ബിഹാര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ മാറ്റി ബിജെപി
ബിഹാറിലെ ബങ്കിപൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് സ്ഥാപകന്‍ പ്രശാന്ത് കിഷോറിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ മാറ്റി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അഭിഷേക് കുമാര്‍ സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ കുടുംബപരമായ കാരണങ്ങളാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു. ഇതോടെയാണ് ബിജെപി പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന ബിഹാറിലെ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍, യുവജന വിഭാഗം നേതാവിനെ സ്ഥാനാര്‍ത്ഥിയായി ചൊവ്വാഴ്ച ബിജെപി പ്രഖ്യാപിച്ചിരുന്നു. ഈ സീറ്റിലേക്ക് പ്രശാന്ത് കിഷോര്‍ മത്സരിക്കുന്നതിനാല്‍ തന്നെ മണ്ഡലം ഏറെ ശ്രദ്ധേയമായിട്ടുണ്ട്. അദ്ദേഹത്തിനെതിരെ നീരജ് കുമാര്‍ സിന്‍ഹയെയാണ് ബിജെപി ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ആര്‍ജെഡിയില്‍ നിന്ന് രേഖാ കുമാരിയും ഈ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ജൂലൈ 30-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഓഗസ്റ്റ് 3-ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 13 ആണ്. വാര്‍ത്താസമ്മേളനം നടത്തിയാണ് അഭിഷേക് കുമാര്‍ സിന്‍ഹ താന്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നു എന്ന് പ്രഖ്യാപിച്ചത്.
'ബങ്കിപൂര്‍ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി എന്നെ നിശ്ചയിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളോട് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. എന്നാല്‍, കുടുംബപരമായ കാരണങ്ങളാല്‍ എനിക്ക് ഈ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല,' അഭിഷേക് കുമാര്‍ സിന്‍ഹ പറഞ്ഞു. തന്റെ തീരുമാനം സംസ്ഥാന ബിജെപി അധ്യക്ഷന്‍ സഞ്ജയ് സരാഗിയെ അറിയിച്ചതായി സിന്‍ഹ പറഞ്ഞു.
ഇതിന് പിന്നാലെ ബിജെപിയുടെ പുതിയ സ്ഥാനാര്‍ത്ഥിയായി 32-കാരന്‍ നീരജ് കുമാര്‍ സിന്‍ഹയെ പ്രഖ്യാപിക്കുകയായിരുന്നു. നീരജ് നേരത്തെ ബൂത്ത് പ്രസിഡന്റായും യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു. 2006 മുതല്‍ അദ്ദേഹം ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണെന്നും കുറിപ്പില്‍ പറയുന്നു.
അതേസമയം പ്രശാന്ത് കിഷോറിന് എതിരിടുന്നതില്‍ ഭയന്നാണ് അഭിഷേക് മത്സരത്തില്‍ നിന്ന് പിന്മാറിയത് എന്ന് ജന്‍ സുരാജ് പാര്‍ട്ടി പ്രതികരിച്ചു. ഞായറാഴ്ച ബങ്കിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ബിഹാറിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ചുള്ള ഒരു 'ജനഹിത പരിശോധന' എന്നാണ് അദ്ദേഹം മത്സരത്തെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി അഞ്ച് തവണ നബിനെ തിരഞ്ഞെടുത്ത സീറ്റ് പിടിച്ചെടുക്കാനാണ് ഇത്തവണ പ്രശാന്ത് കിഷോറിന്റെ ശ്രമം. വോട്ടര്‍മാര്‍ നബിനില്‍ ആവര്‍ത്തിച്ച് വിശ്വാസമര്‍പ്പിച്ചിട്ടും ഒരു സുപ്രഭാതത്തില്‍ അവരെ കൈവിട്ട് അദ്ദേഹം ഡല്‍ഹിയിലേക്ക് ചേക്കേറി എന്ന് പ്രശാന്ത് കിഷോര്‍ ആരോപിച്ചു.















Click it and Unblock the Notifications