ബിഹാര്‍ റാങ്ക് തട്ടിപ്പ്; ഒന്നാംറാങ്കുകാരി അറസ്റ്റില്‍
പറ്റ്‌ന: ബിഹാറില്‍ ഏറെ വിവാദമായ പന്ത്രണ്ടാം ക്ലാസ് റാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആര്‍ട്‌സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിനിയൈ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡിന് കീഴില്‍ വീണ്ടും പരീക്ഷയ്‌ക്കെത്തിയപ്പോഴാണ് റുബി റായ് എന്ന വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തത്.
ബിഹാര്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ റാങ്കു നേടിയ 14 പേര്‍ക്കും നേരത്തെ വീണ്ടും ടെസ്റ്റ് നടത്തിയിരുന്നു. അന്നേദിവസം സുഖമില്ലെന്നുകാട്ടി റുബി റായ് ഒഴിവാകുകയായിരുന്നു. എന്നാല്‍, പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുണ്ടായതിനെ തുടര്‍ന്നാണ് ശനിയാഴ്ച വിദഗ്ധര്‍ അടങ്ങിയ പാനലിനു മുന്നില്‍ പരീക്ഷയ്‌ക്കെത്തിയത്.

പരീക്ഷ കഴിഞ്ഞയുടന്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസാകേണ്ട യോഗ്യതപോലും റുബി റായിക്കില്ലെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ഇത്തരത്തിലൊരാള്‍ക്ക് റാങ്ക് ലഭിച്ചത് കൈക്കൂലി നല്‍കിയതുകൊണ്ടാണെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
പൊളിറ്റിക്‌സ് എന്ന് ശരിയായ രീതിയില്‍ ഉച്ഛരിക്കാന്‍ പോലും റുബി റായിക്ക് അറിയില്ല. മാത്രമല്ല, പൊളിറ്റിക്കല്‍ സയന്‍സ് പാചകത്തെ കുറിക്കുന്നതാണെന്നായിരുന്നു ഇവര്‍ നേരത്തെ ഒരു ചാനലിനോട് പറഞ്ഞത്. ചാനല്‍ ഇന്റര്‍വ്യൂ പുറത്തുവന്നതോടെയായിരുന്നു റാങ്ക് തട്ടിപ്പുവിവരവും പുറത്തായത്. സംഭവത്തില്‍ ബിഹാര്‍ പരീക്ഷാ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ലാല്‍കേശ്വര്‍, ഇദ്ദേഹത്തിന്റെ ഭാര്യ ഉഷ സിന്‍ഹ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 20 ലക്ഷത്തോളം രൂപ വാങ്ങിയാണ് വിദ്യാര്‍ഥികള്‍ക്ക് റാങ്ക് നല്‍കിയതെന്നാണ് ലാല്‌കേശ്വറിന്റെ വെളിപ്പെടുത്തല്‍. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications