ബീഹാര്‍ ഇന്ന് പോളിങ് ബൂത്തില്‍; 121 സീറ്റുകള്‍: 3.75 കോടി വോട്ടര്‍മാര്‍: ഉറ്റുനോക്കി രാജ്യം
പട്‌ന: ബീഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ബീഹാര്‍ നിയമസഭയിലെ 121 സീറ്റുകളിലാണ് വിധി നിര്‍ണയിക്കപ്പെടുന്നത്. 3.75 കോടി വോട്ടര്‍മാര്‍ ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 1,314 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ആദ്യ ഘട്ട പോളിംഗ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. സുരക്ഷാ കാരണങ്ങളാല്‍, ചില മണ്ഡലങ്ങളില്‍ പോളിങ് സമയം വൈകുന്നേരം അഞ്ചു മണിയായി ചുരുക്കിയിരിക്കുന്നു.
രണ്ട് പതിറ്റാണ്ട് നീണ്ട നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ വിധി അതിനിര്‍ണായകമാണ്. ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രായാധിക്യവും ഇക്കുറി ഏറെ ചര്‍ച്ചയായിരുന്നു. 2015 മുതല്‍ നിതീഷ് കുമാറാണ് ബീഹാര്‍ ഭരിക്കുന്നത്. സ്വന്തം പാര്‍ട്ടി രൂപീകരിച്ച തേജ് പ്രതാപ് യാദവും മഹുവ സീറ്റില്‍ മത്സരിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 10.72 ലക്ഷം പുതിയ വോട്ടര്‍മാരുണ്ട്. 7.78 ലക്ഷം വോട്ടര്‍മാര്‍ 18-19 വയസിന് ഇടയിലുള്ളവരാണ്. സമാധാനപരമായ പോളിങ്ങിനായി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ സിറ്റി പട്ന പോലീസ് സൂപ്രണ്ട് ദീക്ഷ പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ സോണല്‍, സൂപ്പര്‍ സോണല്‍ തലങ്ങളില്‍ ദ്രുത പ്രതികരണ സംഘങ്ങളുടെ പട്രോളിംഗ് ഉണ്ടാകും. പോളിങ് സ്റ്റേഷനുകളില്‍ സിഎപിഎഫിനെയും സംസ്ഥാന പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ആര്‍ജെഡിയുടെ തേജസ്വി യാദവ്, ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരി, മംഗള്‍ പാണ്ഡെ, ജെഡിയുവിന്റെ ശ്രാവണ്‍ കുമാര്‍, വിജയ് കുമാര്‍ ചൗധരി എന്നിവരുള്‍പ്പെടെ നിരവധി ഉന്നത സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുന്നതാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്.
പട്ന, ദര്‍ഭംഗ, മധേപുര, സഹര്‍സ, മുസാഫര്‍പൂര്‍, ഗോപാല്‍ഗഞ്ച്, സിവാന്‍, സരണ്‍, വൈശാലി, സമസ്തിപൂര്‍, ബെഗുസാരായ്, ലഖിസാരായ്, മുന്‍ഗര്‍, ഷെയ്ഖ്പുര, നളന്ദ, ബക്സര്‍, ഭോജ്പൂര്‍ എന്നിവയുള്‍പ്പെടെ ബീഹാറിലെ 18 ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മേധാവി ജെപി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഹിമാന്ത ബിശ്വ ശര്‍മ്മ എന്നിവരുള്‍പ്പെടെ ഇന്ത്യയിലെ ഉന്നത നേതാക്കളുടെ ഹൈ വോള്‍ട്ടേജ് പ്രചാരണമാണ് ഇക്കുറി ബീഹാറില്‍ ജനങ്ങള്‍ കണ്ടത്. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളെ കൂടി ബീഹാര്‍ തിരഞ്ഞെടുപ്പ് സ്വാധീനിക്കും എന്നതിനാല്‍ ഏറെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications