ബിജെപിക്ക് വന്‍ തിരിച്ചടി: ചണ്ഡീഗഡ് മേയർ സ്ഥാനം എഎപിക്ക്, ബിജെപിയുടെ വിജയം റദ്ദാക്കി സുപ്രീംകോടതി
ഡൽഹി: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി. ബി ജെ പി സ്ഥാനാർത്ഥി വിജയിച്ച മേയർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീംകോടതി എഎപി -കോൺഗ്രസ് സഖ്യം വിജയിച്ചതായും പ്രഖ്യാപിച്ചു. എഎപിയുടെ കുൽദീപ് കുമാർ മേയർ ആകുമെന്നും കോടതി വ്യക്തമാക്കി. 'ബാലറ്റുകൾ വികലമായിരുന്നില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബാലറ്റ് കുത്തിവരച്ച് വികൃതമാക്കിയ വാരാണാധികാരിയുടേത് കുറ്റകരമായ പെരുമാറ്റമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല, കർശന നടപടി സ്വീകരിക്കും' സുപ്രീംകോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലെ ബാലറ്റുകള്‍ വീണ്ടും എണ്ണാന്‍ ഉത്തരവിട്ട സുപ്രീംകോടതി റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹ് അസാധുവെന്ന് രേഖപ്പെടുത്തിയ എട്ട് വോട്ടുകള്‍ സാധുവായി കണക്കാക്കാനും നിർദേശിച്ചിരുന്നു. നേരത്തെ ആസാധുവെന്ന് വിധിച്ച വോട്ടുകള്‍ കൂടി സാധുവായി കണക്കാക്കിയതിന് ശേഷമുള്ള ഫലം പുറത്ത് വിടാനും സുപ്രീം കോടതി പറഞ്ഞു.

മേയർ തിരഞ്ഞെടുപ്പിൽ അസാധുവാക്കിയ 8 ബാലറ്റുകളും എഎപി സ്ഥാനാർഥി കുൽദീപ് കുമാറിന് അനുകൂലമായി രേഖപ്പെടുത്തിയതായിരുന്നുവെന്നും സുപ്രീംകോടതി ചൊവ്വാഴ്ച വ്യക്തമാക്കി. ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിലെ ക്രമക്കേട് സംബന്ധിച്ച ഹര്‍ജിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാദം കേട്ടതിന് ശേഷമായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാനമായ വിധി.
ബാലറ്റ് പേപ്പറില്‍ കൃത്രിമം കാട്ടിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി തികച്ചും കുറ്റകരമാണെന്നും റിട്ടേണിംഗ് ഓഫീസറായ അനിൽ മസിഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് എ എ പിയുടെ ഹർജി പരിഗണിച്ചത്.
ഹർജിയില്‍ വാദം കേട്ടുകൊണ്ടിരിക്കെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ബാലറ്റുകൾ അഭിഭാഷകരെ കാണിച്ചു, എട്ട് ബാലറ്റുകളിലും എഎപിയുടെ കൗൺസിലറായ കുൽദീപ് ധലോറിന്‍റെ പേരില്‍ സ്റ്റാമ്പ് ലഭിച്ചതായും വോട്ട് അദ്ദേഹത്തിന് ലഭിച്ചു. ഇത് അസാധുവായി പ്രഖ്യാപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രജിസ്ട്രാർ ജനറൽ കസ്റ്റഡിയിലെടുത്ത ബാലറ്റ് പേപ്പറുകളും വീഡിയോയും ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് 2 മണിക്ക് സുപ്രീം കോടതിയിൽ ഹാജരാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം ഹാജരാക്കിയ ബാലറ്റുകളും വീഡിയോകളും ജഡ്ജിമാർ വിശദമായി പരിശോധിച്ചു.
ബാലറ്റ് പേപ്പറുകൾ സുരക്ഷിതമായി കൊണ്ടുപോകുന്നതിനും അതിന്‍റെ സംരക്ഷണത്തിനും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. 8 ബാലറ്റുകളില്‍ കൃത്രിമം കാട്ടി അസാധുവാക്കിയതോടെ മേയർ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എ എ പിയുടെ കൗൺസിലർ കുൽദീപ് ധലോര്‍ കോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications