‘യുവ ബിഹാരി’: കരുത്തുകാട്ടി ചിരാഗ് പാസ്വാന്‍; 29 ചോദിച്ച് വാങ്ങി; 21 ലും മുന്നേറ്റം
ബിഹാർ നിയമസ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ എന്‍ ഡി എ ക്യാമ്പില്‍ സീറ്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്നത് ബി ജെ പിയും ജെ ഡി യുവും ആണെങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധേയമാകുന്നത് ചിരാഗ് പാസ്വാന്‍റെ പാർട്ടി നടത്തിയ മുന്നേറ്റമാണ്. സീറ്റ് വിതരണ ചർച്ചകളുടെ തുടക്കത്തില്‍ 30 ലേറെ സീറ്റുകള്‍ വേണമെന്ന കടുത്ത വാശിയിലായിരുന്നു ചിരാഗ് പാസ്വാന്‍. ഒടുവില്‍ വിലപേശലിന് ഒടുവില്‍ 29 സീറ്റില്‍ മത്സരിക്കാന്‍ സാധിച്ചു.
മത്സരിച്ച 29 ല്‍ 20 സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ് ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) [എൽജെപി(ആർവി)]. അതായത് 65 ശതമാനത്തിലേറെ സ്ട്രൈറ്റ് റേറ്റ്. കഴിഞ്ഞ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ച് സീറ്റുകളും പാർട്ടിക്ക് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച പാർട്ടിക്ക് അന്ന് വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്.

2020ൽ ജെഡിയു നേതാവ് നിതീഷ് കുമാറുമായുള്ള വ്യത്യാസങ്ങൾ കാരണം 130 ല്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച എല്‍ ജെ പിക്ക് ഒരു സീറ്റ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. സീറ്റ് നിലയില്‍ തിരിച്ചടി നേരിട്ടെങ്കിലും പല സീറ്റുകളിലും ജെ ഡി യുവിന്‍റെ തോല്‍വിക്കും പാസ്വാന്‍റെ പാർട്ടി പിടിച്ച വോട്ടുകള്‍ ഇടയാക്കി. ബിഹാർ രാഷ്ട്രീയത്തിലെ നിർണായക ശക്തിയായ കണക്കാക്കപ്പെട്ട പിതാവ് രാം വിലാസ് പസ്വാന്റെ പൈതൃകം മുന്നോട്ട് കൊണ്ടുപോകാൻ ചിരാഗിന് കരിസ്മയോ രാഷ്ട്രീയ മിടുക്കോ ഇല്ലെന്ന് അന്ന പല രാഷ്ട്രീയ നിരീക്ഷകരും എഴുതിയിരുന്നു.
2021ൽ അമ്മാവൻ പശുപതി കുമാർ പരാസ് രാം വിലാസ് പസ്വാന്റെ പൈതൃകത്തിന് അവകാശവാദം ഉന്നയിച്ചതോടെ പാർട്ടി പിളർന്നു. എന്നാല്‍ അവിടുന്ന് അങ്ങോട്ട് സ്വന്തം പാർട്ടിയെ ശക്തമായ കെട്ടിയുർത്തുന്ന ചിരാഗിനെയാണ് പിന്നീട് കണ്ടത്. 43 വയസ്സ് മാത്രം പ്രായമുള്ള ചിരാഗ് 'യുവ ബിഹാരി' എന്ന് സ്വയം വിശേഷിപ്പിച്ച് യുവ നേതാവായി സ്ഥാനം പിടിച്ചു. പാർട്ടിയുടെ ദലിത് അനുകൂല നിലപാടുകൾ ഉറച്ച് നിർത്താനായതാണ് അദ്ദേഹത്തിന് അനുഗ്രഹമായി മാറുന്നത്.
ചിരാഗും പാർട്ടിയും ചെലുത്തിയ കഠിനാധ്വാനം 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫലം കണ്ടു. മത്സരിച്ച അഞ്ച് സീറ്റുകളും നേടി, 100% സ്ട്രൈക്ക് റേറ്റ്. ഈ വിജയം ഉണ്ടായിട്ടും ബിഹാറിലെ 243 മണ്ഡലങ്ങളിൽ 20ൽ കൂടുതൽ എൽജെപി(ആർവി)യ്ക്ക് വിട്ടുകൊടുക്കാൻ എൻഡിഎയിലെ പ്രധാന പാർട്ടികളായ ബിജെപിയും ജെഡിയുവും തുടക്കത്തില്‍ തയ്യാറായിരുന്നില്ല. ചിരാഗ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുമായി ചർച്ചകൾ ആരംഭിച്ചതോടെ എൻ ഡി എ 29 സീറ്റുകള്‍ നല്‍കാന്‍ തയ്യാറായി.
ഒടുവില്‍ വിമർശകർക്ക് ശക്തമായ മറുപടി നൽകിക്കൊണ്ട് ചിരാഗ് പാർട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് നയിച്ചു. രാം വിലാസ് പസ്വാൻ നയിച്ച ഏകീകൃത എൽജെപി 20ൽ കൂടുതൽ സീറ്റുകൾ നേടിയത് അവസാനമായി 2005 ഫെബ്രുവരിയിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ചിരാഗ് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ആ ആവശ്യം അദ്ദേഹം വീണ്ടും ഉയർത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications