സീറ്റില്‍ തീരുമാനമായില്ല, നേതാക്കളെ നേരിട്ട് അണികള്‍: ഒടുവില്‍ 16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ബിഹാറില്‍ സീറ്റ് ധാരണയില്‍ എത്താതെ ഇന്ത്യ സഖ്യം. ചർച്ചകള്‍ എല്ലാം പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാനം ഇന്നല തന്നെ നടത്താമെന്നായിരുന്നു മുന്നണി നേതാക്കള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ചില സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴും തർക്കം തുടരുകയാണ്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് പത്രിക നൽകാനുള്ള സമയം നാളെ അവസാനിക്കുമെന്നിരിക്കെ പാർട്ടികള്‍ക്ക് ഇപ്പോഴും ധാരണണയില്‍ എത്താന്‍ സാധിക്കാത്തത് മുന്നണിയില്‍ വലിയ രീതിയിലുള്ള അസ്വസ്ഥകളും സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ പല മണ്ഡലങ്ങളിലും പാർട്ടികള്‍ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പാർട്ടി കഴിഞ്ഞ ദിവസം 16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഔദ്യോഗിക ലിസ്റ്റ് പുറത്തുവിടാതെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഫോട്ടോകളും നോമിനേഷൻ സർട്ടിഫിക്കറ്റുകളും പോസ്റ്റ് ചെയ്തത്. ആനന്ദ് ശങ്കർ സിംഗ് (ഔറംഗാബാദ്), പ്രതിമ ദാസ് (രാജപകർ), ശിവ് പ്രകാശ് ഗരിബ് ദാസ് (ബച്ച്വാർ), ത്രിശൂൽധാരി സിംഗ് (ബാരബിഘ), കൗശലേന്ദ്ര കുമാർ (നളന്ദ), ശശി ശേഖർ സിംഗ് (വസിർഗഞ്ച്), സംസ്ഥാന പ്രസിഡന്റ് രാജേഷ് റാം (കുടുംബ), അമിത ഭൂഷൺ (ബെഗുസരായ്), ജിതേന്ദ്ര സിംഗ് (അമർപൂർ), ഓം പ്രകാശ് ഗാർഗ് (ഗോപാൽഗഞ്ച്), വിജയേന്ദ്ര ചൗധരി (മുസഫർപൂർ), ശശി ഭൂഷൺ റായ് (ഗോവിന്ദ്ഗഞ്ച്), ബി. കെ. റവി (റോസ്ഡ), അമരേഷ് കുമാർ (ലഖിസരായ്), ലാലൻ കുമാർ (സുൽത്താൻഗഞ്ച്), അനിൽ കുമാർ (ബിക്രം) എന്നിവരാണ് കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇതിനു പുറമെ, കൂടുതൽ പേരുകൾ ഇന്ന് പുരത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020-ൽ കോൺഗ്രസ് 70 സീറ്റുകളിൽ മത്സരിച്ചെങ്കിലും 19-ൽ മാത്രമായിരുന്നു വിജയിച്ചത്. ഇതുകൊണ്ട് തന്നെ ഇത്തവണ കോണ്‍ഗ്രസിന്റെ സീറ്റ് അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 61 സീറ്റുകളിൽ ഒതുങ്ങിയേക്കുമെന്നാണ് സൂചന, എന്നാൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മർദ്ദം കോണ്‍ഗ്രസ് ഇപ്പോഴും തുടരുകയാണ്. 2020-ൽ 144 സീറ്റുകളിൽ മത്സരിച്ച് 75-ൽ വിജയിച്ച ആർജെഡിയാവട്ടെ ഇത്തവണ 130 സീറ്റുകളിലെങ്കിലും മത്സരിക്കാനാണ് ശ്രമിക്കുന്നത്.
സീറ്റ് വിതരണം സംബന്ധിച്ച തീരുമാനം വൈകുന്നത് കോണ്‍ഗ്രസിലും അസ്വസ്ഥത ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പട്ന വിമാനത്താവളത്തിൽ നേതാക്കള്‍ക്കെതിരെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്നവരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ഉണ്ടായി. സംസ്ഥാന പ്രസിഡന്റ് രാജേഷ് റാം, ലെജിസ്ലേറ്റീവ് പാർട്ടി ലീഡർ ശകീൽ അഹമ്മദ് ഖാൻ, പാർട്ടി ഇൻചാർജ് കൃഷ്ണ അലവാരു എന്നിവരെ നേതാക്കള്‍ സീറ്റുകള്‍ വിറ്റുവെന്ന് ആരോപിച്ച് തടഞ്ഞുവെച്ചു. പോലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രിക്കുകയായിരുന്നു. പപ്പു യാദവിന്റെ അനുയായികളും പ്രതിഷേധത്തിൽ പങ്കെടുത്തു.
പ്രതിഷേധം അണപ്പൊട്ടിയതോടെ നേതാക്കൾ ചില സ്ഥാനാർത്ഥികളെ വിളിച്ചുവരുത്തി പാർട്ടി ചിഹ്നം നൽകി പ്രതിഷേധം ശമിപ്പിക്കാൻ ശ്രമിച്ചു. ആർ ജെ ഡി, സി പി ഐ എം എല്‍ പോലുള്ള സഖ്യകക്ഷികളും എതിരാളികളായ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ ഡിയുവും ഔദ്യോഗിക പ്രഖ്യാപനമില്ലാതെ തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഈ മാതൃക പിന്തുടർന്നാണ് കോണ്‍ഗ്രസും 16 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications