10000 രൂപ ബിഹാറില്‍ ചെറിയ സംഖ്യയല്ല; എന്‍ഡിഎ മുന്നേറ്റത്തിന് 3 കാരണങ്ങള്‍ നിരത്തി യോഗേന്ദ്ര യാദവ്
പട്‌ന: ബിഹാറില്‍ മികച്ച വിജയം നേടിയിരിക്കുകയാണ് എന്‍ഡിഎ. ജെഡിയുവും ബിജെപിയും എല്‍ജെപിയുമെല്ലാം ചേര്‍ന്ന എന്‍ഡിഎ മികച്ച പ്രകടനം നടത്തിയത് അപ്രതീക്ഷിതമല്ലെന്ന് സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. എങ്കിലും ബിഹാറില്‍ നിന്നുള്ള കാഴ്ച നിരാശപ്പെടുത്തുന്നതാണെന്നും യോഗേന്ദ്ര യാദവ് ദി വയറിനോട് പറഞ്ഞു.
2020ല്‍ 122 സീറ്റ് നേടിയാണ് എന്‍ഡിഎ ബിഹാറില്‍ അധികാരം പിടിച്ചതെങ്കില്‍ ഇത്തവണ 200ല്‍ അധികം സീറ്റുകളാണ് നേടിയത്. സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒരുപോലെ മികച്ച പ്രകടനം നടത്തി. അതേസമയം, മറുഭാഗത്ത് 2020ല്‍ 114 സീറ്റുകള്‍ നേടിയ മഹാസഖ്യം ഇത്തവണ 40 സീറ്റില്‍ താഴെ ഒതുങ്ങി. കോണ്‍ഗ്രസും ആര്‍ജെഡിയും നിലംപരിശായി. എന്‍ഡിഎയുടെ വിജയം എങ്ങനെ സാധിച്ചു എന്ന് വിലയിരുത്തിയ യോഗേന്ദ്ര യാദവ് മൂന്ന് കാര്യങ്ങള്‍ അക്കമിട്ടു നിരത്തി.

മഹാസഖ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍ഡിഎ വിശാലമായ രാഷ്ട്രീയ സഖ്യമാണ് എന്ന് യോഗേന്ദ്ര യാദവ് അഭിപ്രായപ്പെടുന്നു. ചിരാഗ് പാസ്വാന്റെ എല്‍ജെപി എന്‍ഡിഎയില്‍ തിരിച്ചെത്തിയത് സഖ്യത്തിന്റെ കരുത്തു വര്‍ധിപ്പിച്ചു. ഇവരെ പരാജയപ്പെടുത്തുക എന്നത് വളരെ പ്രയാസകരമായി മാറിയെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തി.
ബിഹാറിലെ സാമൂഹിക-ജാതി സമവാക്യങ്ങളുടെ ഏകീകരണമാണ് യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം. പ്രധാന സാമൂഹിക സംഘങ്ങളെല്ലാം ഇത്തവണ എന്‍ഡിഎക്കൊപ്പമായിരുന്നു. മഹാസഖ്യം പ്രധാനമായും യാദവ-മുസ്ലിം പിന്തുണയില്‍ ഒതുങ്ങിയപ്പോള്‍ മറുഭാഗത്ത് കാര്യങ്ങള്‍ മറിച്ചായിരുന്നു. സാമ്പത്തികമായി അതീവ പിന്നാക്കം നില്‍ക്കുന്ന 22 ശതമാനത്തെ കൂടെ നിര്‍ത്താന്‍ എന്‍ഡിഎക്ക് സാധിച്ചു.
വനിതാ വോട്ടര്‍മാരുടെ പിന്തുണ എന്‍ഡിഎക്ക് ലഭിച്ചു എന്നതാണ് മറ്റൊരു പ്രധാന ഘടകം. ജാതി-കുടുംബ പരിധിയില്‍ നിന്ന് പലപ്പോഴും വേറിട്ട് വോട്ട് ചെയ്യുന്നവരാണ് സ്ത്രീകള്‍. വനിതകള്‍ക്ക് 10000 രൂപ വീതം പ്രഖ്യാപിച്ച നിതീഷ് കുമാറിന്റെ അവസാന ഘട്ടത്തിലെ നീക്കവും എന്‍ഡിഎക്ക് ഗുണം ചെയ്തു. 10000 രൂപ എന്നത് ബിഹാറില്‍ അത്ര ചെറിയ സംഖ്യയല്ലെന്ന് യോഗേന്ദ്ര പറയുന്നു.
എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ചുമത്തേണ്ട
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ നിസാരമായി കാണാന്‍ സാധിക്കില്ലെന്ന് അഭിപ്രായപ്പെട്ട യോഗേന്ദ്ര യാദവ്, എന്‍ഡിഎയുടെ വിജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്നത് രാഷ്ട്രീയ മണ്ടത്തരമാകുമെന്നും പറഞ്ഞു. മുസ്ലിം-യാദവ വോട്ടുകള്‍ക്ക് അപ്പുറത്തുള്ള വോട്ടുകള്‍ കൂടി നേടാന്‍ സാധിക്കാത്തതിന് കാരണം എന്ത് എന്ന് മഹാസഖ്യം പരിശോധിക്കണം.
ജെഡിയുവിന്റെ മികച്ച പ്രകടനമാണ് എന്നാണ് എല്ലാ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റ് ബിജെപിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഒരുപക്ഷേ നിതീഷ് കുമാറിനെ തന്നെ ബിജെപി മുഖ്യമന്ത്രിയാക്കിയേക്കാം. എങ്കിലും ശക്തനായ ഉപമുഖ്യമന്ത്രിയെ ബിജെപി നിയോഗിക്കുമെന്നാണ് യോഗേന്ദ്ര യാദവ് പ്രതീക്ഷിക്കുന്നത്. ജെഡിയു നേതാക്കളെ പതിയെ ബിജെപി വിഴുങ്ങുമെന്നും അദ്ദേഹം കരുതുന്നു.












Click it and Unblock the Notifications