തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ്; വിജയിയെ പിന്തുണയ്ക്കാൻ തയ്യാറായി എഐഎഡിഎംകെ എംഎൽഎമാർ
തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ. വിജയിയുടെ തമിഴ് വെട്രി കഴകത്തിന് പിന്തുണ നൽകാൻ തയ്യാറായി എ ഐ എ ഡി എം കെ എംഎൽഎമാർ. ടിവികെയെ പിന്തുണയ്ക്കാൻ കോണ്‍ഗ്രസിൽ ചർച്ച നടക്കുന്നതിനിടെയാണ് എ ഐ എ ഡി എം കെ നേതാക്കളുടെ നീക്കം. നിലവിൽ 47 എംഎൽഎമാരാണ് എ ഐ എ ഡി എം കെയ്ക്കുള്ളത്. വിജയിയെ പിന്തുണയ്ക്കുന്നത് പാർട്ടിക്ക് ഇപ്പോൾ ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ നിലപാട്.
മൈലം മണ്ഡലത്തിൽ നിന്നും വിജയിച്ച സിവി ഷൺമുഖം നയിക്കുന്ന വിഭാഗമാണ് വിജയ്ക്കൊപ്പം ചേരാൻ താത്പര്യം പ്രകടിപ്പിക്കുന്നത്. വിജയിയുമായി കൂടിക്കാഴ്ച നടത്താൻ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയോട് നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. സഖ്യമുണ്ടായാൽ പാർട്ടിയെ പ്രസക്തമാക്കി നിർത്താൻ കഴിയുമെന്നും ബി ജെ പിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാനുള്ള ഏറ്റവും ഉചിതമായ അവസരമാണ് ഇതെന്നുമാണ് നേതാക്കൾ പറയുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് എ ഐ എ ഡി എം കെയുമായി സഖ്യത്തിന് ഇല്ലെന്ന നിലപാടാണ് വിജയ് സ്വീകരിച്ചത്. എന്നാൽ ഭൂരിപക്ഷം തികയ്ക്കാനാകാത്ത സാഹചര്യത്തിൽ വിജയും നിലപാട് തിരുത്തിയേക്കും.

എ ഐ എ ഡി എം കെ പിന്തുണ ലഭിച്ചാൽ കോണ്‍ഗ്രസിൻ്റെ പിന്തുണ ടിവികെയ്ക്ക് ആവശ്യമില്ല. കോണ്‍ഗ്രസിന് നിലവിൽ 5 എംഎൽഎമാരാണ് ഉള്ളത്. വിജയുമായി സഖ്യത്തിന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് താത്പര്യമുണ്ട്. ദേശീയ നേതൃത്വത്തിനും ഇതിന് എതിർപ്പില്ല. എന്നാൽ സഖ്യം ഉപേക്ഷിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ ഡി എം കെ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തിയെന്നാണ് ഡി എം കെ നേതാക്കൾ വിമർശിക്കുന്നത്. കോൺഗ്രസിന്റെ തീരുമാനം ദീർഘവീക്ഷണമില്ലാത്തതാണെന്ന് ആണെന്ന് വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിച്ചു.
2029 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയിലെ വിശ്വാസ്യതയെ ഇത് തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അഖിലേഷ് യാദവിനെയും ഉദ്ധവ് താക്കറെയെയും പോലുള്ള മറ്റ് പ്രതിപക്ഷ നേതാക്കൾക്ക് ഇനി കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കാനാകുമെന്നും അദ്ദേഹം ചോദ്യമുയർത്തി. ഇത്തരൊമരു സാഹചര്യത്തിൽ തമിഴ്നാട്ടിലെ വിഷയങ്ങളിൽ ഇപ്പോൾ ഇടപെടേണ്ടെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. സഖ്യം വേണമോയെന്നത് സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാമെന്നും നേതൃത്വം അറിയിച്ചു.
നിലവിൽ ടി വി കെ.ക്ക് 108 സീറ്റുകളുണ്ട്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. അതേസമയം സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലേക്ക് വിജയ് കടന്നുകഴിഞ്ഞു. ഗവർണർ രാജേന്ദ്ര അറേലക്കർക്ക് അയച്ച കത്തിൽ, സർക്കാർ രൂപീകരിക്കാൻ ക്ഷണം നൽകണമെന്നും രണ്ടാഴ്ചക്കകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications