കാല്‍ നൂറ്റാണ്ടിലേക്ക് പടയോട്ടം; ഒളി മങ്ങാതെ നിതീഷ് കുമാര്‍, ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു
രണ്ട് പതിറ്റാണ്ടായി ബിഹാറിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുകയാണ് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അടുത്ത അഞ്ച് വര്‍ഷം കൂടി നിതീഷ് തന്നെയാകും ബിഹാറിനെ നയിക്കുക എന്ന് വ്യക്തമാകുകയാണ്. 2020നേക്കാള്‍ മികച്ച മുന്നേറ്റമാണ് ഇത്തവണ ജെഡിയു നടത്തിയത്. അതോടെ എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം.
വനിതകളെ കൂടെ നിര്‍ത്താന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെ നിതീഷ് കുമാര്‍ നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടു എന്ന് വേണം മനസിലാക്കാന്‍. വനിതാ വോട്ടര്‍മാര്‍ വലിയ തോതില്‍ വോട്ട് ചെയ്തുവെന്നായിരുന്നു വാര്‍ത്തകള്‍. ബിഹാറിലെ പുരുഷന്മാര്‍ ഇതര സംസ്ഥാനങ്ങളില്‍ ജോലിക്ക് പോകുന്നത് സര്‍ക്കാരിന്റെ വീഴ്ചയായി ഇന്ത്യാ സഖ്യം പ്രചാരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

2015ല്‍ 71 സീറ്റായിരുന്നു ജെഡിയുവിന്. 2020ല്‍ ജെഡിയു 115 സീറ്റില്‍ മല്‍സരിച്ചെങ്കിലും ജയിച്ചത് വെറും 43 സീറ്റില്‍. അതേസമയം, 110 സീറ്റില്‍ മല്‍സരിച്ച ബിജെപിയാകട്ടെ 74 സീറ്റ് നേടുകയും ചെയ്തു. ഇതോടെ നിതീഷ് കുമാറിന്റെ തിളക്കം മങ്ങിയെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ടൈഗര്‍ അബി സിന്ദാഹെ എന്ന ബോര്‍ഡുകള്‍ വ്യാഴാഴ്ച തന്നെ ജെഡിയു കേന്ദ്രങ്ങളില്‍ ഉയര്‍ന്നത് നിതീഷിന്റെ ശക്തമായ മുന്നേറ്റം പാര്‍ട്ടി പ്രതീക്ഷിച്ചു എന്നതിന് തെളിവാണ്.
ഇത്തവണ 101 സീറ്റുകളിലാണ് ബിജെപിയും ജെഡിയുവും മല്‍സരിച്ചത്. രണ്ടു പാര്‍ട്ടികളും ഒപ്പത്തിനൊപ്പം എന്ന പ്രതീതി സൃഷ്ടിക്കാന്‍ ബിജെപിക്ക് ഇതിലൂടെ സാധിച്ചു. മാത്രമല്ല, ജെഡിയുവിനെ ബിജെപി വിഴുങ്ങാന്‍ പോകുന്നു എന്ന പ്രചാരണവുമുണ്ടായി. ഈ വേളയിലാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം ശ്രദ്ധേയകമാകുന്നത്. അപ്രതീക്ഷിത മുന്നേറ്റം എന്‍ഡിഎ നടത്തിയതോടെ മഹാസഖ്യത്തിന്റെ മോഹങ്ങള്‍ തകര്‍ന്നടിഞ്ഞു.
നിതീഷ് നടത്തിയ പതിനെട്ടാം അടവുകള്‍
ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്താന്‍ സാധിക്കുന്നതിന് പുറമെ എന്‍ഡിഎയിലെ ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്. നിതീഷ് കുമാറിന്റെ ജനകീയത ഒട്ടും കുറഞ്ഞിട്ടില്ല എന്നും വ്യക്തമാകുന്ന തിരഞ്ഞെടുപ്പ് ഫലം കൂടിയാണിത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബിഹാറിലെ നഗരങ്ങളില്‍ താരതമ്യേന വികസനം കാണുന്നു എന്നാണ് വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇതു വളരെ കുറവാണെങ്കിലും.
20 വര്‍ഷത്തോളം ബിഹാറിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു എന്നതാണ് നിലവില്‍ നിതീഷ് കുമാറിന്റെ നേട്ടം. ഇനിയും അഞ്ച് വര്‍ഷം കൂടി ഇരിക്കാന്‍ ബിജെപി മസില്‍ പിടിച്ചില്ലെങ്കില്‍ നിതീഷിന് സാധിക്കും. അതായത്, പത്താംതവണയാണ് ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുക. ബിഹാര്‍ ആര് ഭരിച്ചാലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ എന്ന വാക്കുകള്‍ വീണ്ടും ശരിയാകുകയാണ്.
അവസാന നിമിഷം വനിതകള്‍ക്ക് 10000 രൂപ വിതരണം ചെയ്ത നിതീഷിന്റെ നീക്കം എന്‍ഡിഎക്ക് നേട്ടമായിട്ടുണ്ട്. കൂടാതെ ഇത് തന്റെ അവസാന തിരഞ്ഞെടുപ്പാണെന്നും ഇനി വോട്ട് തേടി വരില്ലെന്നുമുള്ള നിതീഷിന്റെ വാക്കുകള്‍ ജനങ്ങളുടെ ഹൃദയത്തിലാണ് കൊണ്ടത്. ആര്‍ജെഡി മാത്രമല്ല, കോണ്‍ഗ്രസ്, ജന്‍സുരാജ് പാര്‍ട്ടി, മജ്‌ലിസ് പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍ എന്നിവരെല്ലാം ഇത്തവണ തകരുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍.












Click it and Unblock the Notifications