Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ ലഡു റെഡി; ബിജെപി വാങ്ങിയത് കോണ്‍ഗ്രസിന് കൊടുക്കേണ്ടി വരുമോ? ആശങ്കയില്‍ ആര്‍ജെഡി

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 67 ശതമാനം പോളിങ് നടന്നത് മഹാസഖ്യവും എന്‍ഡിഎയും തങ്ങള്‍ക്ക് അനുകൂലമായി അവകാശപ്പെടുന്നുണ്ട്. എക്‌സിറ്റ് പോള്‍ കൂട്ടത്തോടെ പറയുന്നത് ബിജെപി-ജെഡിയു സഖ്യം അധികാരത്തിലെത്തുമെന്നാണ്. അട്ടിമറി നടന്നതിന് തെളിവാണിത് എന്ന് ആര്‍ജെഡി ആശങ്കപ്പെടുന്നു. എക്‌സിറ്റ് പോള്‍ അവര്‍ തള്ളുകയും ചെയ്തു.

38 ജില്ലകളിലെ 46 കേന്ദ്രങ്ങളിലാണ് വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കുക. 1951ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. അട്ടിമറി നടന്നു എന്ന സംശയം ആര്‍ജെഡി പ്രകടിപ്പിച്ച സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പട്‌നയില്‍ ഞായറാഴ്ച വരെ പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചിട്ടുമുണ്ട്.

bihar election result eve analysis-

സാവധാനം നീങ്ങിയ പോളിങ്, വൈകീട്ട് പോളിങിലുണ്ടായ വന്‍ വര്‍ധന, കൃത്യമായ കണക്കുകള്‍ പുറത്തുവിടാന്‍ വൈകിയത് എന്നിവയെല്ലാം മഹാസഖ്യത്തിന് സംശയമായി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് പറയുന്നു. എന്നാല്‍ ജേര്‍ണോ മിറര്‍ പ്രവചിച്ചത് മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ്.

ജെഡിയു, ബിജെപി, എല്‍ജെപി, എച്ച്എഎം-എസ്, ആര്‍എല്‍എം എന്നീ പാര്‍ട്ടികളാണ് എന്‍ഡിഎയിലുള്ളത്. ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ-എംഎല്ലിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഇടതുപാര്‍ട്ടികള്‍, വിഐപി, ഐഐപി എന്നീ പാര്‍ട്ടികളാണ് മഹാസഖ്യത്തില്‍. 2020ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത് ആര്‍ജെഡിയായിരുന്നു എങ്കിലും കോണ്‍ഗ്രസ് തിളങ്ങാതിരുന്നതാണ് മഹാസഖ്യത്തിന് ഭരണം നഷ്ടമാക്കിയത്. ഇത്തവണയും കോണ്‍ഗ്രസിന്റെ പ്രകടനം നിര്‍ണായകമാകും.

പഴയ എക്‌സിറ്റ് പോള്‍ ഫലം തെറ്റി

എക്‌സിറ്റ് പോള്‍ പ്രവചനം പൂര്‍ണമായി ശരിയാകണം എന്നില്ല. 2020ല്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്നായിരുന്നു മിക്ക എക്‌സിറ്റ് ഫോള്‍ ഫലങ്ങളും. മറിച്ചാണ് സംഭവിച്ചത്. 2015ല്‍ മഹാസഖ്യത്തിലായിരുന്നു നിതീഷ് കുമാര്‍. നേരിയ സീറ്റുകള്‍ക്ക് മഹാസഖ്യം വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍. പക്ഷേ, അന്ന് 178 സീറ്റിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് മഹാസഖ്യം അധികാരത്തിലെത്തിയത്.

എക്‌സിറ്റ് പോള്‍ ഫലങ്ങളിലൂടെ എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് നേരത്തെ ഒരു പ്രതീതി സൃഷ്ടിക്കുകയാണ് എന്ന് ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ് പറയുന്നു. ആര് ജയിച്ചാലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആകുമെന്നതാണ് കഴിഞ്ഞ 20 വര്‍ഷത്തെ ബിഹാര്‍ രാഷ്ട്രീയം. ഇടക്കാലത്ത് മാത്രം ജിതന്‍ റാം മാഞ്ചി മുഖ്യമന്ത്രിയായെങ്കിലും ഭൂരിഭാഗവും നിതീഷ് തന്നെയായിരുന്നു മുഖ്യമന്ത്രി കസേരയില്‍.

ആ ധൈര്യത്തില്‍ കൂടിയാണ് ബിജെപിയും ജെഡിയുവും ലഡു വാങ്ങിയത്. 160ല്‍ അധികം സീറ്റ് നേടി എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് അമിത് ഷാ അവകാശപ്പെട്ടിട്ടുണ്ട്. 2005ല്‍ നിതീഷ് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് 15 വര്‍ഷം ലാലു പ്രസാദ് യാദവായിരുന്നു ഭരിച്ചത്. യാദവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയ ഈ ഭരണം ജംഗിള്‍ രാജ് ആയിരുന്നു എന്ന ആയുധം ഇത്തവണയും ബിജെപി പ്രയോഗിച്ചു.

നിതീഷ് എന്ന മാന്ത്രികന്‍

യാദവ വോട്ടുകള്‍ തകര്‍ക്കാന്‍ നിതീഷ് കളിച്ചത് ദളിത്, പിന്നാക്ക, വനിതാ വോട്ടുകള്‍ ചേര്‍ത്തുപിടിച്ചായിരുന്നു. ദളിതുകളിലെ അതിപിന്നാക്കക്കാര്‍ക്ക് സംവരണം നിശ്ചയിച്ചും സ്ത്രീകള്‍ക്ക് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചും നിതീഷ് എല്ലാം മറികടന്നു. ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് വന്‍തുക വനിതകള്‍ക്ക് വിതരണം ചെയ്തത്. ഇതിനൊപ്പം സവര്‍ണ, നഗര വോട്ടുകള്‍ ബിജെപി പിടിക്കുക കൂടി ചെയ്താല്‍ എന്‍ഡിഎ വരുമെന്ന് അവര്‍ ഉറപ്പിക്കുന്നു.

കഴിഞ്ഞ തവണ ജെഡിയുവിന് പാരയായിരുന്ന എല്‍ജെപി ഇത്തവണ എന്‍ഡി സഖ്യത്തിലാണ് എന്നതും നിതീഷ് കുമാറിന് ആശ്വാസം നല്‍കുന്നു. സീമാച്ചല്‍ മേഖലയില്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയും പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയും വോട്ട് ഭിന്നിപ്പിച്ചാല്‍ ആര്‍ക്കാണ് അനുകൂലമാകുക എന്ന് കൂടി അറിയേണ്ടതുണ്ട്. നഗരവോട്ടുകളിലും സവര്‍ണ വോട്ടുകളിലും സ്വധീനമുള്ള പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി ബിജെപിക്കും പാരയാണ്.

മറുഭാഗത്ത് മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് അതി പിന്നാക്കക്കാരെ കൂടെ നിര്‍ത്താന്‍ സാധിക്കുമെന്നാണ് തേജസ്വി യാദവിന്റെ പ്രതീക്ഷ. വഖഫ് നിയമം ചവറ്റുകൊട്ടയില്‍ എറിയുമെന്ന പ്രഖ്യാപനം മുസ്ലിം വോട്ടര്‍മാരെ അടുപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മഹാസഖ്യത്തിന്റെ മുഖം തേജസ്വി മാത്രമാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ബിഹാറില്‍ മികച്ച നേതാവിനെ ചൂണ്ടിക്കാട്ടാന്‍ കഴിയാത്തത് കോണ്‍ഗ്രസിനും തിരിച്ചടിയാണ്. അടിയൊഴുക്കുകള്‍ നടന്നോ, അട്ടിമറി നടന്നോ, ബിഹാര്‍ ആരുടെ കൈയ്യിലേക്ക് എന്നൊക്കെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+