പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വേണ്ടി ഇറങ്ങി അഖിൽ മാരാർ; 'അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കും'
കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് വേണ്ടി പ്രചരണത്തിന് ഇറങ്ങി ബിഗ് ബോസ് സീസൺ 5 താരം അഖിൽ മാരാർ. ഇന്ന് രാവിലെയോടെ അയർകുന്നം ജങ്ഷനിലാണ് ചാണ്ടി ഉമ്മന് വേണ്ടി അഖിൽ എത്തിയത്.കേരളത്തെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കുമെന്നും നാടിനു പ്രയോജനപ്പെടുന്നവർ തന്നെ വിജയിക്കണമെന്നും അഖിൽ പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
'നല്ല മനുഷ്യർ ജയിച്ച് വരട്ടെന്നെ. ചാണ്ടി ഉമ്മൻ ജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. എന്നെ സംബന്ധിച്ച് ഉമ്മൻചാണ്ടി സാറിനോടുള്ള സ്നേഹവും കാര്യവുമൊക്കെ എപ്പോഴും ഉള്ളതാണ്. പല പ്രാവിശ്യം വിചാരിച്ചതാണ് പ്രചരണത്തിനിറങ്ങാൻ. എന്നാൽ തിരക്ക് കാരണം സാധിച്ചില്ല. ഇന്ന് രമേശ് സാർ വിളിച്ച് ഇങ്ങോട്ട് ഇറങ്ങാൻ പറഞ്ഞു.

എന്റെ വ്യക്തിപരമായ അഭിപ്രായം നാടിന് പ്രയോജനപ്പെടുന്ന ആളുകൾ തന്നെ നാടിനെ നയിക്കാൻ ഉണ്ടാകണം. ജനങ്ങളെ മനസിലാക്കുന്ന മനുഷ്യരായിരിക്കണം നയിക്കാൻ വരുന്നത്. കേരളത്തിലെ ജനങ്ങളെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛന്റെ മകനെ സംബന്ധിച്ച് പുതുപ്പള്ളിയിലെ ജനങ്ങളെ മനസിലാക്കാൻ വലിയ പ്രയാസങ്ങൾ ഉണ്ടാകില്ല.
ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി അവർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ കഴിയുന്ന ഒരു ജനകീയനായ നേതാവിനെ തന്ന തിരഞ്ഞടുക്കാൻ പുതുപ്പള്ളിക്കാർക്ക് സാധിക്കട്ടെ', അഖിൽ മാരാർ പറഞ്ഞു', അഖിൽ മാരാർ പറഞ്ഞു.
സപ്റ്റംബർ 5 നാണ് പുതുപ്പള്ളി ഉപതിഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ വോട്ട് ഉറപ്പിക്കാനുള്ള കുതിപ്പിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. പ്രമുഖരെ തന്നെയാണ് മുന്നണികൾ മണ്ഡലത്തിൽ ഇറക്കിയത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ എ കെ ആന്റണി, ശശി തരൂർ , കെ മുരളീധരൻ എംപി, കെസി വേണുഗോപാൽ തുടങ്ങിയ നേതാക്കളാണ് ചാണ്ടി ഉമ്മന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയത്.യുഡിഎഫ് ഘടക കക്ഷി നേതാക്കളും പ്രചരണത്തിൽ സജീവമാണ്.
എൽജിഎഫിന് വേണ്ടി മന്ത്രിമാരും എംഎൽഎമാരും കളത്തിലിറങ്ങും. മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോർജ്, കെ.രാധാകൃഷ്ണൻ, പി.പ്രസാദ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ കൂടാതെ എ. വിജയരാഘവൻ, പികെ ശ്രീമതി, സിഎസ് സുജാത, കെകെ ശൈലജ തുടങ്ങിയ നേതാക്കളും എത്തും.കേന്ദ്രമന്ത്രി വി.മുരളീധരൻ, അൽഫോൻസ് കണ്ണന്താനം എംപി, ദേശീയ വക്താക്കളായ ടോം വടക്കൻ, അനിൽ ആന്റണി തുടങ്ങിയവരാണ് ബിജെപിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നത്.












Click it and Unblock the Notifications