നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് വന്‍ വിജയം... ഫേസ്ബുക്ക് തോറ്റ് തുന്നംപാടി
ദില്ലി: നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റര്‍നെറ്റ് നിഷ്പക്ഷതയ്ക്ക് വേണ്ടി ആക്ടിവിസ്റ്റുകള്‍ നടത്തിയ ഓണ്‍ലൈന്‍ പോരാട്ടം വന്‍ വിജയത്തിലേയ്ക്ക്. ഇന്റര്‍നെറ്റ് നിഷ്പക്ഷത ഉറപ്പാക്കണമെന്ന് ട്രായ് വ്യക്തമാക്കി.
ഫേസ്ബുക്ക് അടക്കുമുള്ള പല വമ്പന്‍മാര്‍ക്കും ലഭിച്ച വന്‍ തിരിച്ചടിയാണ് ട്രായുടെ തീരുമാനം. ഫേസ്ബുക്കിന്റെ 'ഫ്രീ ബേസിക്‌സ്' ഇനി ഇന്ത്യയില്‍ ക്ലച്ച് പിടിയ്ക്കില്ലെന്ന് ഉറപ്പിയ്ക്കാം.

ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിയ്ക്കണം എന്ന കാര്യത്തില്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകരുത് എന്നതാണ് നെറ്റ് ന്യൂട്രാലിറ്റികൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാന്‍ പാടില്ലെന്നാണ് ട്രായ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്.
ഇന്റര്‍നെറ്റ് നിഷ്പക്ഷത നിലനിര്‍ത്തണം എന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച് വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിയ്ക്കുന്ന സേവന ദാതാക്കള്‍ക്ക് പ്രതിദിനം അന്പതിനായിരം രൂപ വീതം പിഴ ഈടാക്കും.
ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സിനെ കൂടാതെ എയര്‍ടെല്ലിന്റെ 'എയര്‍ടെല്‍ സീറോ'യ്ക്കും ട്രായുടെ ഉത്തരവ് വന്‍ തിരിച്ചടി ആയിരിയ്ക്കുകയാണ്. ഫ്രീ ബേസിക്‌സിന് വേണ്ടി ഫേസ്ബുക്ക് നടത്തിയ കാമ്പയിന്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു.
ഫേസ്ബുക്ക് ഉപയോഗിയ്ക്കുന്നതിന് ഒരു തുക, വാട്‌സ് ആപ്പിന് വേറൊരു നിരക്ക്, വീഡിയോ കാണുന്നതിന് മറ്റൊരു നിരക്ക് എന്ന രീതിയില്‍ സേവനദാതാക്കാള്‍ പണം പിഴിയാനൊരുങ്ങുന്നതിനിടെയാണ് ട്രായുടെ കര്‍ശന നിര്‍ദ്ദേശം വന്നിരിയ്ക്കുന്നത്. രാജ്യമെമ്പാടുമുള്ള ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകള്‍ നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് വേണ്ടി അതി ശക്തമായി രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications