി ജെ പി പ്രകടനപത്രിക കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയായിരുന്നു വിവേക് എന്നതാണ് ശ്രദ്ധേയം.

തെലങ്കാന സംസ്ഥാന സമരകാലത്ത് കോൺഗ്രസിലുണ്ടായിരുന്ന വിവേക്, തെലങ്കാന രൂപീകരണത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി താനും കോൺഗ്രസിന്റെ മറ്റ് എംപിമാരും അന്ന് പോരാടിയിരുന്നതായി വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആഗ്രഹത്തിന് വഴങ്ങിയാണ് അന്നത്തെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തെലങ്കാന സംസ്ഥാനം എന്ന ആവശ്യം നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സംസ്ഥാനത്ത് ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ കുടുംബത്തിന് വേണ്ടിയാണ് ബി ആർ എസ് സർക്കാർ പ്രവർത്തിച്ചതെന്നും ജനങ്ങൾക്ക് വേണ്ടിയല്ലെന്നും ആരോപിച്ച വിവേക്, ബി ആർ എസിന്റെ ജനവിരുദ്ധ സർക്കാരിനെ പുറത്താക്കാൻ എല്ലാവരും ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു.
വിവേകിനെ കോൺഗ്രസ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അത് അംഗീകരിക്കുന്നതായും ടി പി സി സി പ്രസിഡന്റ് രേവന്ത് റെഡ്ഡി നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുൽ ഗാന്ധി എത്തിയപ്പോള്‍ പാർട്ടി അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും ചെയ്തു.
കഴിഞ്ഞ വർഷം മുനുഗോഡ് അസംബ്ലി മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കാവി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ട മറ്റൊരു മുതിർന്ന നേതാവ് കോമതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡി, ബി ജെ പിയിൽ നിന്ന് രാജിവച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് വിവേകും രാജി വെക്കുന്നത്. ബിജെപി നിർവാഹക സമിതി അംഗമായിരുന്ന കോമതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡിയും കോണ്‍ഗ്രസിലേക്കാണ് എത്തിയത്.
തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവി എ രേവന്ത് റെഡ്ഡിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാജ് ഗോപാൽ കോൺഗ്രസ് വിട്ടിരുന്നു. പിന്നീട് അദ്ദേഹം ബി ജെ പിയിൽ ചേരുകയും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയുമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഭാരത് രാഷ്ട്ര സമിതിയുടെ കെ പ്രഭാകർ റെഡ്ഡിയോട് പരാജയപ്പെട്ടു.












Click it and Unblock the Notifications